കുറ്റ്യാടിയില്‍ കൂട്ടനടപടി; 32 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ സി.പി.എം അച്ചടക്കനടപടി

Glint desk
Thu, 29-07-2021 10:56:16 AM ;

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ പിന്തുണച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സി.പി.എം നടപടി. വളയം, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റികളിലെ 32 അംഗങ്ങള്‍ക്കെതിരെയാണ് അച്ചടക്ക നടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ.പി ബാബുരാജ്, ഷിജില്‍, എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.പി വല്‍സന്‍, സി.കെ സതീശന്‍, കെ.വി ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എം.എല്‍.എ കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെയാണ് കൂട്ടനടപടി.

ഇടതുമുന്നണി കേരളാ കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് നല്‍കിയതിന് എതിരെയും ഈ സീറ്റില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധവുമായി അണികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ പാര്‍ട്ടിയും മുന്നണിയും പ്രതിരോധത്തിലായി. പ്രതിഷേധത്തിന് വഴങ്ങി കുഞ്ഞഹമ്മദ് കുട്ടിയെ മല്‍സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാവുകയായിരുന്നു. നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും, ചെങ്കൊടിയുടെ മാനം കാക്കാന്‍ തുടങ്ങിയ ബാനറുകളുമായി നടന്ന പ്രതിഷേധത്തില്‍ നേതാക്കള്‍ക്കെതിരെയും പ്രതിഷേധമുണ്ടായിരുന്നു.

Tags: