അനധികൃത ഡോളര്‍ കടത്ത്; സ്വപ്‌ന സുരേഷ് ഒന്നാം പ്രതി, ശിവശങ്കറിന് പങ്കെന്ന് സൂചന

Glint desk
Sat, 17-10-2020 11:17:46 AM ;

അനധികൃത ഡോളര്‍ കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അനധികൃത ഡോളര്‍ കടത്തിയതില്‍ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. കറന്‍സി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ്, സരിത്ത്, എം. ശിവശങ്കര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നും വന്‍ സമ്മര്‍ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചു.

Tags: