കൊച്ചിയിലെ കൊതുകില്‍ നിന്ന് ഞങ്ങളെ രക്ഷിക്കൂ, മേയറോട് വിനയ് ഫോര്‍ട്ട്

Glint Desk
Fri, 28-01-2022 12:00:15 PM ;

കൊച്ചി നഗരവാസികള്‍ നേരിടുന്ന കൊതുകു ശല്യത്തില്‍ ശബ്ദം ഉയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഇനിയും അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത ഗുരുതര പ്രശ്നമാണ് കൊതുക് ശല്യമെന്നും ജനങ്ങളെ ഇതില്‍ നിന്ന് രക്ഷിക്കണമെന്നും വിനയ് ഫോര്‍ട്ട്. ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍, അധികാരികള്‍ കണ്ണ് തുറക്കുക എന്ന പോസ്റ്ററും വിനയ് ഫോര്‍ട്ട് പങ്കുവച്ചിട്ടുണ്ട്. കൊച്ചി മേയര്‍ എം.അനില്‍കുമാറിനെ ടാഗ് ചെയതാണ് വിനയ് ഫോര്‍ട്ടിന്റെ പ്രതിഷേധം. 

കൊതുകു നശീകരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരാജയമാണെന്ന് കാട്ടി പ്രതിപക്ഷാംഗങ്ങള്‍ കൊതുകു ബാറ്റുമായി പ്രതിഷേധ തിരുവാതിര നടത്തിയത് കഴിഞ്ഞ ദിവസമാണ്. കൊച്ചി നഗരത്തില്‍ കൊതുക് ശല്യം മൂലം പുറത്തിറങ്ങാനാകുന്നില്ലെന്നും കോര്‍പ്പറേഷന്‍ കൊതുകു നശീകരണത്തില്‍ സമ്പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷം. വേലിയേറ്റം മൂലം മലിനജലം കയറിയത് മൂലമാണ് കൊതുക് വര്‍ധിച്ചതെന്നാണ് കോര്‍പ്പറേഷന്‍ വിലയിരുത്തല്‍. കൊതുകുനശീകരണത്തിന് സമഗ്ര കര്‍മ്മപദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍ വാദം. 2021ല്‍ കൂടുതല്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: