Skip to main content
Idukki

munnar encroachment

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മൂന്നാറിലെ  അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണം, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ എതിര്‍ കക്ഷികളാക്കിയാണ് സിപിഐയുടെ ഹര്‍ജി.

 

മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും വനം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.


ഹര്‍ജി സ്വീകരിച്ച ചെന്നൈ ഹരിത ട്രൈബ്യൂണല്‍  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും  വനം, പരിസ്ഥിതി മന്ത്രാലയത്തിനും നോട്ടീസ് അയച്ചു.കേസ് ജനുവരി 12ന് പരിഗണിക്കും.മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അതിനിടെയാണ് സി.പി.ഐയുടെ ഈ പുതിയ നീക്കം.

 

ഹര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ രംഗത്തെത്തി. മൂന്നാര്‍ എന്താണെന്ന് അറിയാത്തവരാണ് ഹര്‍ജിക്ക് പിന്നിലെന്ന് രാജേന്ദ്രന്‍ പറഞ്ഞു.