Skip to main content

ഒ.എന്‍.വി സാഹിത്യപുരസ്‌കാരം കവി വൈരമുത്തുവിന് നല്‍കിയത് പുന:പരിശോധിക്കാന്‍ തീരുമാനം. പുരസ്‌കാര നിര്‍ണയ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുന:പരിശോധന. വൈരമുത്തുവിന് പുരസ്‌കാരം നല്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പുരസ്‌കാരം നല്‍കിയതിനെതിരെ നിരവധി സാംസ്‌കാരിക, സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 

കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടിരുന്നു. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരത്തിനായി വൈരമുത്തുവിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച ഡബ്ല്യു.സി.സി തീരുമാനത്തെ അപലപിക്കുകയും ചെയ്തു.

നടി പാര്‍വ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആര്‍ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേര്‍ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഒഎന്‍വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.