ലീലാ മേനോന്‍ അന്തരിച്ചു

Glint Staff
Mon, 04-06-2018 01:47:16 PM ;
Kochi

 Leela-Menon

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ദിനപ്പത്രത്തിന്റെ എഡിറ്ററുമായ ലീലാ മേനോന്‍(86)അന്തരിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലായിരുന്നു അന്ത്യം. കുറേ കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

 

മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ വിമുഖത കാണിച്ചിരുന്ന കാലത്താണ് ധൈര്യസമേതം ലീലാ മേനോന്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1978 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82വരെ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് 1990വരെ കോട്ടയം ബ്യൂറോ ചീഫ്. 2000ല്‍  ജോലി രാജിവെച്ചു. തുടര്‍ന്ന് ഹിന്ദു, ഔട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി. അതിനു ശേഷം കേരളാ മിഡ് ഡേ ടൈംസില്‍. പിന്നീടാണ് ജന്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായത്.

 

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വെങ്ങോലയിലാണ് ലീലാ മേനോന്‍ ജനിച്ചത്. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവും തുമ്മാരുകുടി ജാനകിയമ്മയുമാണ് മാതാപിതാക്കള്‍. പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോനാണ് ഭര്‍ത്താവ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്പ് തപാല്‍ വകുപ്പില്‍ ജോലി നോക്കിയിട്ടുണ്ട്.

 

നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥയും ഹൃദയപൂര്‍വം എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

 

Tags: