ലൈംഗിക, ഗാര്‍ഹിക പീഡനവും ഇനി അച്ചടക്ക ലംഘനം, പാര്‍ട്ടി ഭരണഘടന മാറ്റാന്‍ സി.പി.എം

Glint Desk
Sun, 13-02-2022 12:02:39 PM ;

ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്താന്‍ സി.പി.എം തീരുമാനം. പാര്‍ട്ടിയുടെ ഭരണഘടന ഇതിനായി പ്രത്യേകം ഭേദഗതി ചെയ്യാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എന്തെല്ലാമാണ് പാര്‍ട്ടിയില്‍ അച്ചടക്ക ലംഘനമായി കണക്കാക്കുക എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന പാര്‍ട്ടി ഭരണഘടനയുടെ ഭാഗത്ത് ഇത് കൂടി എഴുതിച്ചേര്‍ക്കാനാണ് സി.പി.എം തീരുമാനം. 

മുന്‍ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശം കണക്കിലെടുത്താണ് സി.പി.എമ്മിന്റെ ഈ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു. ഇനി ഒരു പാര്‍ട്ടി അംഗം ലൈംഗിക, ഗാര്‍ഹിക പീഡനം നടത്തിയാല്‍, അത് ഗുരുതരമായ അച്ചടക്ക ലംഘനമായിത്തന്നെ കണക്കാക്കപ്പെടും. 

ഇത്തവണ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്താം തീയതി വരെ കണ്ണൂരിലാണ് നടക്കുന്നത്. ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട ഭരണഘടനാ ഭേദഗതികളെക്കുറിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുക. പാര്‍ട്ടിയില്‍ അച്ചടക്കലംഘനം നടന്നതായി കണക്കാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഭാഗത്ത് എന്തെല്ലാം കാര്യങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കണമെന്നതാണ് ഒരു നിര്‍ദേശം. 

രണ്ടാമത്തേത് കേന്ദ്ര, സംസ്ഥാനകമ്മിറ്റികളില്‍ പ്രായപരിധി നിശ്ചയിക്കുന്നത് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്നതാണ്. കേന്ദ്ര, സംസ്ഥാനകമ്മിറ്റികളില്‍ എഴുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവര്‍ മതിയെന്ന പ്രായപരിധി നേരത്തേ തന്നെ സിസി നിശ്ചയിച്ചിരുന്നു. എന്നാലിതില്‍ ചില ഇളവുകള്‍ നല്‍കാമെന്നും സിസി വ്യക്തമാക്കിയിരുന്നതാണ്. എന്നാലിത് പാര്‍ട്ടി ഭരണഘടനയില്‍ വ്യക്തമായി എഴുതിച്ചേര്‍ക്കാതെ, കേന്ദ്രകമ്മിറ്റിക്ക് എങ്ങനെ തീരുമാനിക്കാനാകും എന്നതാണ് ആശങ്ക. അതിനാലാണ് കൃത്യമായ പ്രായപരിധി നിശ്ചയിക്കാന്‍ തീരുമാനിക്കുന്നത്. 

സിപിഎമ്മിന്റെ വിവിധഘടകങ്ങളില്‍ വനിതാ പ്രാതിനിധ്യം പടിപടിയായി ഉയര്‍ത്താന്‍ വേണ്ട നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്. അതിനായി പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളില്‍ എത്ര വേണം വനിതാപ്രാതിനിധ്യം എന്ന കാര്യം തീരുമാനിക്കാനും ധാരണയായി. നിലവില്‍ 15 ശതമാനം വരെ ഓരോ ഘടകങ്ങളിലും സ്ത്രീകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. കേന്ദ്രകമ്മിറ്റിയില്‍ ഇതെത്ര വേണം എന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പടിപടിയായി വനിതാപ്രാതിനിധ്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് തീരുമാനം. കീഴ്ഘടകങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഉയര്‍ന്ന് കേന്ദ്രകമ്മിറ്റി വരെ എത്തട്ടെയെന്നാണ് നേതാക്കള്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.

Tags: