എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട നേതാവ് കെ.കെ. മഹേശന്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയതായി എസ്.എന്‍ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പത്ത് കോടി രൂപയ്ക്ക് മേല്‍ വരുമിത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതേപ്പറ്റി മഹേശനോട് സംസാരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ കുരുങ്ങുമെന്ന ഭയമാണ് അദ്ദേഹത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.- തുഷാര്‍ ലൈഫ്ഗ്ലിന്റിനോട് പറഞ്ഞു.
ഒരു മാസം മുമ്പ് വെള്ളാപ്പള്ളി നടേശന് 32 പേജ് കത്ത് നല്‍കിയത് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം നടത്തിയ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് അനുമാനം. ആദ്യം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ദിവസം തന്നെ അയാള്‍ തന്റെ അമ്മയ്ക്ക് ഫോണില്‍ ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം അയച്ചിരുന്നു. '' ഞങ്ങളുടെ വീടിനു മുമ്പില്‍ മഹേശനും ഭാര്യയും കൂടി വന്ന് തീ കൊളുത്തി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു സന്ദേശത്തില്‍. കേസില്‍ നിന്ന് അയാളെ രക്ഷിക്കണമെന്നായിരുന്നു ആവശ്യം.''-തുഷാര്‍ വെളിപ്പെടുത്തി.
ചെങ്ങന്നൂരിലോ മാവേലിക്കരയിലോ ഉണ്ടായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ മഹേശനു പങ്കില്ല. മൈക്രോഫിനാന്‍സ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. അത് നടപടിക്രമത്തിന്റെ പേരില്‍ മാത്രമാണ്. പക്ഷേ, കണിച്ചുകുളങ്ങരയിലും ചേര്‍ത്തലയിലും മഹേശന്‍ സാമ്പത്തിക തിരിമറി നടത്തിയത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അവിടുത്തെ രേഖകളും മഹേശന്റെയും മക്കളടക്കം കുടംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും അടുത്ത തവണ ഹാജരാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മഹേശനെ പരിഭ്രാന്തനാക്കിയിരിക്കാം.
ചേര്‍ത്തല യൂണിയനില്‍ മഹേശന്‍ അഡിമിനിസ്‌ട്രേറ്ററായിരുന്ന സമയത്ത് ബാങ്കില്‍ നിന്ന് മൈക്രോഫിനാന്‍സ് പദ്ധതിയിലേക്ക് വന്‍ തുക ബാങ്കില്‍ നിന്ന് എടുത്ത് അതില്‍ പകുതി തുക മറ്റൊരു യൂണിയന്‍ നിക്ഷേപമാക്കിയിട്ട് തിരിമറി നടത്തി. അത് വ്യാജമായി മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ ഉണ്ടാക്കിയാണ് ചെയ്തത്. പിന്നീട് അവിടെ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ഇതു കണ്ടുപിടിച്ചു. തുക അടയ്ക്കാന്‍ മഹേശനോട് ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുത്തെ സെക്രട്ടറിയെ വ്യക്തിഹത്യ ചെയ്യുന്ന കത്ത് നല്‍കുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച് സെക്രട്ടറി ചേര്‍ത്തല പോലീസിന് പരാതിയും നല്‍കിയിരുന്നു. കണിച്ചുകുളങ്ങര യൂണിയനിലും സമാനമായക്രമക്കേട് നടന്നു. അതും പുറത്തു വന്നു.
ഇതേ സമയത്ത് തന്നെ പൂച്ചാക്കല്‍ എസ്.എന്‍.ഡി.പി ശാഖാ യോഗം വക സ്‌കൂളില്‍ 12 നിയമനം നടത്തി പണം അത്രയും മഹേശന്‍ എടുത്തു. റിസീവര്‍ ഭരണത്തിലായിരുന്ന ഈ ശാഖയിലെ സ്‌കൂളിന്റെ മാനേജര്‍ ഈ സമയം മഹേശനായിരുന്നു. മാനേജറുടെ അധികാരം ഉപയോഗിച്ചാണ് അവിടെ ക്രമക്കേട് നടത്തിയത്. ഇത് സംബന്ധിച്ചെല്ലാം ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ രണ്ടാം വട്ടം ചോദ്യം ചെയ്തപ്പോള്‍ അവര്‍ മഹേശനോട് തിരക്കിയിരുന്നു.
അതിനുശേഷം മഹേശന്‍ തന്നെ ബന്ധപ്പെട്ടു. എല്ലാം ശരിയാക്കാമെന്ന് താന്‍ അയാളോട് പറഞ്ഞിരുന്നു. പണം എങ്ങനെയെങ്കിലും തിരിച്ചടയ്ക്ക്. പുറത്തറിയതെ നമുക്ക് പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും ആത്മഹത്യ ചെയ്യുകയായിരുന്നു.ഇതില്‍ മറ്റാര്‍ക്കും ബന്ധമില്ല- തുഷാര്‍ പറഞ്ഞു.