Skip to main content

പിരിവു നല്‍കാത്തതിന് യുവാവിനെ ക്രൂരമായി ആക്രമിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോലീസ് പിടിയില്‍. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്. പുതുവല്‍സരാഘോഷത്തിന്  പിരിവ് നല്‍കാത്തതിന് ചക്ക വ്യാപാരിയായ ശെന്തില്‍ റോയിക്കാണ് മര്‍ദനമേറ്റത്.

റോഡരികില്‍ നടന്ന ആഘോഷത്തിനിടെ ശെന്തിലിനോട് പ്രദീപ് പണം ആവശ്യപ്പെട്ടു. നല്‍കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് തര്‍ക്കം ഉണ്ടായി. ശെന്തില്‍ റോയിയെ പ്രദീപും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഓട്ടോറിക്ഷ ദേഹത്ത് കയറ്റിയിറക്കിയതായും ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശെന്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് പ്രദീപ് വീട്ടിലെത്തി ശെന്തിലിന്റെ ബന്ധുക്കളോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. എന്നാല്‍ ബന്ധുക്കള്‍ പരാതിയില്‍ ഉറച്ചുനിന്നു. ഇതോടെയാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്. 

ശെന്തിലിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ 6 പേര്‍ ഒളിവിലാണ്.