മൊട്ടയടിച്ച് കിടിലന്‍ മേക്കോവറില്‍ ഫഹദ്; ഇത് പുഷ്പയിലെ വില്ലന്‍ ഭന്‍വര്‍ സിങ് ഷെഖാവത് ഐ.പി.എസ്

Glint Desk
Sat, 28-08-2021 01:51:22 PM ;

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മൊട്ടയടിച്ച് കിടിലന്‍ മേക്കോവറിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഫഹദ് എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ക്രൂരനും അഴിമതിക്കാരനുമായ പോലീസ് ഓഫീസറെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് സിനിമയില്‍ ഫഹദ് ഫാസില്‍ മുഴുനീള നെഗറ്റീവ് റോളിലെത്തുന്നുവെന്ന പ്രത്യേകതയും പുഷ്പയില്‍ ഉണ്ട്.

തിന്മയുടെ പ്രതിരൂപമായ ഒരാള്‍ എന്ന് പുഷ്പ ടീം ഷെഖാവത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ പുഷ്പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലെത്തുക. 

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ്. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച എല്ലാ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ച ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം കൈകാര്യം ചെയ്യുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. നിര്‍മാണം ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സാണ്. അങ്ങ് വൈകുണ്ഠപുരത്ത്, രംഗസ്ഥലം എന്നീ ചിത്രങ്ങള്‍ വിജയമായിരുന്നു.

പുഷ്പരാജ് എന്ന നെഗറ്റീവ് ഷേഡുള്ള കള്ളക്കടത്തുകാരനായി അല്ലു അര്‍ജുനും അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായി ഫഹദും എത്തുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗം ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നും റിലീസ് ചെയ്യാനായിരുന്നു ആദ്യ ആലോചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ മൂലം തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് പുഷ്പയുടെ റിലീസ് തീയതി ഡിസംബറിലേക്ക് മാറ്റിയത്.

Tags: