ഗുരുവായൂരില്‍ ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണര്‍ മതി; ദേവസ്വം നിലപാടില്‍ വിവാദം

Glint Desk
Fri, 28-01-2022 11:27:40 AM ;

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉല്‍സവത്തോട് അനുബന്ധിച്ചുള്ള കരാര്‍ ക്ഷണിച്ചുള്ള അറിയിപ്പില്‍ വിവാദം. ക്ഷേത്രത്തില്‍ പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണര്‍ ആയിരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ജനുവരി 17ന് പുറത്തിറക്കിയ ക്വട്ടേഷന്‍ നോട്ടീസിലുള്ളത്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയതാണ് ക്വട്ടേഷന്‍ നോട്ടീസ്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2022ലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയ്യതിയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

ദളിത് ദേവസ്വം മന്ത്രിയെ അവതരിപ്പിച്ചെന്ന് അവകാശവാദമുന്നയിക്കുന്ന സി.പി.എം ഇതൊന്നും കാണുന്നില്ലേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യം. ദേഹണ്ഡക്കാരെ നിശ്ചയിക്കുന്നത് തന്ത്രിയാണെന്നും ദേവസ്വം ബോര്‍ഡിനോ കമ്മിറ്റിക്കോ ഇതില്‍ ബന്ധമില്ലെന്നുമാണ് മറ്റൊരു വിശദീകരണം.

പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധന സാമിഗ്രികള്‍ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണ പന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിലാണ് ഏഴാമത്തെ നിബന്ധനയായി ''പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണം,'' എന്നുള്‍പ്പെടുത്തിയത്.

Tags: