ആരവത്തോടെ അഭിമാനത്തോടെ തുടക്കം

Glint staff
ആസിഫ് മുഹമ്മദ്‌
Sat, 07-10-2017 11:52:13 AM ;

u 17 ind vs usa

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. എന്നാല്‍ തോല്‍വിയില്‍ സങ്കടപെടുകയല്ല പ്രതീക്ഷവെക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍. യു. എസ്.എ. ക്ക് എതിരെ തിരിച്ചടിക്കാന്‍ കഴിയാത്ത 3 ഗോളിനാണ് ഇന്ത്യയുടെ പരാജയം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.ഇന്ത്യയുടെ മുന്‍ കാല്‍പ്പന്തുരാജാക്കന്മാരായ ഐ.എം വിജയനെയും ബേചുങ് ബൂട്ടിയയെയും പ്രധാനമന്ത്രി ആദരിച്ചു.

 

ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയ ഗാനം ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ലോകകപ്പില്‍  ആദ്യമായി മുഴങ്ങിയപ്പോള്‍ ഗാലറി ഒന്നടങ്കം അത് ഏറ്റുപാടി. ഒന്നാം പകുതിയില്‍ യു.എസ്.എയുടെ ജോഷ് സെര്‍ജന്റിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്ക് സെര്‍ജന്റ് തന്നെ ഗോളിലേക്ക് തൊടുത്തുവിട്ടു. സ്‌കോര്‍ 1-0. ഒന്നാം പകുതിയില്‍ വേറെ ഗോളുകള്‍ ഉണ്ടായില്ല എന്നത് ആശ്വാസം.

 

പക്ഷെ പന്ത് അമേരിക്കയുടെ കാലുകളില്‍ തന്നെയായിരുന്നു. കളിയിലുടനീളം ആധിപത്യം നേടാനും അമേരിക്കക്ക് കഴിഞ്ഞു. ആര്‍ത്തിരമ്പുന്ന ഗാലറിയെ പോലും വകവെക്കാതെ വളരെ ശാന്തരായാണ് അമേരിക്കന്‍ കളിക്കാര്‍ കളം നിറഞ്ഞ് കളിച്ചത്.

 

u 17 ind vs usa

ഇന്ത്യക്ക് കളി പിഴച്ചത് രണ്ടാം പകുതിയിലാണ്. 2 ഗോള്‍ വീണു. ഒരു ഗോള്‍ അശ്രദ്ധ കൊണ്ട് വീണതാണ്. 52ാം മിനിറ്റില്‍ അമേരിക്കക്ക് ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ട് ഇന്ത്യന്‍  പ്രതിരോധത്തില്‍ തട്ടിതിരിഞ്ഞ് ഗോളിലേക്ക് .ഇന്ത്യക്ക് ലഭിച്ച മികച്ച ഒരവസരം അമേരിക്കയുടെ ഗോളിയെയും മറികടന്നെങ്കിലും ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക്. ഇന്ത്യന്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ 3-ാം ഗോളും യു.എസ്.എ നേടി.

 

എതിരാളികളുടെ തുടരെത്തുടരെയുള്ള ആക്രമണങ്ങള്‍ കാരണം പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്നലെ ഇന്ത്യ കളിച്ചത്. ഇന്ത്യന്‍ കളിക്കാര്‍ മികച്ച ശാരീരിക ക്ഷമത ഉള്ളവരാണ്.ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണവര്‍ . മികച്ച 3 അവസരങ്ങള്‍ ഇന്ത്യക്ക്  ലഭിച്ചു. പക്ഷെ ഒന്നും ഗോളക്കാന്‍ സാധിച്ചില്ല .അറ്റാക്കിങ് സമയത്ത് പാസ്സുകള്‍ വളരെ കുറവായിരുന്നു. ലോങ് പാസ്സുകള്‍ നല്‍കിയാണ് ഇന്ത്യ കളിച്ചത്. ഒറ്റപ്പെട്ട ഈ മുന്നേറ്റങ്ങള്‍ പ്രതീക്ഷക്ക് വകയുള്ളവയാണ്. ഇന്ത്യയുടെ കോമള്‍ തട്ടാല്‍ നെയ്മറെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്ലിഗ്‌  പ്രകടനമാണ് കാഴ്ച വെച്ചത്.ഇന്ത്യന്‍ നെയ്മറെന്ന് തട്ടാലിനെ വിശേഷിപ്പിച്ചാലും അത്ഭുതപെടാനില്ല.
 

 

കഴിഞ്ഞ കളിയില്‍  കോമള്‍ തട്ടാലിനൊപ്പം ഇനിയുള്ള കളിയിലേക്ക് പ്രതീക്ഷനല്‍കുന്ന പ്രകടനങ്ങള്‍ നടത്തിയവരാണ് കെ.പി രാഹുലും ,അങ്കിത്തും. ഈ ടീമില്‍ ഇന്ത്യക്ക് പ്രതീക്ഷവെക്കാം . വമ്പന്മാരോട് കിടപിടിക്കുന്ന ആക്രമണ നിരയാണ് ഇന്ത്യക്ക് ഉള്ളത്. പ്രതിരോധ ത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ അടുത്ത കളികളില്‍ ഇന്ത്യക്ക് വിജയം ഉറപ്പിക്കാം.

 

u 17 ind vs usa

ലോക റാങ്കിങ്ങില്‍ 28-ാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യത്തോട് 96-ാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യം അന്താരാഷ്ട്ര നിലവാരത്തോടുയര്‍ന്ന്‌ തന്നെയാണ് കളിച്ചത്.ആദ്യ കളിയില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ആരുംതന്നെ നിരാശരല്ല. ഇന്നലെ കളി നടന്നിടത്ത് ഗാലറി നിറയാതിരുന്നത് ചില വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

 

മറ്റ് മത്സരങ്ങളില്‍ പരാഗ്വേ (2) എതിരേ (3) ഗോളുകള്‍ക്ക് മാലിയെ പരാജയപ്പെടുത്തി ,എതിരില്ലാത്ത 1 ഗോളിന് ഘാന കൊളംബിയയെ അട്ടിമറിച്ചു, ന്യൂസീലന്‍ഡ് തുര്‍ക്കി മത്സരം 1 ഗോള്‍ സമനിലയില്‍ പിരിഞ്ഞു.

 

Tags: