Skip to main content

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ സീസണ്‍ ടു നിരോധിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ഭാരതി രാജ. മന്ത്രിയുള്‍പ്പടെയുള്ള തമിഴര്‍ ആവശ്യപ്പെട്ടിട്ടും സീരീസിന്റെ സ്ട്രീമിംഗ് നിര്‍ത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് ഭാരതിരാജ ട്വിറ്ററില്‍ കുറിച്ചു.

തമിഴ് ഈലത്തിനു വേണ്ടിയുള്ള പോരാളികളുടെ ചരിത്രം അറിഞ്ഞു കൂടാത്തവരാണ് അണിയറ പ്രവര്‍ത്തകരെന്ന് സീരീസ് കാണുമ്പോള്‍ മനസ്സിലാകും. നല്ല ഉദ്ദേശ്യങ്ങളും വീര്യവും ത്യാഗവും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ ഞാന്‍ ശക്തമായി അപലപിക്കുകയാണ്. തമിഴ്, മുസ്ലിം, ബംഗാളി വിഭാഗങ്ങളെ മോശം രീതിയിലാണ് സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉടന്‍ തന്നെ സീരീസിന്റെ സ്ട്രീമിംഗ് നിര്‍ത്തണമെന്ന് പ്രസ്താവന മുഖേന ഭാരതിരാജ കേന്ദ്ര വാര്‍ത്ത പ്രേക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിനോട് ആവശ്യപ്പെട്ടിരുന്നു.

സീരീസ് തുടര്‍ന്നും സ്ട്രീം ചെയ്താല്‍, ലോകമെമ്പാടുമുള്ള തമിഴര്‍ ആമസോണിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ്സുകളും സേവനങ്ങളും ബഹിഷ്‌കരിക്കുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തമിഴ്നാട് സ്വദേശികളായ നെറ്റിസണുകളും രാഷ്ട്രീയക്കാരും സീരീസ് നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെയാണ് ഭാരതിരാജയുടെ പ്രസ്താവന വന്നിരിക്കുന്നത്.

സീരീസ് സ്ട്രീം ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാമ തമിലാര്‍ കാച്ചിയുടെ (എന്‍.ടി.കെ) നേതാവ് സീമാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഇന്ത്യയിലെ മേധാവി അപര്‍ണ പുരോഹിന് കത്ത് നല്‍കിയിരുന്നു. സീരീസില്‍ തമിഴരെ തെറ്റായി ചിത്രീകരിക്കുകയാണെന്നും വിമോചന പോരാട്ടത്തെ വളച്ചൊടിക്കുകയാണെന്നുമാണ് അദ്ദേഹം കത്തില്‍ എഴുതിയത്. സീരീസിന്റെ സ്ട്രീമിംഗ് നിര്‍ത്താതിരുന്നാല്‍ ലോകമെമ്പാടുമുള്ള തമിഴരെ സംഘടിപ്പിച്ച് ആമസോണ്‍ സേവനങ്ങല്‍ ഉപേക്ഷിക്കുന്നതിനായി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.

സീരീസിന്റെ റിലീസിന് മുന്നോടിയായി മെയ് 24 ന് തമിഴ്നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. വെബ് സീരീസ് ''ഈലം തമിഴരെ വളരെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചു'' എന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. മനോജ് ബാജ്‌പേയ്, പ്രിയാമണി, സമന്ത അക്കിനേനി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലിമാന്റെ സംവിധായകരും നിര്‍മാതാക്കളും.