ഓതറപ്പടയണിയും പാളപറയുന്നതും

Glint Staff
Sat, 04-04-2015 04:45:00 PM ;

Padayani, Othara, അനുഷ്ടാന കലകള്‍പടയണിത്താളം മലയാള സാഹിത്യത്തിന്റെ ഭാഗമാണ്. കടമ്മിനട്ടയുടെ കവിതയിലൂടെ. കടമ്മിനട്ടയുടെ കവിതയുടെ താളവും പാട്ടിലെ ചില ബിംബങ്ങളുമാണ് മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് മാത്രമുള്ള പടയണിയെ പുറലോകത്തിനു പരിചയപ്പെടുത്തിയത്. എല്ലാ ആചാരങ്ങളിലും മിത്തുകള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആ മിത്തുകള്‍ കാലാതിവര്‍ത്തിയായി സമൂഹത്തിന്റെ ഒറ്റ മനസ്സോടെയുള്ള മുന്നോട്ടുള്ള പ്രയാണത്തെ മുന്‍നിര്‍ത്തിയാണ്. അത് ദേവതാസങ്കല്‍പ്പവുമായി ബന്ധിപ്പിച്ചാകുമ്പോള്‍ അത് ക്ഷേത്രവും ആചാരവും ചടങ്ങുകളും ഉത്സവുമൊക്കെയായി മാറുന്നു. ഈ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരിലെ ഓതറ പടയണിയെ ഒന്നു നോക്കാം.

     ദാരിക വധവും ദേവീ പ്രഭാവും തന്നെയാണ് ഇവിടെയും പടയണിക്കോലങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യം. വര്‍ത്തമാനകാലത്തില്‍ അത് വിരല്‍ ചൂണ്ടുന്ന ഒരിക്കലും പഴയതാകാത്ത ചില സങ്കേതങ്ങളിലേക്ക് നോക്കുന്നത് ഉചിതമായിരിക്കും. ഐതീഹ്യവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും പടയണിപ്പാട്ടുമൊക്കെ വദമായി ഉള്ളിലേക്ക് നോക്കി രത്‌നസമാനമായ രഹസ്യങ്ങള്‍ പെറുക്കി പുറത്തുവരണമെങ്കില്‍ അതി സൂക്ഷ്മമായ പഠന നിരീക്ഷണങ്ങള്‍ പരമ്പരാഗതമല്ലാത്ത രീതിയില്‍ വേണ്ടിവരും. അതിനാല്‍ പെട്ടന്നു മനസ്സിലാക്കാവുന്ന സാമൂഹ്യപ്രക്രീയയും അതിന്റെ ജൈവമാസ്മരികത്വരിതത്വവും നോക്കാം. കടമ്മിനിട്ടയുടെ കവിത ഇന്ന് മലയാള സാഹിത്യത്തിലെ മുഖ്യഘടകമാണ്. അദ്ദേഹത്തിലൂടെ പടയണിസംസ്‌കാരം സര്‍ഗാത്മകമായി പ്രവഹിച്ചതാണ് കവിതാശാഖയായി മാറിയത്. അത് സാമൂഹികമായി സൃഷ്ടിച്ച നവീകരണപ്രക്രീയ വലുതാണ്. പടയണിയുടെ അടിസ്ഥാനതാളത്തില്‍ കടമ്മിനിട്ടയുടെ കവിതകള്‍ മലയാളിയുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് ചില ചോദ്യരൂപേണയുള്ള ബിംബങ്ങള്‍ നിറഞ്ഞു. ആ ചോദ്യങ്ങള്‍ ഏതു മനസ്സിലാണോ പതിച്ചത് ആ മനസ്സ് തന്നെ ഉത്തരം കണ്ടെത്തേണ്ട ഉത്തരവാദിത്വത്തിലേക്ക് നയിക്കപ്പെടുന്നതായിരുന്നു. ഇത് മനസ്സിന്റെ ജനിതകസമൃതിയിലുള്ള ബിംബങ്ങളില്‍  മാറ്റവും മറിച്ചിലുകളും സൃഷ്ടിച്ചു. ഇവിടെയാണ് മനസ്സിനുമപ്പുറത്തേക്ക് മനുഷ്യനുമായി അവന്റെ ജനിതകസ്രോതസ്സുമായി പടയണിക്കോലങ്ങളും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ടാനുങ്ങളും സംവേദിക്കുന്നത് മനസ്സിലാകുന്നത്. അതു തന്നയാണ് കടമ്മനിട്ടയുടെ കവിത അവനവന്റെ ഉള്ളില്‍ നിന്നോ അതോ കഴിഞ്ഞ ജന്മത്തില്‍ നിന്ന് സ്വയം കേള്‍ക്കുന്നതുപോലെയോ ഉള്ള അനുഭവം ഉളവാക്കിയത്. മനുഷ്യന്റെ അബോധമനസ്സിന്റെ ആഴവുമായി പടയണിക്കോലങ്ങള്‍ വളരെ രസകരമായി സംവദിക്കുന്നത് അവിടെ അറിയാന്‍ കഴിയും. അബോധമനസ്സില്‍ ആസ്വദിക്കുന്ന വ്യക്തി അറിയാതെ നിര്‍ണ്ണായക സ്വാധീന സ്രോതസ്സുകള്‍ സങ്കല്‍പ്പരൂപേണ സാന്നിഹിതമാകുമ്പോഴാണ്  ആ വ്യക്തിയില്‍ സ്വാഭാവികമായ അവബോധമുണ്ടാകുന്നത്. നേര്‍സംവേദനത്തിലൂടെ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യരീതി പരാജയപ്പെടുത് അബോധമനസ്സുമായി സംവേദനം നടക്കാത്തതിനാലാണ്. എന്നാല്‍ അത്തരം അവബോധസൃഷ്ടിയുടെ പ്രായോക്തക്കള്‍ പടയണിപോലുള്ള ആചാരാനുഷ്ടാനങ്ങളെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ബന്ധിപ്പിച്ചു. നാം ഒരു പരിധിവരെ അതിനെ ചോദ്യം ചെയ്യാതെ സ്വീകരിച്ചു. അത് സാമൂഹികാബോധാവസ്ഥയിലേക്ക് കാര്യങ്ങളെ നയിച്ചു. അത്തരത്തിലൊരു സാഹച്യര്യം ഉണ്ടാവുന്നത് സാമൂഹികമായി സ്വാഭാവികമാണ്. അത് മനസ്സിലാക്കിയ മനസ്സുകളാണ് ഇത്തരം ആചാരാഘോഷങ്ങളുടെ കോറിയോഗ്രാഫി നിര്‍വഹിച്ചത്. അജ്ഞതയിലും ജ്ഞാനത്തെ ചുമന്നുകൊണ്ട് നടക്കുക; എന്നിട്ട് ഏതു തലമുറയില്‍ നിന്നാണ് അത് മനസ്സിലാക്കാന്‍ ശേഷിയുള്ളവര്‍ എത്തുക അവര്‍ക്കു വേണ്ടി കേടുപറ്റാതെ കാത്തുസൂക്ഷിക്കുക. ഇപ്പോഴും നമ്മുടെ വര്‍ത്തമാന തലമുറയും ഇത്തരം ആചാരാഘോഷങ്ങളുടെ സ്‌ഫോടനാത്മകമായ ശേഷീകേന്ദ്രത്തിലേക്ക് എത്തിയിട്ടില്ല. എങ്കിലും ബാഹ്യമായിട്ടെങ്കിലും എന്തൊക്കെയോ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം അനുഷ്ടാന കാലാകാരന്മാര്‍ക്ക് ചില അംഗീകാരങ്ങളും രാജ്യം കടന്ന് ഇവയെ അവതരിപ്പിക്കാനുള്ള അവസരവും കൈവന്നിട്ടുണ്ട്. എന്നാല്‍ അതിലേക്കല്ല ഇവയുടെ ഉള്ളിലേക്കു പോകുമ്പോള്‍ നീങ്ങേണ്ട വഴി.

       ആര്‍ക്കൈവസ് എന്നു കേള്‍ക്കുമ്പോള്‍ സാധാരണ ഓര്‍മ്മയിലെത്തുന്നത് ഗ്രന്ഥരക്ഷാലയം അഥവാ റിക്കോര്‍ഡുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന  സ്ഥലം എന്നാണ്. എന്നാല്‍ ആചാരാഘോഷങ്ങളും അവയുടെ ആധാരമായ മിത്തുകളിലൂടെയുമെല്ലാം ജീവിത സത്യങ്ങളെ കേടുകൂടാതെ ഭദ്രമായി പൊതിഞ്ഞുവയ്ക്കുകയും അവയെ ജീവിതവുമായി താളാത്മകമായി ബന്ധിപ്പിച്ച് വിളക്കിച്ചേര്‍ത്തുകൊണ്ടുമാണ് ഭാരതത്തില്‍ ജൈവ ആര്‍ക്കൈവിംഗ് അല്ലെങ്കില്‍ ഓര്‍ഗാനിക് ആര്‍ക്കൈവിംഗ് നിര്‍വഹിച്ചിരുന്നത്. ഈ ജൈവ ആര്‍ക്കൈവിംഗ് അബോധപൂര്‍വ്വമായി സമൂഹത്തെ ഒന്നാക്കി നിര്‍ത്തുകയും പാരസ്പര്യം ഉറപ്പാക്കുകയും  അതത് പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യത്തെ അതിവിദഗ്ധമായി എന്നും നിലനിര്‍ത്താനുള്ള അതിസങ്കീര്‍ണ്ണവും അതേ സമയം സൗന്ദര്യാത്മകവുമായ പ്രയോഗം കൂടിയിയാണ് ജൈവ ആര്‍ക്കൈവിംഗ്. പടയണിയിലേക്ക് നോക്കാം. ഓതറ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ വകയാണ് ക്ഷേത്രം, ആധാരവശാല്‍. എന്നാല്‍ സാമൂഹികമായി ക്ഷേത്രം കരക്കാരുടേതും. അവിടെ നടക്കുന്ന പടയണിലെ ഏറ്റവും മുഖ്യ ഇനമാണ് തിരുവാതിര നാള്‍ പുലര്‍ച്ചെ കെട്ടിയെഴുന്നള്ളിക്കുന്ന ആയിരത്തിയൊന്നു പാളകൊണ്ട് ഒരുക്കുന്ന ഭൈരവിക്കോലം.അതുവരെ വിവിധയിനം കോലങ്ങള്‍ കെട്ടിയാടുന്നു. 

ഭൈരവിക്കോലങ്ങള്‍ തന്നെ പല വിധം. മൂന്നു തലയുള്ള കാലന്‍ കോലങ്ങള്‍ , കുതിരക്കോലങ്ങള്‍ എന്നിങ്ങനെ. ഈ പ്രദേശത്തെ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഈ കോലങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്. പടയണിക്കോലം തീര്‍ക്കുന്നത് മുള കീറിയ ചട്ടത്തില്‍ പാളയില്‍ കോലങ്ങള്‍ വരച്ചാണ്. ഇതിനാവശ്യമായ പാളകള്‍ മുഴുവന്‍ ശേഖരിക്കുന്നത് ഓതറപ്രദേശത്തു നിന്നാണ്. ഓരോ വീട്ടിലും കമുക് വളരുന്നത് അതില്‍ നിന്നുള്ള അടയ്ക്കയിലൂടെയുള്ള വിളവെടുപ്പിനുവേണ്ടിയല്ല. ഓതറപടയണിക്കാവശ്യമായ പാളയ്ക്കുവേണ്ടികൂടിയാണ്. ഒരുപക്ഷേ കമുകിന്‍തൈ ഓതറക്കാര്‍ നടുമ്പോള്‍ അടയ്ക്കയേക്കാള്‍ അവരുടെ മനസ്സില്‍ പടയണിക്കുള്ള പാളയാവശ്യമായിരിക്കും ഉണ്ടാവുക. ഓതറക്കാര്‍ക്ക് അതോടെ പാള ഒരു ബിംബമായി മാറുന്നു. 

സാമൂഹികമായ കൂട്ടായ്മയുടേയും  ആദിമചേതനകളെ ഉണര്‍ത്തുന്ന കോലങ്ങളുടേയുമൊക്കെ സ്മൃതിതലങ്ങളെ ഉണര്‍ത്തുന്നവ. അതായത് ഓതറയില്‍ ഉറങ്ങി ഉണരുന്നവര്‍ എപ്പോഴും കാണുകയും തണലനുഭവിക്കുകയുമൊക്കെ ചെയ്യുന്ന കമുക് ആദിമചോദനയും സാമൂഹികമായ കൂട്ടായ്മയും ഉണര്‍ത്തുന്ന ബിംബമായി മാറുന്നു. ഒരു ബിംബമുണരുമ്പോള്‍ അതുമായി ബന്ധപ്പെട്ട താളവും സംഗീതവും അബോധപൂര്‍വ്വമായി സ്മൃതിമണ്ഡലങ്ങളില്‍ സക്രീയമാകുന്നു. അവിടെയാണ് മനഷ്യമനസ്സിന്റെ അനായാസമായ നവീകരണപ്രക്രീയ സംഭവിക്കുന്നത്. മിത്തുകള്‍ അവിടെ നിഗൂഡപ്രവര്‍ത്തനങ്ങളില്‍ ഏര്‍

പ്പെടും. അത് വ്യക്തിയുടേയും വ്യക്തിയിലൂടെ സമൂഹത്തിന്റേയും സ്വഭാവം നിജപ്പെടുത്തുകയും നിശ്ചയിക്കുകയും ചെയ്യുന്നു. അതാകട്ടെ ആ പ്രദേശത്തിന്റെ പ്രാദേശികമായ വൈവിദ്ധ്യസ്വഭാവത്തെ കാത്തുരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

     റീയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ അതിപ്രസരംകൊണ്ടോ വെറ്റ മുറുക്കുന്ന സ്വഭാവം പൂര്‍ണ്ണമയി നിരോധിക്കപ്പെടുന്നതുകൊണ്ടോ സ്ഥലക്കുറവുകൊണ്ടോ ഒക്കെ മറ്റെല്ലായിടത്തും കമുക് കൃഷിയും കമുക് വളര്‍ത്തലും അന്യം നിന്നേക്കാം. എന്നാല്‍ ഓതറക്കാര്‍ക്ക് കമുകില്ലാതെ പറ്റില്ല. കാരണം അവരുടെ പടയണിക്ക് പച്ചപ്പാള തന്നെ വേണം. അവിടെയാണ് നിഷ്ടകള്‍ പ്രസക്തമാകുന്നത്. റെഡിമേഡ് ഇലപോലെ പാള പോരേ എന്ന ചോദ്യമുയര്‍ന്നേക്കാം. നിഷ്ട അതിനനുവദിക്കുന്നില്ല. പച്ചപ്പാള കിട്ടിയേ പറ്റൂ. കാരണം പുറത്തെ പച്ച നിറം ചുരണ്ടി യാണ് പച്ചയില്‍ വെള്ളനിറം കൊണ്ടുവരുന്നത്. അതുപോലെ പടയണിക്കോലം വരയ്ക്കലിനു ഉപയോഗിക്കുന്ന നിറക്കൂട്ടുകള്‍ മുഴുവന്‍ അവിടുത്തെ പ്രകൃതിസാമഗ്രികളും ഇലകളും ഉപയോഗിച്ചുള്ളതാണ്. അവിടുത്തെ ചെങ്കല്ലരച്ചാണ് ദേവിയുടെ രൗദ്രഭാവം വെളിവാക്കുന്ന ചുവപ്പുകൂട്ടുണ്ടാക്കുന്നത്. അതുപോലെ കുരിത്തോല വെട്ടി ഈര്‍ക്കില്‍ കീറി നടുമടല്‍ അറ്റം പൊട്ടാതെ നടുകീറി മുന്നറ്റത്ത് പാളകൊണ്ടുണ്ടാക്കിയ തലചേര്‍ത്താണ് കുതിരക്കോലമാടുന്നത്. കീറിയ മടലിന്റെ നടുവിലൂടെ ആളിറങ്ങി അരയില്‍ വയ്ക്കുമ്പോള്‍. അപ്പോള്‍ കുരുത്തോലയും ഓതറക്കാര്‍ക്ക് ഇല്ലാതെ പറ്റില്ല. തെങ്ങുകൃഷിയും പാടെ വേണ്ടെന്നു വയ്ക്കാന്‍ ഓതറക്കാര്‍ക്ക് പറ്റുന്നില്ലെന്നര്‍ഥം. തെങ്ങും കമുകുമൊക്കെ വളരമണമെങ്കില്‍ അവിടുത്തെ മണ്ണും അതുപോലെ നിലകൊള്ളണം. ഇവിടെയാണ് മരങ്ങളേയും സസ്യങ്ങളേയും നിലനിര്‍ത്തുന്നതിലും അതിലൂടെ മണ്ണിനെ രക്ഷിക്കുന്നതിലുമൊക്കെ ഈ പടയണി വഹിക്കുന്ന പങ്ക് വെളിവാകുന്നത്.അതോടൊപ്പം സാമൂഹികമായി ഒരു സമൂഹത്തെ സര്‍ഗ്ഗാത്മകമായി ഒന്നിച്ച് നിര്‍ത്തുകയും ഒരേ ബിംബസ്മൃതിയില്‍ ഒന്നിച്ച് ആഘോഷിക്കാന്‍ ശീലിപ്പിക്കുകുയും ചെയ്യുന്നു.ഇതാണ് ഓര്‍ഗാനിക് ആര്‍ക്കൈവിംഗ്. മനുഷ്യന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആവശ്യമുള്ളത് നിലനിര്‍ത്തുവാനുള്ള മനുഷ്യനാല്‍ കണ്ടെത്തിയ സത്യബോധങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്‌കാരങ്ങള്‍. അതാകട്ടെ വ്യക്തി മരിക്കുമെങ്കിലും സമൂഹം മരിക്കുന്നില്ല എന്ന അറിവിലേക്കും ആ യാഥാര്‍ഥ്യത്തിലേക്കും വ്യക്തിയെ അബോധപൂര്‍വ്വമായി ഉണര്‍ത്താതെ എന്നാല്‍ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു.അങ്ങിനെ നോക്കുമ്പോള്‍ പടയണിക്കോലത്തിലെ ഓരോ പാളയും ആയിരത്തിയോന്നു കാര്യങ്ങള്‍ നമ്മോടു സംസാരിക്കുന്നത് കാണാം കേള്‍ക്കാം.

Tags: