ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേന് ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങിലും ഇന്ത്യക്ക് മുന്നേറ്റം. ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് ആണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്.
ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായി നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത്. ന്യസിലന്‍ഡിന് 118.44 റേറ്റിംഗ് പോയന്റും ഇന്ത്യക്ക് 117.65 റേറ്റിംഗ് പോയന്റുമാണുള്ളത്. ഇന്ത്യക്കെതിരായ പരമ്പര നഷ്ടത്തോടെ 113 റേറ്റിംഗ് പോയന്റുമായി ഓസീസ് മൂന്നാം സ്ഥാനത്തേക്ക് വീണു. 106 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ടാണ് നാലാമത്.
അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാവും. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റശേഷം മെല്‍ബണിലും ബ്രിസ്‌ബേനിലും ടെസ്റ്റ് ജയിച്ച ഇന്ത്യ സിഡ്‌നിയില്‍ പരാജയ മുനമ്പില്‍ നിന്ന് സമനില പിടിച്ചാണ് നാലു മത്സര പരമ്പര 2-1ന് സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മറ്റ് പ്രമുഖതാരങ്ങളുടെയും അഭാവത്തില്‍ പുതുമുഖങ്ങളെവെച്ചാണ് ഇന്ത്യ കരുത്തരായ ഓസീസിനെ മുട്ടുകുത്തിച്ചത് എന്നത് ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. 1988നു ശേഷം ഗാബയില്‍ ടെസ്റ്റ് തോറ്റിട്ടില്ലെന്ന ഓസീസ് റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ഇന്ത്യ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്റെ ഐതിഹാസിക വിജയം സ്വന്തമാക്കിയത്.