മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന്് 70-ാം ജന്മദിനം. മോഹന്‍ലാല്‍ കമല്‍ ഹാസന്‍ പൃഥ്വിരാജ് മഞ്ജു വാര്യര്‍ തുടങ്ങി സിനിമാലോകവും ആരാധകരും മമ്മൂട്ടിയെ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തിലെ വിഭിന്നമായ പ്രാദേശികഭാഷാ വഴക്കങ്ങള്‍ മമ്മൂട്ടിയോളം പൂര്‍ണ്ണതയില്‍ സ്‌ക്രീനില്‍ എത്തിച്ച അഭിനേതാക്കളില്ല. അഭിനയവീഥിയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയെങ്കിലും ഇന്നും മമ്മൂട്ടി മത്സരിക്കുന്നത് പുതുമുഖങ്ങളോടാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായുള്ള തന്റെ അഭിനിവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.
1971 ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബര്‍മതി, ദേവലോകം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ ഒന്‍പത് വര്‍ഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യപ്രതിഭയ്ക്ക്. 1980 ലെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്നു. 1987 ല്‍ പുറത്തിറങ്ങിയ ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടന്റെ താരോദയം സംഭവിക്കുന്നത്. അക്കാലത്തെ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ന്യൂ ഡല്‍ഹി. 2.5 കോടി രൂപയാണ് സിനിമ അന്ന് വാരിയത്. മമ്മൂട്ടിയെ പോലെ നവാഗതരായ നിരവധി തിരക്കഥാകൃത്തുക്കളേയും സംവിധായകരേയും മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ മറ്റൊരു സൂപ്പര്‍താരവും ഇല്ല.