മരക്കാര്‍ തിയറ്ററില്‍ തന്നെ, ഡിസംബര്‍ 2ന് ഗ്ലോബല്‍ റിലീസ്

Glint Desk
Thu, 11-11-2021 06:46:58 PM ;

മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസില്‍ വീണ്ടും ട്വിസ്റ്റ്. ചിത്രം തിയറ്റര്‍ റിലീസായി എത്തും. ഒ.ടി.ടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രിമിയര്‍ നിശ്ചയിച്ച ചിത്രം തിയറ്ററിലൂടെ പുറത്തിറക്കാമെന്നാണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ചെന്നൈ ഫോര്‍ ഫ്രെയിംസില്‍ നടന്ന പ്രൈവറ്റ് പ്രിവ്യൂവിന് പിന്നാലെയാണ് മോഹന്‍ലാല്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സഹനിര്‍മ്മാതാക്കളായ സി.ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവരോട് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

വേള്‍ഡ് വൈഡ് റിലീസായി ഡിസംബര്‍ 2ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തും. മരക്കാര്‍ റിലീസിന് തയ്യാറാകുന്ന എല്ലാ തിയറ്ററുകള്‍ക്കും ഉപാധികളില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കാനാകും. മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് സിനിമാ മന്ത്രി സജി ചെറിയാനും മോഹന്‍ലാലിനോടും ആന്റണിയോടും ആവശ്യപ്പെട്ടിരുന്നു.

ഫിലിം ചേംബറിന്റെ അപ്രതീക്ഷിത നീക്കമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് വഴിയൊരുക്കിയത്. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ മന്ത്രി സജി ചെറിയാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മരക്കാര്‍ തിയറ്റര്‍ റിലീസ് തീരുമാനം. മോഹന്‍ലാലും പ്രിയദര്‍ശനും തിയറ്റര്‍ റിലീസ് മതിയെന്ന തീരുമാനത്തിലേക്ക് എത്തിയെന്ന് മന്ത്രി സജി ചെറിയാന്‍. മരക്കാര്‍ റിലീസിന് മുന്നോടിടായി തിയറ്റര്‍ പ്രവേശനം നൂറ് ശതമാനമായി ഉയര്‍ത്തുമെന്ന ധാരണക്കും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

Tags: