മനുഷ്യരില്‍ എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്.ഐ.വിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതര്‍ലാന്‍ഡില്‍ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കഴിയും. വൈറസ് ശരീരത്തില്‍ എത്തിയ വ്യക്തിയില്‍ എയ്ഡ്സിന്റെ ലക്ഷണങ്ങള്‍ വേഗം രൂപപ്പെടുമെന്നും ഫെബ്രുവരി രണ്ടിന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ വകഭേദം ബാധിക്കുന്നവരുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 തവണ വരെ ഇരട്ടിയായിരിക്കുമെന്നും പഠനം വിശദമാക്കുന്നു.
'ബീഹൈവ്' എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. എച്ച്.ഐ.വിയുടെ ജനിതക ശാസ്ത്രവും രോഗ തീവ്രതയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതു ലക്ഷ്യമിട്ടായിരുന്നു പ്രോജക്റ്റ്. യുഗാണ്ടയിലെയും യൂറോപ്പിലെ എട്ടു രാജ്യങ്ങളിലെയും ആളുകളില്‍നിന്നുള്ള എച്ച്.ഐ.വി സീക്വന്‍സുകളുടെ ഡേറ്റാബേസുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
എച്ച്.ഐ.വി മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. വിബി വകഭേദത്തിന് രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പം വി.ബി വകഭേദം ബാധിക്കും. എന്നാല്‍ ഈ വകഭേദത്തേക്കുറിച്ചുള്ള ചികിത്സ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പ്രതിരോധ ശക്തി വീണ്ടെടുക്കാനുള്ള കഴിവ് മറ്റ് വകഭേദത്തിന് സമാനമാണെന്നും പഠനം വിശദമാക്കുന്നു. അതിനാല്‍ തന്നെ അതീവ ഭീതി പടര്‍ത്തുന്ന ഒന്നല്ല പുതുയതായി കണ്ടെത്തിയിട്ടുള്ള ഈ എച്ച്.ഐ.വി വകഭേദം.
പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. 1990 മുതല്‍ വകഭേദം പടരുന്നതായാണ് അനുമാനം. 2000 മുതല്‍ രോഗികള്‍ വര്‍ധിക്കുകയും 2008 മുതല്‍ കുറയുകയും ചെയ്തു. ഇത് ബാധിച്ചു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ അതു രോഗിയുടെ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകള്‍ പോലും പ്രതിരോധിക്കാന്‍ പിന്നീട് മനുഷ്യശരീരത്തിനു കഴിയില്ല. എയ്ഡ്‌സ് എന്ന രോഗാവസ്ഥയിലേക്ക് വളരെ വേഗം എത്തുമെന്നും പഠനത്തില്‍ പറയുന്നു.