ദളപതി 65; കയ്യില്‍ മെഷീന്‍ ഗണ്ണുമായി വിജയ്, ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

Glint desk
Tue, 22-06-2021 10:59:43 AM ;

മാസ്റ്ററിന് ശേഷം നടന്‍ വിജയ് നായകനാകുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബീസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വിജയുടെ ജന്മദിനത്തിന് മുന്നോടിയായാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. തോക്ക് കൈയ്യിലേന്തി നില്‍ക്കുന്ന വിജയിയുടെ സ്‌റ്റൈലിഷ് ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വിജയിയുടെ അറുപത്തിയഞ്ചാമത്തെ ചിത്രമായതിനാല്‍ ദളപതി 65 എന്നായിരുന്നു താത്കാലികമായി നല്‍കിയിരുന്ന പേര്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. എട്ട് വര്‍ഷത്തിന് ശേഷമാണ് പൂജ ഹെഗ്ഡെ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജീവയോടൊപ്പം അഭിനയിച്ച 'മുഗംമൂടി ' ആണ് പൂജയുടെ ആദ്യ തമിഴ് ചിത്രം

സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജോര്‍ജിയയില്‍ പൂര്‍ത്തിയാക്കിയിരുന്നു, കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജൂലൈ ഒന്നിന് ചെന്നൈയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍. ചിത്രീകരണത്തിനായുള്ള ലൊക്കേഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഒരു പാട്ട് സീനായിരിക്കും ആദ്യം ചിത്രീകരിക്കുക.

മലയാളി താരം അപര്‍ണ ദാസും യോഗി ബാബുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍ ആനിമേഷന്‍. മെഷിന്‍ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം സിനിമയുടെ ഫസ്റ്റ്‌ലുക്ക് ടീസറിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം. 2022 ല്‍ പൊങ്കല്‍ റിലീസായാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്.

Tags: