നടിമാരായ ഭാവന, രമ്യ നമ്പീശന്‍, ശില്പ ബാല, മൃദുല മുരളി ഗായിക സയനോര എന്നിവര്‍ ചേര്‍ന്ന് മനോഹരമായ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂട്ടുകാരുടെ ഈ രസകരമായ വീഡിയോയ്ക്ക് പിന്തുണയുമായി ആരാധകരെത്തിയെങ്കിലും ബോഡിഷെയ്മിങ് നടത്തിയുമുള്ള വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സയനോരയ്ക്കും സുഹൃത്തുക്കള്‍ക്കും ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തുക്കളും. സയനോരയും സംഘവും നൃത്തം ചെയ്ത അതേ ഗാനത്തിന് ചുവടുകള്‍ വച്ചാണ് സിതാരയും സംഘവും പിന്തുണ അറിയിച്ചിരിക്കുന്നത്.
'ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒത്തുചേരുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്. ഞങ്ങള്‍ ഞങ്ങളാണ്. ചിലപ്പോള്‍ ഹൃദയം തുറന്ന് ഉറക്കെ ചിരിച്ചേക്കാം, ചിലപ്പോള്‍ കരഞ്ഞേക്കാം, ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു. ഇത് വളരെ പ്രധാനമാണ്, ആവശ്യമാണ്.ഇത് ഞങ്ങള്‍ സയനോരയ്ക്കും അവളുടെ സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു'... വീഡിയോയ്‌ക്കൊപ്പം സിതാര കുറിച്ചു. സിതാരയുടെ വീഡിയോയ്ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
സയനോര തന്നെ വിമര്‍ശനങ്ങള്‍ക്ക് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരുന്നു. 'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി' എന്ന ഹാഷ്ടാഗോടെ നൃത്തം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന അതേ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി.