ദി പ്രീസ്റ്റ് 2021 ലെ മികച്ച മെഗാ ഹിറ്റ് സിനിമയെന്ന് ഋഷിരാജ് സിംഗ്

Glint desk
Fri, 12-03-2021 11:54:01 AM ;

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിനെ പ്രശംസിച്ച് ഋഷിരാജ് സിംഗ് ഐ.പി.എസ്. ഹോളിവുഡ് സ്‌റ്റൈലിലുള്ള സിനിമ എല്ലാവരും തീയറ്ററില്‍ തന്നെ കാണണമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം നിര്‍ദേശിച്ചു. ദി പ്രീസ്റ്റ് 2021 ലെ മികച്ച മെഗാ ഹിറ്റ് സിനിമയായി മാറും എന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

ഋഷിരാജ് സിംഗിന്റെ കുറിപ്പ്

The Priest'- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം - ഹോളിവുഡ് സ്‌റ്റൈലില്‍ എടുത്ത മലയാളം സിനിമ. ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതും മരണശേഷം ആത്മാവ് മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നതും പ്രതികാരം ചെയ്യുന്നതും നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ സയന്‍സും അംഗീകരിക്കുന്നുണ്ട്. പാരാസൈക്കോളജിയില്‍ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാളുടെ ശരീരത്തിലെ പ്രേത ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നമ്മള്‍ കണ്ടിട്ടുണ്ട്. 'The Exorcist ' എന്ന പേരില്‍ ഹോളിവുഡില്‍ സിനിമകളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തില്‍ ആണെങ്കില്‍ 'മണിച്ചിത്രത്താഴും' ഇതുപോലുള്ള ഒരു സിനിമയായിരുന്നു. ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എന്നാല്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമയാണ് 'The Priest'.

മമ്മൂട്ടിയുടെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് പോലെ തെളിയിക്കപ്പെടാത്ത കേസുകള്‍ കണ്ടുപിടിക്കുന്ന ഫാദര്‍ ബെനഡിക്റ്റ് എന്ന പുരോഹിതന്‍ ആയിട്ടാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ 34 വര്‍ഷ കാലത്തിനിടയ്ക്ക് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഈ സിനിമയില്‍ പുരോഹിതനാണെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ മികവുകളും കാണാന്‍ കഴിയും.

മാതാപിതാക്കള്‍ വളരെ ചെറുപ്പകാലത്തുതന്നെ നഷ്ടപ്പെട്ടെങ്കിലും അനുജത്തിയെ യാതൊരു കുറവുകളും ഇല്ലാതെ നോക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിനു സാധിക്കാതെ പോകുന്ന ഒരു ചേച്ചിയുടെ കഥാപാത്രമായി മഞ്ജു വാര്യര്‍ വളരെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഈ സിനിമ കാണുമ്പോള്‍ സൂസന്‍ എന്ന റോള്‍ മഞ്ജു വാര്യര്‍ക്ക് വേണ്ടി മാത്രം എഴുതിയതായി തോന്നുന്നു.

ബേബി മോണിക്കയുടെ അമേയ എന്ന കഥാപാത്രം സാധാരണയുള്ള ബാലതാരങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ അഭിനയമാണ് അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ കഥ തന്നെ മുന്നോട്ടു പോകുന്നത് ഈ കുട്ടിയുടെ അസ്വസ്ഥതകളില്‍ നിന്നുമാണ്. അനാഥാലയത്തില്‍ താമസിക്കുന്ന ഒരു കുട്ടിയുടെ പ്രശ്‌നങ്ങള്‍ നിഖില വിമല്‍ (ജെസ്സി ടീച്ചര്‍) മനസ്സിലാക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും വളരെ നല്ല രീതിയില്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.അനാഥാലയം നടത്തുന്ന വളരെ കാരുണ്യം ഉള്ള സിസ്റ്റര്‍ ആയി സാനിയയും അഭിനയിച്ചിരിക്കുന്നു.

രമേശ് പിഷാരടി ഡോക്ടര്‍ ആയും ജഗദീഷ് വക്കീല്‍ ആയും കൊച്ചുപ്രേമന്‍ ലൈബ്രേറിയനായും ശ്രീനാഥ് ഭാസി സുഹൃത്തായും, മധുപാല്‍, വെങ്കിടേഷ്, ടി.ജി.രവി തുടങ്ങിയവരും അവരുടേതായ തനത് ശൈലിയില്‍ ഉള്ള അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ഡി.വൈ.എസ്.പി ശേഖറിന്റെ അഭിനയവും വ്യത്യസ്തത പുലര്‍ത്തുന്നതാണ്.

ഈ സിനിമയില്‍ രാഹുല്‍ രാജിന്റെ ബാഗ്രൗണ്ട് മ്യൂസിക് സിനിമയിലെ ഹൊറര്‍, സസ്‌പെന്‍സ്, മിസ്ട്രി രംഗങ്ങളെ വളരെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചിട്ടുണ്ട്. ബാഗ്രൗണ്ട് മ്യൂസിക് നല്ലരീതിയില്‍ ആസ്വദിക്കണമെങ്കില്‍ തീയേറ്ററില്‍ തന്നെ സിനിമ കാണേണ്ടതാണ്. എഡിറ്റര്‍ ഷമീര്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും കൂടി എഡിറ്റ് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ജോഫിന്‍ ചാക്കോയാണ് സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. ഒരു തുടക്കക്കാരന്റെ സിനിമയാണെന്ന് ഇത് കണ്ടാല്‍ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. ശ്യാം മേനോനും ദീപു പ്രദീപുമാണ് സ്‌ക്രീന്‍പ്ലേ നിര്‍വഹിച്ചിരിക്കുന്നത്. എല്ലാവരും തിയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ് 'The priest'. 2021 ലെ മികച്ച മെഗാ ഹിറ്റ് സിനിമയായി മാറും എന്നതില്‍ യാതൊരു സംശയവുമില്ല.

Tags: