കവിയൂര്‍ പി. എന്‍. എന്‍. ചാക്യാര്‍: കൂത്തും ജീവിതവും

ബി. സതീഷ്‌ കുമാര്‍
Thu, 22-08-2013 10:45:00 AM ;

kaviyoor pnn chakyar

കൂത്തുപോലെ അധ്യാപനം. അമ്പലപ്പുഴ പാല്‍പ്പായസം കുടിക്കുന്ന സദസ്യരായി വിദ്യാര്‍ഥികള്‍. ഇവിടെ വ്യാകരണം കീറാമുട്ടിയല്ല. വൃത്തവും അലങ്കാരങ്ങളും ഭാഷാപഠനത്തിന്റെ സുകുമാരപുഷ്പങ്ങളായി മെല്ലെ വിടരുന്നു. തന്റെ മുന്‍പിലിരിക്കുന്ന വിദ്യാര്‍ഥികളെ ആസ്വാദക സദസ്സായി കാണുന്ന ഒരധ്യാപകന്‍. അതാണ് പി. എന്‍ നാരായണ ചാക്യാര്‍ എന്ന കവിയൂര്‍ പി. എന്‍. എന്‍. ചാക്യാര്‍. മാങ്ങാനം പൊതിയില്‍ ചാക്യാര്‍ കുടുംബത്തിലെ മൂത്തയാള്‍. ഇപ്പോള്‍ പൊതിയില്‍ ഗുരുകുലത്തിന്റെ ഗുരുജി. കേരളത്തിലെ ഒട്ടുമിക്ക മഹാക്ഷേത്രങ്ങളിലും ചാക്യാര്‍കൂത്ത് അവതരിപ്പിച്ച് സദസ്യരെ ചിന്തയിലേക്കും ചിരിയിലേക്കും നയിച്ച കലാകാരന്‍. വാര്‍ദ്ധക്യ ദശയിലും കൂത്തിന്റെ പാഠങ്ങള്‍ ഏതുസമയത്തും പഠിതാവിന്റെ മുന്‍പില്‍ വിവരിക്കുന്നതിനു മടിയില്ലാത്ത വിശാലമനസ്കന്‍.

 

കവിയൂര്‍ എന്‍. എസ്. എസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ചാക്യാര്‍ സാറിനെ ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ല. അവര്‍ വൃത്തവും അലങ്കാരങ്ങളും വ്യാകരണവും അനായാസമായി പഠിച്ചത് ചാക്യാര്‍ സാറിലൂടെയായിരുന്നു. അക്ഷരങ്ങളുടെ ഉറവിടം മുതല്‍ അലങ്കാരങ്ങളുടെ അര്‍ഥാശയസാഗരം വരെ.  കൂടാതെ അക്ഷരത്തിന്റെ ഉദ്ഭവവും തദ്ഭാവവും ലളിതമായി പറഞ്ഞുമനസ്സിലാക്കുന്നു. വാക്കുകള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ അക്ഷരത്തിനുണ്ടാകുന്ന വ്യതിയാനങ്ങളെ വളരെ സരസമായി പറയുന്നു. സാറിന്റെ ക്ലാസ്സില്‍ ഇരിക്കുന്ന ആരും തന്നെ പീരീഡവസാനിക്കുന്ന മണിമുഴക്കം കേള്‍ക്കാറില്ല. 

 

ചാക്യാര്‍കൂത്തിനെക്കുറിച്ചു പറഞ്ഞുതുടങ്ങിയാല്‍ കൂത്തിന്റെ ഉദ്ഭവകാലം മുതല്‍ സാറിന്റെ വിശദീകരണം തുടങ്ങുന്നു. കൂത്തിന് കാലക്രമേണയുണ്ടാവുന്ന സ്വാഭാവികമാറ്റങ്ങളും കാലാനുസൃതമായി വരുത്തിയ പരിഷ്കാരങ്ങളും  വിശദമായി പറയുന്നു. ഇപ്പോള്‍ കൂത്തിന് ഉപയോഗിക്കുന്ന കിരീടം കഥകളിയില്‍ നിന്നു കടമെടുത്തതാണെന്ന് സാര്‍ വിവരിക്കും. പണ്ട് വട്ടിക്കൊട്ട (കയ്യാലക്കൊട്ട) കൊണ്ട് ഉണ്ടാക്കിയെടുത്ത ചട്ടക്കൂട്ടില്‍ ചെത്തിപ്പൂവും പഞ്ഞിയും കേശഭാരമായി ചേര്‍ത്തായിരുന്നു കിരീടനിര്‍മ്മിതി. ഇത്തരത്തിലുണ്ടാക്കിയ കിരീടമണിഞ്ഞ് കൂടിയാട്ടത്തിനരങ്ങിലെത്തിയത് സാറിന്റെ ഓര്‍മ്മയില്‍ സജീവം.

 

പൊതിയില്‍ ശ്രീരാമക്ഷേത്രത്തില്‍ പതിനാലാം വയസ്സില്‍ കൂത്ത് അരങ്ങേറ്റം നടത്തിയ ചാക്യാര്‍ സാറിന്റെ ആദ്യ ഗുരുക്കന്മാര്‍ പരമേശ്വരചാക്യാര്‍, മാധവചാക്യാര്‍, നീലകണ്ഠചാക്യാര്‍ എന്നിവരായിരുന്നു. മാണിമാധവ ചാക്യാരില്‍ നിന്നും കണ്ണു സാധകവും കൈക്കുഴസാധകവും അഭ്യസിച്ചു. ഒട്ടുമിക്ക മഹാക്ഷേത്രങ്ങളിലും ഉത്സവാദി അടിയന്തരങ്ങള്‍ക്കെല്ലാം കൂത്തു നടത്തിയിട്ടുണ്ട്. അന്നത്തെ കൂത്തിന്റെ പ്രതിഫലം നെല്ലായി കുടുംബത്തിലേക്കു ലഭിക്കും. ചാക്യാര്‍ക്ക് കൂത്തിനു മറ്റു ദക്ഷിണയൊന്നുമില്ല. നൂറ്റന്‍പതേക്കര്‍ ഭൂമി കുടുംബത്തിനുണ്ടായിരുന്നെങ്കിലും ജന്മി-കുടിയാന്‍ നിയമപ്രകാരം അതെല്ലാം അന്യാധീനപ്പെട്ടു. മനഃസമാധാനം മാത്രമാണ് കുത്തു നടത്തുന്നതിന്റെ മിച്ചം.

 

ജീവിക്കാന്‍ വകയില്ലതെ വന്നപ്പോളാണ് നാലാംക്ലാസ്സുവരെമാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ച പി. എന്‍. എന് ചാക്യാര്‍ നേരിട്ട് എസ്. എസ്. എല്‍. സി പരീക്ഷയെഴുതി പാസ്സായത്. തുടര്‍ന്ന വെട്ടം മാണിയുടെ വിദ്വാന്‍ സ്കൂളില്‍ ചേര്‍ന്ന് വിദ്വാന്‍ പരീക്ഷ പാസ്സായി. എറണാകുളം മുസ്ലീം സ്കൂളില്‍ ഏഴുവര്‍ഷം അധ്യാപകനായിരുന്നു. പിന്നീട് എന്‍. എസ്. എസ്. മാനേജ്മെന്റില്‍ ചേര്‍ന്ന് പെരുന്ന, ശാസ്തമംഗലം, കവിയൂര്‍ എന്‍. എസ്. എസ്. സ്കൂളുകളില്‍ ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചു.

 

കര്‍ക്കിടകമാസത്തിലെ തിരുവോണനാളില്‍ കൊടിയേറി ചിങ്ങമാസത്തിലെ തിരുവോണത്തിനവസാനിക്കുന്ന വെള്ളൂര്‍ വാമനമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന 28 ദിവസത്തെ കൂത്താണ് ഏറ്റവും അവിസ്മരണീയമായ കൂത്ത് അനുഭവമായി സാറിന്റെ സ്മരണയിലുള്ളത്. 

 

മാത്തൂര്‍നീലകണ്ഠന്‍ ഭട്ടതിരിയുടെയും പൊതിയില്‍ മാധവി ഇല്ലോട്ടമ്മയുടെയും മകനായി 2-11-1106( 16-06-1931) നു ജനിച്ചു. റിട്ടയേര്‍ഡ് അധ്യാപിക എ.എന്‍ ലളിതമ്മയാണ് ഭാര്യ. മൂന്നു മക്കള്‍: ജഗദീശ്( റെയില്‍വേ), ദിനേശ്( ദൂരദര്‍ശന്‍), ഹരീഷ്( അബുദാബി). ചാക്യാര്‍- നമ്പ്യാര്‍ സമാജം സംസ്ഥാനപ്രസിഡന്റായിരുന്നിട്ടുണ്ട്. യോഗക്ഷേമസഭ കവിയൂര്‍ യൂണിറ്റ് പ്രസിഡന്റ്, തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്, ബി. ജെ. പി കവിയൂര്‍ മണ്ഡലം പ്രസിഡന്റ്, കവിയൂര്‍ സൗത്ത് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ പദവികളിലിരുന്നിട്ടുണ്ട്. കൂത്ത് പഠിപ്പിച്ചും അവതരിപ്പിച്ചും കവിയൂര്‍ ഹരിമന്ദിരം വീടിനു ചുറ്റുമുള്ള പറമ്പില്‍ കൃഷിയുമായി സന്തുഷ്ടമായ ജീവിതസായാഹ്നം. എണ്‍പത്തിരണ്ടാം വയസ്സിലും ചാക്യാര്‍സാര്‍ കര്‍മനിരതനാണ്.

 

നമ്പൂതിരിക്ക് ഭ്രഷ്ടായാല്‍ ചാക്യാരാവുമെന്നു പറഞ്ഞു ചിരിച്ച ചാക്യാര്‍സാര്‍ വംശനാശം സംഭവിക്കുന്ന കടുവയെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍, കേരളത്തിലങ്ങോളമിങ്ങോളം എട്ടു കുടുംബം മാത്രമായി കുറ്റിയറ്റു പോകുന്ന ചാക്യാരന്മാരെ സംരക്ഷിക്കാന്‍ ജഗദീശ്വരനല്ലാതെ മറ്റാരുമില്ലെന്ന് ചിന്തോദ്ദീപകമായി പറഞ്ഞു നിര്‍ത്തുന്നു.

Tags: