സിനിമ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍; 'കടുവ'ക്ക് സ്റ്റേ

Glint Desk
Fri, 10-12-2021 12:11:20 PM ;

പൃഥ്വിരാജ് സിനിമ കടുവയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് എറണാകുളം സബ് കോടതിയാണ് ഉത്തരവിട്ടത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവ്. 

സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, സമൂഹമാധ്യമങ്ങള്‍ എന്നിവയിലും സിനിമയ്ക്ക് വിലക്കുണ്ട്. കടുവയുടെ നിര്‍മ്മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എന്നിവരടക്കം നാലുപേര്‍ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. ഡിസംബര്‍ 14നാണ് കേസ് വീണ്ടും പരിഗണിക്കുക.

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ചിത്രത്തില്‍ പൃഥ്വിരാജ് കടുവാക്കുന്നേല്‍ കുറുവച്ചനായാണ് എത്തുന്നത്. വിവേക് ഒബ്രോയി, സംയുക്ത മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Tags: