ഡ്രൈവര്‍ജിയും റോഡ്‌ മുറിച്ചുകടക്കുന്ന സ്ത്രീയും

Glint Guru
Sat, 02-07-2016 05:00:00 PM ;

 

 

നമസ്കാരം. എല്ലാവര്‍ക്കും ലൈഫ്ഗ്ലിന്റ് കേള്‍വിയിലേക്ക് സ്വാഗതം. ഞാന്‍ ഡ്രൈവര്‍ജി. ഡ്രൈവ് ചെയ്യുന്ന ഓരോരുത്തരും, ഞാനും നിങ്ങളും, അതോടൊപ്പം ഡ്രൈവിംഗ് കണ്ടുകൊണ്ട് നില്‍ക്കുന്നവരും വശങ്ങളിലൂടെ സഞ്ചരിക്കുന്നവരും നടക്കുന്നവരും എല്ലാവരും ഡ്രൈവര്‍ജിമാരാണ്. ആ ഡ്രൈവര്‍ജിമാരുടെ ഒരു പ്രതിനിധി മാത്രമാണ് ഈ ഡ്രൈവര്‍ജി. ഡ്രൈവര്‍ജിയുടെ വിശേഷങ്ങള്‍ എന്ന്‍ പറയുന്നത്, ഡ്രൈവര്‍ജി ഡ്രൈവ് ചെയ്യുമ്പോള്‍ കാണുന്ന ചെറിയ ചെറിയ സംഭവങ്ങളാണ്, അനുഭവങ്ങളാണ്.

 

ഇന്ന്‍ രാവിലെ, തിയതി പ്രസക്തമല്ല, കൊച്ചിയിലെ കാക്കനാട്ട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള യാത്ര. കേരളത്തില്‍ നല്ല രീതിയില്‍ ചെയ്തിട്ടുള്ള അപൂര്‍വ്വം ചില റോഡുകളില്‍ ഒന്നാണിത്. ഏതാണ്ട് പതിനഞ്ചു വയസ് പ്രായം.  ഇപ്പോള്‍ പകുതി വരെ നാലുവരി പാതയായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ മാത്രമേ മീഡിയന്‍ ഉള്ളൂ. കൗമാര പ്രായമാണെങ്കിലും വാഹനങ്ങള്‍ ഓടിയോടി നല്ല കഷണ്ടിത്തല പോലെ മിനുത്ത് കിടക്കുന്നതാണീ റോഡ്‌. സ്വാഭാവികമായും ഡ്രൈവര്‍ജിമാര്‍ വാഹനങ്ങള്‍ അത്യാവശ്യം മോശമല്ലാത്ത, എന്നുവെച്ചാല്‍ അനുവദിക്കപ്പെട്ടതിലും ഒക്കെ കൂടുതലായുള്ള, വേഗത്തിലാണ് ഈ വഴി പോകാറുള്ളത്. അതിനാല്‍ അപകടങ്ങളും ധാരാളം ഉണ്ടാകാറുണ്ട്. അമിതവേഗതയല്ലെങ്കിലും, ഈ ഡ്രൈവര്‍ജി അത്യാവശ്യം വേഗതയില്‍ പോകുന്ന സമയം, മദ്ധ്യവയസ്സിനോട് അടുക്കുന്ന ഒരു സഹോദരി റോഡ്‌ മുറിച്ചുകടന്നപ്പോള്‍ ഉണ്ടായ സംഭവമാണ്.

 

ഇടതുനിന്ന്‍ റോഡ്‌ മുറിച്ചുകടന്ന്‍ മറുഭാഗത്തേക്ക് പോകണം. റോഡിന്റെ നടുക്കുവരെ എത്തുക ഒരഭ്യാസമാണ്. അവിടെ നിന്ന്‍ വീണ്ടും ഒരു അഭ്യാസത്തിലൂടെയേ മറുവശത്ത് എത്തിപ്പെടാന്‍ പറ്റുകയുള്ളൂ. അത്രയ്ക്ക് തിരക്കാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍. സഹോദരി റോഡ്‌ മുറിച്ചുകടക്കാന്‍ നടന്നുതുടങ്ങിയപ്പോഴാണ് ഡ്രൈവര്‍ജിയുടെ വാഹനം അവരുടെ ശ്രദ്ധയില്‍ പെടുന്നത്. അന്നേരം വലിയ തിരക്കില്ലാത്തത് കാരണം അത്യാവശ്യം ശാന്തമായി തന്നെയായിരുന്നു അവരുടെ നടത്തം. ഡ്രൈവര്‍ജിയുടെ വാഹനം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അവര്‍ മുന്നോട്ട് ഒരു കുതിപ്പായിരുന്നു. ഒന്നുരണ്ട് പാദങ്ങളുടെ കുതിപ്പിന് ശേഷം വീണ്ടും പഴയത് പോലെയായി.

 

ആ കുതിപ്പ് സ്വാഭാവികമായി ഉണ്ടായ ഒരു പ്രതികരണമാണ്. കാരണം, വേഗത്തില്‍ വരുന്ന ഡ്രൈവര്‍ജിയുടെ കാര്‍ കണ്ട മാത്രയില്‍ വെപ്രാളമുണ്ടായി. അത് മറ്റൊന്നുമല്ല, മരണവെപ്രാളം തന്നെ. കാറിന്റെ വേഗത കുറയാതെയും അവരുടെ വേഗത കൂടാതെയുമായാല്‍ അപകടം ഉറപ്പല്ലേ. ആ വെപ്രാളമുണ്ടായ നിമിഷമാണ് അവര്‍ അറിയാതെ കുതിച്ചുപോയത്. ശാന്തവും സ്വസ്ഥവുമായിരുന്ന അവരുടെ മനസ്സ്  അസ്വസ്ഥമായി. നിമിഷാര്‍ധത്തില്‍ അവരുടെ ജീവനും ജീവിതവും എല്ലാം ഈ ഡ്രൈവര്‍ജിയുടെ വാഹനവുമായി ബന്ധിച്ചു. ഡ്രൈവര്‍ജിയുടെ കാര്‍ വേഗത കുറച്ചില്ലെങ്കില്‍ എന്താകും സംഭവിക്കുകയെന്നത് ഞൊടിയിടയില്‍ വരുടെ സ്മൃതിമണ്ഡലത്തില്‍ അവര്‍ കണ്ടു. ആ കാഴ്ചയാണ് അവരെ കുതിപ്പിച്ചത്.

ആ സഹോദരിയുടെ കുതിക്കുന്ന പാദങ്ങള്‍ കണ്ട മാത്രയില്‍ ഈ ഡ്രൈവര്‍ജിയുടെ പാദം ചെറുതായി ബ്രേക്കിലൊന്നമര്‍ന്നു. വേഗത കുറഞ്ഞു. അവര്‍ക്ക് മനസിലായി ഈ ഡ്രൈവര്‍ജി അവരെ ശ്രദ്ധിച്ചു എന്ന്‍. ആ ശ്രദ്ധ അറിഞ്ഞ നിമിഷം, ആ സഹോദരി വീണ്ടും പഴയ അവസ്ഥയിലെത്തി. പാദചലനം ശാന്തമായി. സ്വസ്ഥമായി റോഡിന്റെ മദ്ധ്യഭാഗത്തെത്തി.  

 

ഇതിലെന്താണിത്ര വല്യ കാര്യം എന്നല്ലേ. ആ സഹോദരി പേടിച്ച നിമിഷത്തില്‍ അത് മനസിലാക്കാത ഈ ഡ്രൈവര്‍ജി, അവര്‍ ഓടിപ്പോയ്ക്കോട്ടേ എന്ന ചിന്തയില്‍, അതേ വേഗതയില്‍ തുടരുകയാണെങ്കില്‍ സ്വാഭാവികമായും കുതിപ്പില്‍ നിന്നുയര്‍ന്ന ഓട്ടത്തോടെയായിരിക്കും അവര്‍ റോഡ്‌ മുറിച്ചുകടക്കുക. രണ്ടു പാദങ്ങള്‍ വെക്കുന്ന സമയമെടുത്തില്ല, പേടിച്ച് അവര്‍ കുതിക്കാനും പേടിക്കേണ്ടതില്ല എന്ന്‍ മനസിലാക്കി പഴയ അവസ്ഥയില്‍ എത്താനും. കാറിന്റെ വേഗം കുറക്കുന്നില്ല എന്ന്‍ അവര്‍ കണ്ടിരുന്നെങ്കില്‍ അവരുടെ വെപ്രാളം വര്‍ദ്ധിക്കുകയും, ആ വര്‍ദ്ധിതമായ സംഭ്രമത്തില്‍ അവര്‍ ഓടി റോഡിന്റെ മദ്ധ്യഭാഗത്ത് എത്തുമായിരുന്നു. ആ ഓട്ടത്തിന്റെ ആക്കത്തില്‍ വേണമെങ്കില്‍ അവര്‍ക്ക് റോഡിന്റെ മദ്ധ്യഭാഗത്ത് നില്‍ക്കാന്‍ കഴിയാതെയും വരാമായിരുന്നു. അങ്ങനെ നിയന്ത്രണം പോയി ഒന്നോ രണ്ടോ പാദങ്ങള്‍ കൂടുതല്‍ വെച്ചെന്നും വരാം. അപ്പോള്‍ മറുഭാഗത്ത് നിന്ന്‍ വേഗത്തില്‍ വരുന്ന വാഹനത്തിന്റെ മുന്നിലേക്ക് അവര്‍ വീഴാം. ആ വാഹനത്തിന്റെ ഡ്രൈവര്‍ജിയ്ക്കും ഉടന്‍ ബ്രേക്കിട്ട് അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. അഥവാ, ഉടന്‍ ബ്രേക്കിട്ടാല്‍ തന്നെ, അതിവേഗത്തില്‍ പിന്നില്‍ നിന്നുവരുന്ന വാഹനം ആ വാഹനത്തെ ഇടിച്ചെന്നും വരാം. അതുമല്ല, എതിര്‍ദിശയില്‍ നിന്ന്‍ വന്ന വാഹനത്തില്‍ തട്ടി, ഈ ഡ്രൈവര്‍ജിയുടെ തന്നെ വാഹനത്തിന്റെ മുന്നിലേക്ക് അവര്‍ വന്ന് വീഴുകയും ആവാം. വേണമെങ്കില്‍, അങ്ങനെ വലിയൊരു അപകടമുണ്ടാകാനുള്ള സാഹചര്യം അവിടെ പക്വമായിരുന്നു.

 

നമുക്ക് അറിയില്ല, അപകടം ഏതെല്ലാം രീതിയില്‍ വേണമെങ്കിലും ഉണ്ടാകാം. അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ എത്രയെത്ര ജീവിതങ്ങള്‍, എത്രയെത്ര കുടുംബങ്ങള്‍ സ്വസ്ഥമായ അവസ്ഥയില്‍ നിന്ന്‍ അകാരണമായി അസ്വസ്ഥതയിലേക്ക് മാറും. ഈ ഡ്രൈവര്‍ജിയുടെ വാഹനത്തിന്റെ വേഗം കണ്ട് പേടിച്ച നിമിഷം, ഈ ഡ്രൈവര്‍ജി അതറിഞ്ഞു. ബ്രേക്കിലൊന്നു ചെറുതായി ചവിട്ടി. അപ്പോള്‍, ഈ ഡ്രൈവര്‍ജി പറയുന്നതായി മന്ത്രം പോലെ അവരുടെ മനസ്സില്‍ കേട്ടുകാണും, ‘പേടിക്കേണ്ടതില്ല.’ ഏത് പേടിയും അല്‍പ്പം ശ്രദ്ധയില്‍ അകലുന്നതേ ഉള്ളൂ. കുതിച്ചുതുടങ്ങിയ അവരുടെ പാദങ്ങള്‍ പെട്ടെന്ന് ശാന്തമായത് അതാണ്‌ ഓര്‍മ്മിപ്പിക്കുന്നത്. ശ്രദ്ധ തന്നെയാണ് സ്നേഹവും.

 

ഈ ഡ്രൈവര്‍ജി ചെയ്തത് ആ സഹോദരിയോടുള്ള പരിഗണന കൊണ്ടാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. വാസ്തവത്തില്‍ അത് ഈ ഡ്രൈവര്‍ജി, ഈ ഡ്രൈവര്‍ജിയോട് തന്നെ ചെയ്യുന്ന സ്നേഹവും സഹായവും കരുണയും കരുതലും ഒക്കെയാണ്. നേരത്തെ സൂചിപ്പിച്ച വിധം ഏതെങ്കിലും ഒരപകടം ഉണ്ടായെന്നിരിക്കട്ടെ, അപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുക ഈ ഡ്രൈവര്‍ജി തന്നെയായിരിക്കും. ‘ഹോ, ഒന്ന്‍ ചെറുതായി ബ്രേക്ക് ചവിട്ടിയാല്‍ മതിയായിരുന്നു. ശ്ശോ, എന്ത് കഷ്ടമായിപ്പോയി’ എന്നൊക്കെ ചിന്തിച്ച് ചിലപ്പോള്‍ അത് ജീവിതാവസാനം വരെ വേട്ടയാടിയെന്നും വരാം. മറ്റ് നൂലാമാലകള്‍ എന്തൊക്കെയാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. മറിച്ച്, ആ റോഡ്‌ മുറിച്ച് കടക്കുന്ന സഹോദരിയോട്‌ സ്നേഹത്തോടെ പേടിക്കേണ്ട എന്ന്‍ അവരുടെയുള്ളില്‍ തൂവല്‍സ്പര്‍ശം പോലെ അനുഭവിക്കുന്ന വിധം ഒന്ന്‍ ബ്രേക്ക് ചവിട്ടുകയേ വേണ്ടൂ. ആ പരിഗണന യഥാര്‍ത്ഥത്തില്‍  നാം നമ്മോട് കാണിക്കുന്ന സ്നേഹം തന്നെ.  

 

ഇന്ന്‍ ഡ്രൈവര്‍ജി ഇവിടെ നിര്‍ത്തുന്നു. അടുത്ത ചെറിയ അനുഭവവുമായി ലൈഫ്ഗ്ലിന്റ് കേള്‍വിയില്‍ നമുക്ക് കേള്‍ക്കുകയും കേള്‍വിയിലൂടെ കാണുകയും ചെയ്യാം. സന്ദര്‍ശിക്കുക: lifeglint.com

Tags: