അന്ത്യാത്താഴ സ്മരണവേളയില്‍ ചാനലുകളുടെ അജിനാമോട്ടോ റിപ്പോര്‍ട്ടിംഗ്

Glint staff
Fri, 30-03-2018 07:18:46 PM ;

alencherry-lastsupper-media

അമേരിക്കയുടെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി  മടങ്ങിയ കല്‍പ്പന ചൗള, ഭൗമ മണ്ഡലത്തിലേക്ക് പ്രവേശിച്ച നിമിഷം കഥാവശേഷയായി. അവരുടെ സ്‌പേസ് ഷട്ടിലായ കൊളമ്പിയയുടെ പുറത്തെ സിറാമിക് ടൈല്‍സിന് വായുമണ്ഡലത്തിലേക്ക് പ്രവേശിച്ചപ്പോഴുള്ള ഘര്‍ഷണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പോയാതാണ് അപകടത്തിന് കാരണം. അതുമൂലമുണ്ടായ നഷ്ടം വളരെ വലുത്. എങ്കിലും ആ അപകടം പോലും ചില അമൂല്യമായ അറിവുകള്‍ പകര്‍ന്നു നല്‍കി. 2018 മാര്‍ച്ച് 29ന് ഇന്ത്യ നൂതന സാങ്കേതികവിദ്യകളോടെയുളള ജിസാററ് 6 എ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.സൂക്ഷ്മതയുടെയും ശ്രദ്ധയുടെയും വിജയവും പരാജയവുമാണ് ഇവയൊക്കെ. ഈ ലോകത്തിലെ ഏതു പരീക്ഷണവും ഗവേഷണവും, ഏതു ശാസ്ത്രവും ഒരേ ഒരു ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. മനുഷ്യനുള്‍പ്പടെയുള്ള ഭൂമിയിലെ ജൈവ വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്തുക, അതിനെ ഭീഷണിയില്ലാതെ നിലനിര്‍ത്തുക എന്ന ലക്ഷ്യം.

 

കൊളമ്പിയയുടെ നിര്‍മ്മാണത്തെക്കാളും ജിസാറ്റ് 6എയുടെ നിര്‍മ്മാണത്തെക്കാളും സൂക്ഷ്മത ആവശ്യപ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തനം. ഒരു സ്‌പേസ് ഷട്ടിലിന്റെയോ ഉപഗ്രഹത്തിന്റെയോ നഷ്ടം പോലെയായിരിക്കില്ല മാധ്യമപ്രവര്‍ത്തനത്തിന്റെ സൂക്ഷമതയും ശ്രദ്ധയും ഒന്നു തെറ്റിയാല്‍ സംഭവക്കുക. അതുകൊണ്ടാണ് എല്ലാ ശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്ര പ്രയോഗത്തിനാണെന്നും, മറ്റെല്ലാ ശാസ്ത്രങ്ങളും സാമൂഹ്യ ശാസ്ത്രത്തേക്കാള്‍ താഴെയാണെന്നും വിവക്ഷിച്ചിട്ടുള്ളത്. സാമൂഹ്യശാസ്ത്രത്തെ അവഗണിച്ചുകൊണ്ട് ഭൗതിക ശാസ്ത്രത്തിന് മേല്‍ക്കൈ നല്‍കിയതിന്റെ ഫലമാണ് അര നൂറ്റാണ്ടുകൊണ്ട് ഭൂമി മനുഷ്യനുള്‍പ്പടെ ഒരു ജന്തുക്കള്‍ക്കും വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്നത്.
              

 

ജനായത്ത രാജ്യമായ ഇന്ത്യയില്‍ 2018ലെ അവസ്ഥ പരിഗണിക്കുമ്പോള്‍ സാമൂഹ്യശാസ്ത്ര പ്രയോഗത്തില്‍ സുപ്രീംകോടതിയേക്കാളും സുപ്രധാനമായ പങ്കാണ് മാധ്യമത്തിനുള്ളത്. കാരണം സുപ്രീംകോടതി പോലും നീതിയുടെ വഴിക്കു പോകുന്നില്ല എന്നുകണ്ടപ്പോള്‍ നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്നു പത്രസമ്മേളനം നടത്തുന്ന സ്ഥിതിയുണ്ടായി.
        

 

ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ മറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെക്കാള്‍ മേന്മയുള്ളവരാല്‍ നയിക്കപ്പെടേണ്ടതാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍. കാരണം ഇന്ന് സാമൂഹ്യശാസ്ത്രപ്രയോഗം നിര്‍ണ്ണയിക്കപ്പെടുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും നിശ്ചയിക്കപ്പെടുന്നത് മാധ്യമമെന്ന അച്ചുതണ്ടിനെ ആധാരമാക്കിക്കൊണ്ടാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ മറ്റ് മേഖലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും മേന്മ കുറഞ്ഞവരാണ് ഇന്ന് മാധ്യമങ്ങളിലുള്ളതെന്ന് കാണാന്‍ കഴിയും. നേര്‍ക്കണ്‍കാഴ്ചകള്‍ അഥവാ ക്യാമറയ്ക്ക് കാണാന്‍ കഴിയാവുന്നതിനപ്പുറം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഓരോ നിമിഷവും സര്‍ഗ്ഗാത്മകത അനിവാര്യമായ മേഖലയാണ് മധ്യമപ്രവര്‍ത്തനം. എന്നാല്‍ ഇന്ന് ഈ മേഘലയില്‍ ഒരു ശതമാനം പോലും കാണാന്‍ കഴിയാത്തതും അതാണ്.
      

 

2018 മാര്‍ച്ച് ഇരുപത്തെട്ടിലെ രണ്ടു വാര്‍ത്തകള്‍ ഏതാണ്ട് ഒരു പോലെയാണ് എല്ലാ ചാനലുകളും കൈകാര്യം ചെയ്്തത്. വിശേഷിച്ചും അന്ത്യാത്താഴ സ്മരണയുടെ വാര്‍ത്ത എല്ലാ ചാനലുളും ഒരേ പരിപ്രേക്ഷ്യത്തിലാണ്  അവതരിപ്പിച്ചത്. ചാനലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഏഷ്യാനെറ്റ് ആയതിനാല്‍ ആ വാര്‍ത്തയിലേക്കു നോക്കാം. രാവിലെ ലക്ഷ്മി പത്മ വാര്‍ത്ത അവതരിപ്പിക്കുന്നു. അന്ത്യ അത്താഴ സ്മരണ ഉണര്‍ത്തിക്കൊണ്ട് കേരളത്തിലെ പ്രധാന പളളികളില്‍ നടന്ന ചടങ്ങ് ദൃശ്യങ്ങളുടെ അകമ്പടിയോടെ കാണിച്ചു. ആ വാര്‍ത്തകളില്‍ കൂടുതലും കാണിച്ചത് സീറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ശുശ്രൂഷയും പ്രഭാഷണവും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗവുമാണ്.
         

ആലഞ്ചേരിയുടെ മുഖം കാണുമ്പോള്‍ തന്നെ കാണികളിലും വിശ്വാസികളിലും ഉണ്ടാവുക അന്ത്യാത്താഴ സ്മരണയല്ല. മറിച്ച് ഭൂമി വിവാദവും കുറ്റാരോപിതനായ ഒരു പ്രതിയുടെ പ്രതിഛായയുമാണ്. പരിവര്‍ത്തനമാണ് ഈ വേളയില്‍ മനുഷ്യന്‍ ആര്‍ജ്ജിക്കേണ്ടത് എന്ന് അദ്ദേഹത്തിന്റെ പേരില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നു. കാല്‍കഴുകല്‍ ശുശ്രൂഷയുടെ വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെയുളള പോരാട്ടവുമായി മുന്നോട്ടു പോകുമെന്നുള്ള, അദ്ദേഹത്തിനെതിരെ നീങ്ങിയിരിക്കുന്നവരുടെ വാര്‍ത്തയാണ്.  സുപ്രീം കോടതി കര്‍ദിനാളിനെതിരെ കടുത്ത നിരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ നീക്കം കൂടുതല്‍ പ്രസക്തമാകുന്നുവെന്നുള്ള അവരുടെ പറച്ചിലും ചേര്‍ത്തുകൊണ്ടാണ് വാര്‍ത്ത. അതിനു പിന്നാലെയാണ് ജിസാറ്റ് 6എയുടെ വിക്ഷേപണ വാര്‍ത്ത വരുന്നത്.
        

ശാസ്ത്രത്തിന്റെ ഏറ്റവും നൂതനമായ സങ്കേതമുപയോഗിച്ചുകൊണ്ടുള്ള നിര്‍മാണമാണ് ജിസാറ്റ് 6 എയുടേത്. സ്വാഭാവികമായും അത്രയും ശാസ്ത്രീയമായ നുതനത്വം വാര്‍ത്താ കണ്ടെത്തലിലും അവതരണത്തിലും ഉണ്ടാകുമ്പോള്‍ മാത്രമാണ് ജിസാറ്റ് 6എയുടെ ഫലം ജനത്തിനു ലഭ്യമാകുക. അപ്പോള്‍ മാത്രമാണ് നികുതി ദായകരുടെ എഴുപതുകോടി രൂപ ആ ഉപഗ്രഹത്തിനു വേണ്ടി ചെലവഴിച്ചത് സാര്‍ഥകമാവുകയുള്ളൂ. എന്നാല്‍ അതു സംഭവിക്കുന്നില്ല എന്നതാണ് മാര്‍ച്ച് 29ലെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
       

 

ക്രിസ്തുമത വിശ്വാസികള്‍ ഒന്നര മാസത്തോളം നോമ്പെടുത്തിട്ടാണ് ആത്മശുദ്ധിയുടെ ഈ വേളയിലേക്ക് കടക്കുന്നത്. എത്രമാത്രം പ്രാധാന്യമാണ് അങ്ങനെയുളള ക്രൈസ്തവര്‍ക്ക് പെസഹയും ഈസ്റ്ററുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. അന്ത്യാത്താഴ സ്മരണയെന്നാല്‍ നോമ്പുനോക്കുന്ന വ്യക്തി അവനവന്റെ ഉളളിലേക്കു നോക്കി സ്വയം പരിവര്‍ത്തനത്തിനു തയ്യാറാകുന്ന വേളയാണ്. അന്ത്യാത്താഴം ഒരുക്കിയ വീട്ടുടമ ആരെന്നറിയുന്നില്ല. അതേ സമയം എല്ലാം ഒരുക്കിയിരിക്കുന്നു. അതുപോലെയാകണം യഥാര്‍ത്ഥ ആതിഥേയന്‍ എന്ന് ക്രിസ്തുവിനെക്കൊണ്ട് ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസ്സസ് ക്രൈസ്റ്റിലൂടെ കസാന്‍ദ് സാക്കിസ് പറയിക്കുന്നു, അതുപോലെ മരണമാണ് അനശ്വരതയിലേക്കുള്ള വാതിലെന്നും. ഇതൊക്കെ മാനവരാശിയെ എക്കാലത്തും പരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ പോന്നതാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുമസ്സിനേക്കാള്‍ പ്രാധാന്യത്തോടെ ഈസ്റ്ററിനെ കാണുന്നത്.
       

ഒരു സംഗതി വാര്‍ത്തയാക്കുമ്പോള്‍ അതിന്റെ കാമ്പ് അഥവാ സന്ദേശം എന്താണ് എന്നറിയുക എന്നതാണ് മാധ്യമ റിപ്പോര്‍ട്ടിംഗിന്റെ മുഖ്യദൗത്യം. അന്ത്യാത്താഴ സ്മരണ പുതുക്കുമ്പോള്‍ റിപ്പോര്‍ട്ടിംഗിലൂടെ ആ സ്മരണയുടെ സന്ദേശം കാണികളില്‍ നിക്ഷേപിക്കുക എന്നതാണ് സാമൂഹ്യശാസ്ത്രമായി മാധ്യമപ്രവര്‍ത്തനത്തെ കാണുമ്പോള്‍ ചെയ്യേണ്ടത്. ഒരു തട്ടിപ്പു കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കര്‍ദിനാള്‍ ആ സഭയിലെ അന്ത്യാത്താഴ ശുശ്രൂഷ കൊടുക്കേണ്ടി വരുന്നത് ക്രിസ്ത്യാനികളുടെ മാത്രം ഗതികേടല്ല. മറിച്ച് മനുഷ്യ സമുദാത്തിന്റെ തന്നെ ശോച്യാവസ്ഥയാണ്. ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തിലാണ് ദാഹിക്കുന്നവര്‍ക്ക് ജലമെന്നപോലെ ഈസ്റ്ററിന്റെ യഥാര്‍ത്ഥ സന്ദേശം റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി ജനങ്ങളില്‍ നിക്ഷേപിക്കേണ്ടത്.
         

നോമ്പെടുത്ത് നിന്ന ക്രിസ്തുമത വിശ്വാസികള്‍ അന്ത്യാത്താഴ സ്മരണവേളയില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി വിവാദമാണ് ഓര്‍ക്കുന്നതെങ്കില്‍ ആ നോമ്പെടുപ്പും ഈ ഈസ്‌റററും അവരെ സംബന്ധിച്ചിടത്തോളം അര്‍ത്ഥശൂന്യമായിപ്പോയി. മാത്രമല്ല അശുദ്ധിയുടെ പടുകുഴിയിലേക്ക് ആനയിക്കപ്പെടുകയും ചെയ്യുന്നു. കാരണം അതുകാണുമ്പോള്‍ ഉളളില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിക്കു പകരം നരകത്തിലേക്കുള്ളതാണ് തെളിയുന്നത്. അതിനാല്‍ ഈ വര്‍ഷത്തെ അന്ത്യാത്താഴ സ്മരണയും ഈസ്റ്ററും ഏതുവിധം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങള്‍ വിശേഷിച്ചും ചാനലുകള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് നൂതനമായ രീതി കണ്ടെത്തേണ്ടതായിരുന്നു. ചാനലുകള്‍ തുടങ്ങിയ കാലം മുതല്‍ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു വരുന്നതാണ് ഇപ്പോള്‍ കാണിക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍. എന്തൊരു ഭാവനാ രാഹിത്യമാണത്.  ആവര്‍ത്തനവിരസത പോലെ മനുഷ്യജന്മത്തിന് നാശോന്മുഖമായ മറ്റൊന്നില്ല. ആലഞ്ചേരിയെപ്പോലും ആധാരമാക്കി  അദ്ദേഹമുള്‍പ്പെട്ട തട്ടിപ്പിലേക്ക് ശ്രദ്ധ പോകാതെ വേണമെങ്കില്‍ അന്ത്യാത്താഴ സ്മരണയുടെ സര്‍ഗ്ഗാത്മകമായ റിപ്പോര്‍ട്ടിംഗ് നടത്താമായിരുന്നു.
               

അധമ മനുഷ്യര്‍ തങ്ങളുടെ വേദന അകറ്റുന്നതിനായി സംഭാഷണം നടത്തുമ്പോള്‍ പ്രത്യക്ഷത്തില്‍ കുറ്റം പറയാനാകാത്ത രീതിയില്‍ ഭാഷണത്തിനുള്ളില്‍ വിഷം നിറയ്ക്കും. അതിനെയാണ് കുത്തുവാക്ക് എന്നു പറയുന്നത്. അതുപൊലെയായിരുന്നു ഇത്തവണത്തെ അന്ത്യാത്താഴ സ്മരണ പുതുക്കല്‍ . ആലഞ്ചേരിയെ വിശദമായി കാണിച്ചു. എന്നിട്ട് അതിനു തൊട്ടു പിന്നാലെ അദ്ദേഹത്തിനെതിരെ നീങ്ങുന്നവരുടെ അഭിമുഖത്തോടുകൂടിയുള്ളു വാര്‍ത്ത. നൂതനമായ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും അപരിഷ്‌കൃതമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിന്റെ നല്ല ഉദാഹരണമാണിത്.
          

അന്ത്യാത്താഴത്തിന്റെയും ഈസ്റ്ററിന്റെയും ആശയം സഭയ്ക്ക് തന്നെ അറിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടാണ് സീറോ മലബാര്‍സഭയില്‍ ഭൂമി തട്ടിപ്പ് നടന്നത്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളായിരുന്നു ആ ഓര്‍മ്മപ്പെടുത്തല്‍ നടത്തേണ്ടിയിരുന്നത്. അന്ത്യാത്താഴത്തിന്റെയും ഈസ്റ്ററിന്റെയും സന്ദേശം എന്താണെന്ന് അറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നേ സര്‍ഗ്ഗാത്മകമായ റിപ്പോര്‍ട്ടിംഗും വരികയുള്ളു. ഇവിടെ ആലഞ്ചേരിയെ ഒന്നുകൂടി അപഹാസ്യനാക്കി അവതരിപ്പിച്ച് ജീര്‍ണ്ണതയുടെ ആക്കം കൂട്ടാമെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. യഥാര്‍ത്ഥ പ്രാര്‍ത്ഥനയോടെ ഈസ്റ്ററിലേക്ക് നീങ്ങുന്ന വിശ്വാസികളെ ആ റിപ്പോര്‍ട്ടിംഗ് വല്ലാതെ  വിഷമിപ്പിച്ചിട്ടുമുണ്ടാകും. പാവനമായ മൂഹൂര്‍ത്തത്തില്‍ അശ്ലീലം കാണുന്നതും കേള്‍ക്കുന്നതും പോലെയായിരുന്നു ഇത്തവണത്തെ അന്ത്യാത്താഴ സ്മരണ റിപ്പോര്‍ട്ടിംഗ്.  സര്‍ഗ്ഗശേഷിയില്ലെങ്കിലും പാവനമായ മുഹൂര്‍ത്തത്തില്‍ അശ്ലീലം പ്രയോഗിക്കരുതെന്ന ഔചിത്യമെങ്കിലും പാലിക്കാന്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്.
         

ശാസ്ത്രജ്ഞര്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുമ്പോള്‍ അതിനേക്കാള്‍ സൂക്ഷ്മമായ സാമൂഹ്യശാസ്ത്രപ്രയോഗം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. അവിടെ ആ ശാസ്ത്രജ്ഞരെക്കാള്‍ മുകളിലാവും മാധ്യമപ്രവര്‍ത്തകരുടെ സ്ഥാനം. അപ്പോഴാണ് അവരെ സമൂഹം ബഹുമാനത്തോടെ കാണുന്നതും മാധ്യമപ്രവര്‍ത്തനം സാമൂഹ്യശാസ്ത്രമാകുന്നതും. അല്ലാത്ത പക്ഷം അത് സാമൂഹ്യദ്രോഹമായി പരിണമിക്കും.

 

 

Tags: