Skip to main content

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള 7 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ്. വീട്ടിലേക്ക് മടങ്ങുകയാണെന്നും ഇനി 7 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ തുടരുമെന്നും പൃഥ്വി വ്യക്തമാക്കി. 

എന്റെ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു. ഇനി വീട്ടില്‍ 7 ദിവസത്തെ ക്വാറന്റൈന്‍. വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ പോകുന്നവരോടും ഇരിക്കുന്നവരോടുമായി, വീട്ടിലേക്ക് മടങ്ങുക എന്നാല്‍ നിങ്ങളുടെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു എന്നല്ല  അര്‍ത്ഥം. ക്വാറന്റൈനില്‍ നിര്‍ദേശിച്ച എല്ലാ ചട്ടങ്ങളും പാലിക്കണം. അധികാരികള്‍ നിര്‍ദേശിച്ച രോഗം പടരാന്‍ ഏറ്റവും അധികം സാധ്യതയുള്ള വിഭാഗക്കാര്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. 

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്ന പൃഥ്വിരാജും സംഘവും മെയ് 22നാണ് ജോര്‍ദാനില്‍ നിന്ന് നാട്ടിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജ് പോയത്.