Skip to main content

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഫെഫ്കയും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ എന്നീ സംഘടനകളും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 

വിലക്ക് നീക്കി ഫെഫ്കയ്ക്ക് പിഴ ചുമത്തിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സുപ്രിംകോടതി കൂടി ഹര്‍ജി തള്ളിയതോടെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഒഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് സംഘടനകള്‍ക്ക് അനുസരിക്കേണ്ടി വരും. താര സംഘടനയായ അമ്മയ്ക്ക് 4 ലക്ഷം രൂപയും ഡയറക്ടേഴ്‌സിന്റെ സംഘടനയായ ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. പിന്നീട് 2020 മാര്‍ച്ചിലാണ് ഈ പിഴ ശിക്ഷ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചത്. 

2008- ലാണ് അമ്മ സംഘടനയും,ഫെഫ്കയും വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിനയനെ പുറത്താക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെ തന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതില്‍ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും സംഘടനകള്‍ നിര്‍ബന്ധിച്ച് പിന്തിരിപ്പിച്ചെന്ന ആരോപണം ഉയര്‍ത്തി വിനയന്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.