മഹേശന്റെ ആത്മഹത്യ : സുധീരന്‍ നാളെ എത്തുന്നു

എസ്.ഡി വേണുകുമാര്‍
Sun, 05-07-2020 05:31:08 PM ;

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വി.എം. സുധീരന്‍ നാളെ പോര്‍മുഖം തുറക്കും. തിങ്കളാഴ്ച കാലത്ത് 11.30 ന് അദ്ദേഹം മഹേശന്റെ വീട് സന്ദര്‍ശിക്കും. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മഹേശന്‍ കത്തിലും ആത്മഹത്യ കുറിപ്പിലും നടത്തിയ പരാമര്‍ശങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കുമെന്നാണറിവ്.

മുഖ്യമന്ത്രി ക്കുള്ള കത്തില്‍ വെള്ളാപ്പള്ളിക്കും നിയമം ബാധകമാക്കണമെന്ന ആവശ്യമാണ് സുധീരന്‍ മുമ്പോട്ട് വച്ചത്. ഇതിലൂടെ പിണറായി സര്‍ക്കാരിനും വെള്ളാപ്പള്ളിക്കുമെതിരായ ദ്വിമുഖ സമരതന്ത്രമാണ് ലക്ഷ്യം. വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ചൂട്ട് പിടിക്കുന്നുവെന്ന് സമര്‍ത്ഥിക്കാനായിരിക്കും ശ്രമം.

മഹേശന്‍ സ്‌ക്കൂള്‍ നിയമനം നടത്തി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം വെള്ളാപ്പള്ളിയെ അടിക്കാനുള്ള വടിയായി സുധീരന്‍ ഉപയോഗിച്ചു കൂടായ്കയില്ല. ഒരു സ്‌കൂള്‍ നിയമനത്തില്‍ മഹേശന്‍ കോടികളുടെ ക്രമക്കേട് നടത്തിയെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ , നൂറിലേറെ സ്‌ക്കൂളുകളും കോളേജുകളുമുള്ള എസ്.എന്‍. ട്രസ്റ്റിലെ നിയമനങ്ങളുടെ പണമെവിടെ എന്ന ചോദ്യമുയര്‍ത്തും. 

മഹേശന്റെ മരണത്തില്‍ കേരളമാകെ മഹാമനത്തില്‍ മുഴുകി നില്‍ക്കെ , ഒറ്റക്ക് ശബ്ദമുയര്‍ത്താനെത്തുന്നു എന്നതിലാണ് സുധീരന്റെ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്.

Tags: