കൊച്ചി മഹാരാജാസ് കോളേജിന് എതിർ വശത്തുള്ള സുഭാഷ് പാർക്ക്. ഇപ്പോൾ അത് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുന്നു. ഈ കൊടും വേനലിൽ എരിപിരി കൊളളുന്ന ആർക്കും ആ പാർക്കിന്റെ കായലോരത്ത് ചെലവഴിച്ചാൽ ഉള്ളും പുറവും ഒരേപോലെ തണുപ്പിക്കാം. കായലിൽ നിന്നുള്ള തണുത്ത കാറ്റും കരയിൽ കുട പിടിച്ചു നിൽക്കുന്ന ആൽമരങ്ങളുമാണ് ആ അനുഭവം പകരുന്നത്. കറുത്ത ഗ്രാനൈറ്റ് വിരിച്ച ഇരിപ്പിടങ്ങളുമുണ്ട്. കൊടും വേനലിൽ അവിടുത്തെ ശീതളിമയിൽ പലരും കിടന്ന് ഉറങ്ങുന്നതും ഒരു സ്ഥിരം കാഴ്ചയാണ് .
സുഭാഷ് പാർക്ക് ഇവിടുത്തെ തീരുമാനമെടുക്കുന്നവർക്ക് നല്ല പാഠവും നൽകുന്നുണ്ട്. കാരണം പാർക്കിന് രണ്ടു തലങ്ങളുണ്ട് . ഒന്നു ഉഷ്ണ മേഖല, മറ്റൊന്ന് ശീതള മേഖല. ഉഷ്ണ മേഖല റോഡിൽ നിന്നും പാർക്കിലേക്ക് കയറി പകുതി എത്തും വരെയുളള ഇടമാണ്. അവിടെയാണ് കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. അവിടെ ഈ വേനലിൽ കുട്ടികൾ കളിക്കുന്നത് അപകടമാണ്. കാരണം അത്രയ്ക്കാണ് എരിയാണിയെരിയുന്ന വെയിലും ആ വെയിലിന്റെ ഇരട്ടി ചൂടും. ആ ചൂട് മനുഷ്യനിർമ്മിതമാണ്. എല്ലാ വികസനവും കാഴ്ചപ്രധാനമായി മാറിയ വർത്തമാനകാലത്തിന്റെ ദുരന്തമാണ് ആ പാർക്കിൽ ഉഷ്ണമേഖലയ്ക്ക കാരണം. കയറിച്ചെല്ലുമ്പോൾ കാണുന്ന സ്വീകരണ റൗണ്ട് മുഴുവൻ ടൈൽസ് ഇട്ടിരിക്കുന്നു. ആ ടൈൽസാണ് ആ പ്രദേശത്ത് ഇത്രയും ചൂട് പ്രസരിപ്പിക്കുന്നത്. ആ ഭാഗം നല്ല പുൽത്തകിടി വച്ചു പിടിപ്പിച്ചിരുന്നുവെങ്കിൽ ഈ ചൂടുണ്ടാകില്ലായിരുന്നു. കണ്ണ് തുറന്നു പിടിച്ചുകൊണ്ട് ഉച്ച സമയത്ത് അതു വഴി പോകാൻ കഴിയാത്ത വിധമാണ് ചൂട്. ആ ചൂട് പാർക്കിലേക്കു മാത്രമല്ല ചൂടിനെ പ്രവഹിപ്പിക്കുന്നത്. ചുറ്റുപാടുകളിലേക്കും അത് വ്യാപിക്കുന്നുണ്ട്.
എന്നാൽ, തണലുള്ള സ്ഥലത്ത് നീളത്തിൽ വിരിച്ചിരിക്കുന്ന ടൈൽസ് സുഖകരവും ഒപ്പം കാഴ്ചഭംഗിയും നൽകുന്നതാണ്. ചൂടിനെ പ്രസരിപ്പിക്കുന്ന വിധമുള്ളതല്ല ആ ടൈലുകളും. ഇതൊക്കെ തിരിച്ചറിയാൻ സാമാന്യ ബുദ്ധി മതി. എന്നാൽ ഇതൊക്കെ നിശ്ചയിക്കുന്നത് എഞ്ചിനീയർമാരും ആർക്കിടെക്റ്റുമാരുമാണ്. അവരുടെ സാമാന്യബുദ്ധി പ്രവർത്തിക്കാത്തതോ അല്ലെങ്കിൽ മറ്റ് പരിഗണനകൾ അവരെ നയിക്കുന്നതോ കൊണ്ടാകാം ഇവ്വിധം തീരുമാനങ്ങളെടുക്കുന്നത്. ഇത് തദ്ദേശീയ താപനത്തേയും ആഗോള താപനത്തേയും വർധിപ്പിക്കുന്നതാകുന്നു.
ഓരോ വർഷം കഴിയുന്തോറും കേരളത്തിലെ ചൂട് താങ്ങാനാകാത്ത വിധം വർധിച്ചു വരുന്നു. ആ വിഷയം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണെന്ന് രാഷ്ടീയ നേതൃത്വമോ സർക്കാരോ സാങ്കേതിക വിദഗ്ധരോ കരുതിയിട്ടില്ല. മാത്രമല്ല, തീരുമാനങ്ങൾ എല്ലാം തന്നെ അവയൊക്കെ വർധിപ്പിക്കുന്നതിന് ഉതകുന്നതുമാണ്. തണ്ണീർത്തടങ്ങൾ നികത്താൻ അനുമതി നൽകുന്നതു മുതൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ വരെ. നാം ഒന്നു ശ്രദ്ധിച്ചാൽ ആയിരമോ പതിനായിരമോ ഇരട്ടിയായി പ്രകൃതി ഇവിടെ തിരിച്ചു സുഖം തരുന്നുവെന്നുള്ളതിന്റെ തെളിവ് കൂടിയാണ് സുഭാഷ് പാർക്കിന്റെ ശീതള മേഖല, അവിടേക്ക് തീച്ചൂടിൽ നിന്ന് നടന്നു ചെല്ലുന്നവർക്ക് അനുഭവപ്പെടുത്തിക്കൊടുക്കുന്നത്. ഈ ഉഷ്ണകാലത്ത് പത്തുമിനിട്ടെങ്കിലും രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമൊക്കെ സുഭാഷ് പാർക്കിൽ ഈ അനുഭവത്തിനു വേണ്ടി ഒന്നു കയറിയിറങ്ങുന്നത് നന്നായിരിക്കും. എന്തു തന്നെയായാലും അവിടുത്തെ ശീതള മേഖലയ്ക്ക് കാരണക്കാരായ മനുഷ്യസ്‌നേഹികളെ ഇത്തരുണത്തിൽ ഓർക്കേണ്ടതുമാണ്.