കേരളത്തെ കവിതയായി കണ്ട അമ്മ

Glint desk
Wed, 23-12-2020 06:04:39 PM ;

കേരളത്തിന്റെ മനസ്സാക്ഷി പൊതുവെ ഇന്ന് ഒരു മരവിപ്പനുഭവിക്കുന്നുണ്ട്. ആ മരവിപ്പിലാണ് കേരളത്തിലെ പ്രകൃതിയും സംസ്‌കാരവും മനുഷത്തവും എല്ലാം മരവിച്ച പോലെ നില്‍ക്കുന്നത്. ഈ മരവിപ്പ് യാദൃശ്ചികമല്ല. നമ്മെ നയിക്കുന്നവര്‍ വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥര്‍ മതങ്ങളും അവരുടെ നേതാക്കളും മാധ്യമങ്ങള്‍ ഇതൊക്കെ ചേര്‍ന്നുള്ള ഒരു സാമൂഹിക പരിസ്ഥിതിയാണ് ഈ മരവിപ്പിന്റെ നിര്‍വികാരത സൃഷ്ടിച്ചത്. ഈ മരവിപ്പിലാണ് കേരളത്തിന്റെ പ്രകൃതിയും അശരണരും നിരാലംബരും തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നത്. ആ പ്രകൃതിയെയും നിരാലംബരെയും ഒരമ്മയെപ്പോലെ താങ്ങിയ കൈകളും വാക്കുകളുമായിരുന്നു സുഗതകുമാരിയുടേത്. 

ഈ മരവിപ്പ് സൃഷ്ടിച്ച അതേ ശക്തികളാണ് 28 വര്‍ഷവും 9 മാസവും അഭയയെ കൊലചെയ്തിട്ടും അത് മൂടി വച്ചതില്‍ വിജയിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ മരവിപ്പിനിടയില്‍ നിന്നും സുഗതകുമാരിയുടെ കവിതയുടെ ശക്തിപോലെയാണ് അടയ്ക്ക രാജു എന്നൊരു മോഷ്ടാവിലൂടെ അഭയയുടെ കൊലപാതകം കണ്ടെത്തിയത്. സുഗതകുമാരി ഈ ലോകത്തോട് വിടപറഞ്ഞ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ അഭയയുടെ കൊലപാതകികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവിതകാലം മുഴുവന്‍ ജീവപര്യന്തം ശിക്ഷവിധിച്ചുകൊണ്ട് കോടതി വിധിയുണ്ടായത്. ഒരു മോഷ്ടാവായിരുന്ന വ്യക്തിയിലൂടെ കേരളത്തിന്റെ മനസ്സാക്ഷി കെട്ടുപോയില്ലെന്ന് തെളിഞ്ഞ മുഹൂര്‍ത്തം സുഗതകുമാരിക്ക് കാണാനായില്ല. 

കേരളത്തിന്റെ അണയാത്ത മനസ്സാക്ഷിയുടെ പ്രതിരൂപമായി സുഗതകുമാരി നില്‍ക്കുമ്പോള്‍ അഭയ കേസിലെ പ്രതികളുടെ വിധി ഒന്നുറക്കെ പ്രഖ്യാപിക്കുന്നു കേരളത്തിന്റെ മനസാക്ഷി പൂര്‍ണമായും മരവിച്ചിട്ടില്ല മരിച്ചിട്ടില്ല. കേരളത്തിന്റെ മനസാക്ഷി മരിച്ചിട്ടില്ലെന്നും മരിക്കാന്‍ അനുവദിക്കരുതെന്നും സുഗതകുമാരിയുടെ ശബ്ദം പോലെ അഭയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധി ചരിത്രത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും.

Tags: