Skip to main content

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നു. സൂപ്പര്‍താരം ചിരഞ്ജീവിയുടെ 153ാമത് ചിത്രമായാണ് ഗോഡ്ഫാദര്‍ എന്ന പേരില്‍ റീമേക്ക് വരുന്നത്. ജയം, തനി ഒരുവന്‍, വേലായുധം, വൈലൈക്കാരന്‍ എന്നീ സിനിമകളൊരുക്കിയ മോഹന്‍രാജ(ജയം രാജ)യാണ് ലൂസിഫര്‍ തെലുങ്ക് സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു.

മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ നയന്‍താരയും, വിവേക് ഒബ്റോയി അവതരിപ്പിച്ച വില്ലനെ സത്യദേവും അവതരിപ്പിക്കും. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയാണ്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മ്മാതാക്കളായുണ്ട്.

മെഗാസ്റ്റാറിനോടുള്ള സ്നേഹം വെളിവാക്കുന്ന സൂപ്പര്‍ ഹൈ മ്യൂസിക് ആയിരിക്കും സിനിമയിലേതെന്ന് മോഹന്‍രാജ ട്വീറ്റ് ചെയ്തു. ലൂസിഫര്‍ തെലുങ്ക് റീമേക്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥാകൃത്ത്.