സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പോലീസാണ് വി.എ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് പരാതി നല്‍കിയത്. സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന സിനിമയുടെ സംവിധായകനാണ് വി.എ.ശ്രീകുമാര്‍. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ് നടന്നത്. ആലപ്പുഴ ഡി.വൈ.എസ്.പി പൃത്ഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ശ്രീകുമാര്‍ മേനോനുള്ളത്. പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാര്‍ വ്യവസായ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നല്‍കാന്‍ ശ്രീകുമാര്‍ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
പുഷ് ഇന്റഗ്രേറ്റഡ്, എര്‍ത്ത് ആന്‍ഡ് വാട്ടര്‍ എന്നീ പരസ്യകമ്പനികളുടെ ഉടമ കൂടിയാണ് ശ്രീകുമാര്‍. നേരത്തെ മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റിലായിരുന്നു. തന്നെ അപായപ്പെടുത്താനും അപകീര്‍ത്തി പെടുത്താനും ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു അന്നത്തെ അറസ്റ്റ്. ഒടിയന്‍ സിനിമ ചിത്രീകരണ വേളയില്‍ ഉണ്ടായ സംഭവങ്ങളാണ് പരാതിക്ക് ആധാരം.