കഴുകാം, മനസ്സിനേയും ശരീരത്തേയും

Glint Guru
Wed, 02-07-2014 05:00:00 PM ;

ramadan prayer

 

കാക്കനാട് ഇൻഫോപാർക്ക് പരിസരത്ത് ഓട്ടോറിക്ഷാ സർവീസ് നടത്തുന്ന ഒരു ഡ്രൈവറുടെ സാക്ഷ്യമാണിത്. അദ്ദേഹം ഈ രംഗത്തേക്ക് വരുന്നതിന് മുൻപ് കേറ്ററിംഗ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പറ്റുമെങ്കിൽ അഞ്ച് നേരം നിസ്കരിക്കുന്ന, മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിൽ തെല്ലും വർഗ്ഗീയ സമീപനമില്ലാത്ത പരമസ്വാത്വികനായ മനുഷ്യസ്നേഹിയായ ഡ്രൈവർ. മധ്യവയസ്സിലേക്ക് നീങ്ങുന്ന ഇദ്ദേഹം കാഴ്ചയിൽ സുന്ദരൻ. കേറ്ററിംഗ് രംഗത്തെ ടെൻഷൻ സഹിക്കാൻ പറ്റാഞ്ഞാണ് അദ്ദേഹം സ്വന്തം ഓട്ടോറിക്ഷാ വാങ്ങി പരിചയക്കാരുടെ ഓട്ടവുമായി ജീവിതമാർഗ്ഗം കണ്ടെത്താൻ ശ്രമിച്ചത്. നാട്ടിലെ പൊതുവാർത്തകളെല്ലാം അദ്ദേഹത്തെ തേടിയെത്തും. അതുപോലെതന്നെ ജീവിതത്തേക്കുറിച്ചും അതിന്റെ അർഥത്തേപ്പറ്റിയും അർഥമില്ലായ്മയെപ്പറ്റിയുമൊക്കെ ഇദ്ദേഹം യാത്രയ്ക്കിടയിൽ സംസാരിക്കും. അസാധ്യ നർമ്മരസപ്രിയനുമാണ്. രസകരമായ വിഷയങ്ങൾ പറഞ്ഞുകഴിഞ്ഞാൽ വിവരണം കേൾക്കുന്ന യാത്രക്കാരേക്കാൾ ഇദ്ദേഹമായിരിക്കും ചിരിക്കുക. കേറ്ററിംഗ് സൂപ്പർവൈസറായിരുന്നപ്പോഴുണ്ടായ ഒരനുഭവമാണ് അദ്ദേഹം വിവരിച്ചത്.

 

ഒരിക്കൽ രാത്രിയിൽ ഒരു വമ്പൻ ഹാളിൽ നടക്കുന്ന അത്താഴവിരുന്ന്. ഇദ്ദേഹമാണ് സൂപ്പർവൈസർ. അതിഥികളെല്ലാം കൊച്ചിയിലെ പ്രമുഖർ. അദ്ദേഹത്തിന്റെ ഭാഷയിൽ ഒരാൾ ഹൈക്കോടതിയിലെ മുട്ടൻ വക്കീല്. മുട്ടനെന്നു പറഞ്ഞാൽ പോരാ അത്രയ്ക്കും മുട്ടൻ വക്കീൽ. അദ്ദേഹം മദ്യസേവ കഴിഞ്ഞ് ഭക്ഷണത്തിലേക്ക് പ്രവേശിച്ചു. കഴിച്ചു പകുതിയായപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഭക്ഷണപ്പാത്രം വഴുതി തറയിൽ വീണു. അതു കണ്ട മാത്രയിൽ സൂപ്പർവൈസറായ ഇദ്ദേഹം ഓടിയെത്തി തറയിൽ വീണ പാത്രം എടുത്തുകൊണ്ടുപോയി പകരം പുതിയ പാത്രം വക്കീലിനു നൽകി. പുതിയ പാത്രം ഒരുതരത്തിലും വക്കീൽ വാങ്ങിക്കുന്നില്ല. തനിക്ക് താൻ കഴിച്ചുകൊണ്ടിരുന്ന പാത്രം തന്നെ വേണമെന്ന് വാശിപിടിച്ചു. താൻ കഴിച്ചുകൊണ്ടിരുന്ന പാത്രം എടുത്തുകൊണ്ടുപോകാൻ ആരാണ് തനിക്ക് അധികാരം നൽകിയതെന്ന് ചോദിച്ച് വക്കീൽ ക്ഷുഭിതനാകുകയും ശാരീരികമായി നിലംപരിശാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വക്കീൽ കൈവയ്ക്കുമെന്നുറപ്പായപ്പോൾ ഇദ്ദേഹം പുതിയ പാത്രവുമായി അകത്തുപോയി, അവിടെയിരുന്ന ആരോ കഴിച്ച ഒരു എച്ചിൽപ്പാത്രവുമായി മടങ്ങിയെത്തി വക്കീലിനു കൊടുത്തു. മദ്യലഹരിയിൽ ദിഗ്വിജയം നേടിയ രീതിയിൽ വക്കീൽ പ്ലേറ്റ് വാങ്ങി അതിലവശേഷിച്ചിരുന്ന എച്ചിൽ തിന്നുകൊണ്ട് എങ്ങനെയാണ് വിളമ്പുകാർ മര്യാദ പാലിക്കേണ്ടതെന്ന് ഉപദേശിക്കുകയും ചെയ്തു. അതു പറഞ്ഞു തീർന്നതോടെ ഓട്ടോറിക്ഷാ ഡ്രൈവർ നിർത്താതെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

 

ചിരിയവസാനിച്ചശേഷം അദ്ദേഹം വളരെ ഗൗരമായി പറഞ്ഞു, മദ്യപിക്കുന്നവരുടെയടുത്ത് നമ്മൾ വാദിക്കാനൊന്നും നിൽക്കാൻ പാടില്ല. അവരുടെയടുത്ത് നിൽക്കാൻ പഠിക്കണം. മിക്ക പെണ്ണുങ്ങൾക്കും കുടിച്ചിട്ടു വരുന്ന കെട്ടിയവൻമാരുടെ കയ്യിൽ നിന്നും അടി കിട്ടുന്നത് അവർക്ക് അവരുടെയടുത്ത് നിൽക്കാൻ അറിയാത്തതു കൊണ്ടാ. സത്യമാണ്, പെണ്ണുങ്ങൾക്ക് വിഷമമുണ്ടാകും, എല്ലാ ദിവസവും കെട്ടിയവൻ കുടിച്ചിട്ടുവരുമ്പോൾ. പക്ഷേ അതു കാണിക്കുന്നതനുസരിച്ച് അവന്മാർക്ക് ലക്ക് പോയിക്കൊണ്ടിരിക്കും. ഞാൻ വക്കീലിനോട് വാശി പിടിക്കാൻ നിന്നിരുന്നേ എനിക്കും കിട്ടിയേനെ നല്ല പൂശ്. ആ മുട്ടൻ വക്കീലിന് ഒരു എച്ചിൽപ്പാത്രം കിട്ടിയപ്പോ എല്ലാം ഓക്കെയായി.

 

ജീവിതത്തിലെ എച്ചിൽ ഉപേക്ഷിക്കാൻ കഴിയാതെ അതുമായി ചിലർ സല്ലപിക്കുന്നു. എച്ചിൽ എച്ചിൽ തന്നെയാണ്. അതിൽ നിന്ന് പുതുഭക്ഷണത്തിന്റെ രുചിയോ സുഖമോ കിട്ടുകയില്ല. കുറേകഴിയുമ്പോൾ ഈ എച്ചിലുമായുള്ള സല്ലാപം ദുർഗന്ധം ഉണ്ടാക്കുന്നു. ആ ദുർഗന്ധം അവർക്കുതന്നെ സഹിക്കാൻ കഴിയാതെ വരുന്നു. ആ ദുർഗന്ധത്തിൽ നിന്ന് രക്ഷ നേടാനായാണ് അവർ മദ്യത്തെ ആശ്രയിക്കുന്നത്. മദ്യത്തെ ആശ്രയിക്കുമ്പോൾ സുഖം കിട്ടുമെന്ന് അവർ കരുതുന്നു. സത്യമാണ് ആ ദുർഗന്ധം അവർ കുറച്ചുനേരത്തേക്ക് അറിയുന്നില്ല. പക്ഷേ അവർ ആ സമയം മറ്റുള്ളവന്റെ എച്ചിൽ രുചിച്ചു കഴിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു. ഒരു വ്യക്തിക്ക് ഇതിൽ കൂടുതൽ അധ:പതിക്കാനാവില്ല. വിശപ്പ് പോലുമില്ലാതെ മറ്റുള്ളവന്റെ എച്ചിൽ തിന്നേണ്ടി വരുന്ന അവസ്ഥ. ആ ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള ത്വരയുടെ ക്ഷമാപൂർവ്വമുള്ള നിരയാണ് കേരളത്തിലെ ബവറിജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റുകൾക്കു മുന്നിൽ കാണുന്നത്.

 

എച്ചിൽ കഴുകിക്കളഞ്ഞാൽ പാത്രം വീണ്ടും വെടിപ്പുള്ളതാകും. അതിൽ പുതിയ ഭക്ഷണം വിളമ്പി മനോജ്ഞമായി കഴിക്കുകയും ചെയ്യാം. പക്ഷേ പലപ്പോഴും നാം പാത്രം കഴുകാൻ മിനക്കെടാതെ, അഥവാ കഴുകിയാൽ തന്നെ വൃത്തിയായി കഴുകാതെ, കഴിച്ചതിന്റെ മേൽ വീണ്ടുമിട്ട് കഴിക്കുന്നു. എത്ര നല്ല ഭക്ഷണം കിട്ടിയാലും വൃത്തിയായി കഴുകാത്ത പാത്രത്തിലിട്ടു കഴിച്ചാൽ അതിന്റെ രുചി അറിയാൻ കഴിയില്ല. മാത്രമല്ല പുതിയ ഭക്ഷണം ചീത്തയാവുകയും ചെയ്യും. ഭൂതകാലം ഓർമ്മയ്ക്കപ്പുറം വികാരവുമായി ഇണചേർന്ന് ഇഴപിരിയാതെ നമ്മളിൽ നിൽക്കുന്നതാണ് പലപ്പോഴും നമ്മുടെ വർത്തമാനത്തെ ഇല്ലായ്മ ചെയ്തുകളയുന്നത്. വർത്തമാനത്തെ ഭൂതകാലമോ ഭാവികാലമോ വിഴുങ്ങിക്കളയുന്നു. ഭൂതകാലം തന്നെയാണ് ഭാവികാലത്തേയും ഇല്ലായ്മ ചെയ്യുന്നത്. അതിനാൽ എച്ചിൽപ്പാത്രത്തിന്റെ അവസ്ഥയിലേക്ക് മനസ്സുമാറുന്നു. മനസ്സും സമയാസമയങ്ങളിൽ കഴുകി വൃത്തിയാക്കില്ലെങ്കിലുള്ള അവസ്ഥയും ഇതു തന്നെ. നിസ്കാരത്തിന്റേയും സകല പ്രാർഥനകളുടേയും മുഖ്യലക്ഷ്യങ്ങളിലൊന്ന് ഈ കഴുകലാണ്. ശരീരത്തേയും മനസ്സിനേയും ഒരേപോലെ കഴുകി ശുദ്ധിയാക്കാൻ സഹായിക്കുന്നതാണ് റംസാൻ കാലത്തെ നോയ്മ്പ് നോക്കൽ. വ്യക്തിയെന്ന നിലയിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഓട്ടോറിക്ഷാ ഡ്രൈവർ മുട്ടൻ വക്കീലിനേക്കാൾ എത്രയോ ഉയരത്തിലാണ്. മുട്ടൻ വക്കീലിനേക്കാൾ എത്രയോ സന്തോഷവും ഈ ഓട്ടോറിക്ഷാ ഡ്രൈവർ അനുഭവിക്കുന്നു.

Tags: