മുണ്ടൂര്‍ മാടനായി പവന്‍ കല്യാണ്‍, ഭീംല നായികിനൊപ്പം 'ആടകചക്കോ'യും

Glint desk
Sun, 15-08-2021 01:06:55 PM ;

തെലുങ്ക് സിനിമാ പ്രേമികള്‍ക്കൊപ്പം മലയാളി പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് പവന്‍ കല്യാണ്‍ നായകനായ അയ്യപ്പനും കോശിയും റീമേക്ക്. പവന്‍ കല്യാണ്‍ എന്ന മെഗാതാരത്തിന്റെ താരമൂല്യത്തിനൊത്ത മാറ്റങ്ങള്‍ വരുത്തുമെങ്കിലും മലയാളം പതിപ്പിനോട് അടുത്ത് നില്‍ക്കുന്ന ചിത്രമായിരിക്കും റീമേക്ക് എന്ന സൂചനയാണ് ഭീംലനായക് എന്ന ഫസ്റ്റ് സോംഗ് ടീസര്‍ നല്‍കുന്നത്. അയ്യപ്പന്‍ കോശി തീം സോംഗ് ആയ 'ആടകചക്കോ' തെലുങ്ക് വേര്‍ഷനാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മലയാളത്തില്‍ ജേക്സ് ബിജോയ് ഒരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോംഗ് വലിയ മാറ്റമില്ലാതെയാണ് എസ് തമന്‍ തെലുങ്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോശിയെ അയ്യപ്പന്‍ നായര്‍ ലോഡ്ജിലെത്തി നെഞ്ചിന് പൂട്ടാന്‍ നോക്കുന്ന രംഗത്തിന്റെ തെലുങ്ക് പതിപ്പാണ് പാട്ടിലുള്ളത്. എസ്.ഐ അയ്യപ്പന്‍ നായര്‍ തെലുങ്കില്‍ എസ്.ഐ ഭീംല നായക് ആണ്. ബിജു മേനോന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെത്തിയ കഥാപാത്രം തെലുങ്കില്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞാണ് എത്തുന്നത്. ത്രിവിക്രമാണ് തെലുങ്ക് തിരക്കഥ. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം.

സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും സമീപവര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്ന് പുറത്തുവന്ന മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. മലയാളത്തിലെ മാസ് എന്റര്‍ടെയിനര്‍ സിനിമകളുടെ ശൈലി തന്നെ മാറ്റി മറിച്ച ചിത്രവുമായിരുന്നു അയ്യപ്പനും കോശിയും.

കോശിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അയ്യപ്പന്‍-കോശി യുദ്ധത്തിന്റെ ഓപ്പണിംഗ് അരങ്ങേറുന്ന രംഗങ്ങളുടെ മേക്കിംഗ് വീഡിയോ നേരത്ത പുറത്തുവന്നിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി ജോണിനോട് ലുക്കില്‍ സാമ്യമുള്ള രീതിയിലാണ് റാണ ദഗ്ഗുബട്ടി. പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ആരാധകരെ ത്രസിപ്പിക്കുന്ന ചേരുവകളോടെയാകും റീമേക്ക്.

Tags: