തീയറ്ററുകള്‍ തുറക്കണോയെന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം; മാലിക്, മരക്കാര്‍ റിലീസ് മാറ്റും?

Glint desk
Tue, 20-04-2021 02:16:42 PM ;

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നത് തടയാനായി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഒന്നുകില്‍ തീയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം, ഏഴ് മണി വരെ പ്രദര്‍ശനം നടത്തി അടയ്ക്കാം. അതല്ലെങ്കില്‍ അടച്ചിടാം ഇത് തീയറ്ററുടമകള്‍ തന്നെ തീരുമാനിക്കട്ടെയെന്നാണ് ഫിയോക് പറയുന്നത്. 

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ റിലീസ് നീട്ടി വയ്ക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെ റിലീസും നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മാറ്റുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. നിലവില്‍ മെയ്-13 ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അന്ന് തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്റോ ജോസഫ് പറയുന്നു. 

രജിഷ വിജയന്‍ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായര്‍ ചിത്രം ഖോ ഖോയുടെ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. കൊവിഡ് പ്രോട്ടോകോള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര  മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. 

Tags: