Skip to main content

ശബരിമല വിഷയം വിടാതെ കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം കോണ്‍ഗ്രസ് വീണ്ടും സജീവമാക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നിലപാടാണെന്നും അതിനാലാണ് ഇക്കാര്യത്തെ കുറിച്ച് അവര്‍ സംസാരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. 

ശബരിമല റിവ്യൂ ഹര്‍ജി വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോ എന്ന് മുഖ്യമന്ത്രി ഉത്തരം നല്‍കണമെന്നും പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രം തയ്യാറാണോ എന്നും ചെന്നിത്തല ചോദിക്കുന്നു.