Skip to main content

കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന നിര്‍ദേശവുമായി ഡി.വൈ.എഫ്.ഐ ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിര്‍ദേശിച്ചു. അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷന്‍ സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്  ഇന്ന് ചര്‍ച്ച ചെയ്യും. ഇവരുമായി ബന്ധം സ്ഥാപിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയാണ് അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷന്‍ ഇടപാടുകള്‍. പ്രത്യക്ഷത്തില്‍ ആരും പരാതിപ്പെടാത്തതുകൊണ്ട് ഇതിങ്ങനെ പോകുകയായിരുന്നു. ഡി.വൈ.എഫ്.ഐ മുന്നിട്ടിറങ്ങി ഇവര്‍ക്കെതിരെ ജാഥയൊക്കെ നടത്തിയിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പ്രതിഷേധം. രാമനാട്ടുകര അപകടത്തിന് പിന്നാലെ, ആ സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് പുറത്തു വന്നതിന് പിന്നാലെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഇവരെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നത്. അപ്പോഴേക്കും സി.പി.എം പ്രാദേശിക തലത്തില്‍ വലിയ സ്വീകാര്യതയുള്ളവരായി ഇവര്‍ മാറിയിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിത ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള, സൈബര്‍ ആര്‍മികളിലെ താരപരിവേഷമുള്ള ആളുകളായി രണ്ടുപേരും മാറി. 

ഇതിനിടെയാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ ജില്ലാ ഘടകം രംഗത്തെത്തിയത്. ഇവര്‍ കള്ളക്കടത്തുകാരാണെന്നും പാര്‍ട്ടി അണികള്‍ ഇവരില്‍ നിന്ന് മാറി നില്‍ക്കണമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ് ഇന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്.