Skip to main content

 

രണ്ട് മരണത്തില്‍ കൂടി ജോളിക്ക് പങ്കുണ്ടെന്ന് അരോപണം. കൂടത്തായി പൊന്നാമറ്റം കുടുംബത്തില്‍ ദുരൂഹമായി രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായതായിട്ടാണ് വെളിപ്പെടുത്തല്‍. മരിച്ച  ടോം തോമസിന്റെ സഹോദരന്റെ മക്കളായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് സംശയം. 

 

വിന്‍സന്റിനും സുനീഷിനും ജോളിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നോയെന്നത് സംശയിക്കുന്നതായും സുനീഷിന്റെ അമ്മ എല്‍സമ്മ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എല്‍സമ്മ ആവശ്യപ്പെട്ടു.

 

2002 ഓഗസ്റ്റ് 24നാണ് വിന്‍സെന്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നാമറ്റത്തെ അന്നമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസമാണ് വിന്‍സന്റ് മരിച്ചത്. അന്നമ്മ മരിച്ച ദിവസം സുനീഷും ഉണ്ണിയുമായി സംസാരം നടന്നിരുന്നെന്നും താന്‍ ഉണ്ണിയുടെ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ അവന്‍ മരിക്കില്ലായിരുന്നെന്ന് സുനീഷ് പറഞ്ഞതായും സുനീഷിന്റെ അമ്മ എല്‍സമ്മ വെളിപ്പെടുത്തി.

 

2008 ജനുവരി 17 ന് ടോം തോമസിന്റെ രണ്ടാമത്തെ സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് ബൈക്ക് അപകടത്തില്‍ മരിക്കുന്നത്. സുനീഷ് മരിച്ച ശേഷം സ്ഥലം വിറ്റ് നിരവധിപേര്‍ക്ക് പണം നല്‍കേണ്ടി വന്നിട്ടുണ്ട്. സുനീഷ് ആരുടെ പക്കല്‍ നിന്നെങ്കിലും കടം വാങ്ങിയിട്ടുണ്ടോയെന്ന് കൃത്യമായി അറിയില്ല.