വാൻപേഴ്സിയും മെസിയും നെയ്മറും പിന്നെ ഒച്ചാവേയും

അനൂപ് എം.ടി
Sat, 28-06-2014 01:48:00 PM ;

 

ഇരുപതാം ലോകകപ്പിന് അവകാശികളാകാനുള്ള ടീമുകളുടെ എണ്ണം പതിനാറായി ചുരുങ്ങി. ഇനി മരണപ്പോരാട്ടങ്ങൾ  മാത്രം. ജയിക്കണം, ജയിച്ചേ തീരൂ. ടീമുകൾ കച്ചകെട്ടി തുടങ്ങി.

 

ബ്രസീലിൽ ബ്രസൂക്കയുടെ കിക്കോഫിന് മുന്നേ ലോകകപ്പിന്റെ താരങ്ങളെന്ന് വാഴ്ത്തപ്പെട്ട അർജന്റീനയുടെ ലയണൽ മെസിയും മഞ്ഞക്കിളികളുടെ നെയ്മറും പ്രതീക്ഷക്കൊത്ത്  ഉയർന്നു. നാല് ഗോളുകളുമായി ഇവരാണ് ടോപ് സ്കോറർ പട്ടികയിൽ മുന്നിൽ. കൂട്ടത്തിൽ ജർമ്മൻ വജ്രായുധം തോമസ് മുള്ളറുമുണ്ട്. ഇറ്റലിക്കെതിരായ മത്സരത്തിൽ ജോർജ് ചെല്ലിനിയെ കടിച്ചതിന് സൂപ്പർ താരം ലൂയി സുവാരസിനെ ഫിഫ ഒമ്പത് കളികളിൽ നിന്ന് വിലക്കിയത് ഉറുഗ്വക്ക് ഇരുട്ടടിയായി.

 

കാനറി സോക്കർ സാംബായിലെ ആദ്യ റൗണ്ടിലെ വിസ്മയങ്ങളായിരുന്നു ജോർജ് ലൂയിസ് പിന്റോയുടെ കോസ്റ്ററിക്ക ടീമും റോബിൻ വാൻപെഴ്സിയുടെ പറക്കും ഗോളും ഓറഞ്ച് വിപ്ലവവും മെസിയുടെയും നെയ്മറുടെയും നിറഞ്ഞാട്ടവും ക്ലിന്റ് ഡെംപ്സിയുടെ അതിവേഗ ഗോളുമെല്ലാം.

  

മരണ ഗ്രൂപ്പായ ഡിയിൽ മൂന്ന് ലോകകപ്പ് ചാമ്പ്യൻമാരെ അട്ടിമറിച്ച് ആവോളം ജീവശ്വാസവുമായാണ് കോസ്റ്ററിക്ക പ്രീക്വാർട്ടർ ബർത്തുറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വയെ 3-1ന് തകർത്ത് വരാനിരിക്കുന്ന അട്ടിമറികളുടെ ആദ്യ വെടി പൊട്ടിച്ചു. രണ്ടാമത്തെ പോരാട്ടത്തിൽ ബ്രയാൻ റൂയിസിന്റെയും കൂട്ടരുടെയും മുന്നിൽ തകർന്നത് നാല് തവണ കപ്പുയർത്തിയ ഇറ്റലി. സ്കോർ 1-0. ആദ്യ രണ്ട് കളിയും തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ കുടുക്കുക കൂടി ചെയ്തതോടെ കോസ്റ്ററിക്കയെന്ന മദ്ധ്യ അമേരിക്കൻ രാജ്യം ലോക ഫുട്ബോളിന്റെ നെറുകയിലെത്തി. മുന്നേറ്റ നിരയിൽ ജോയൽ ക്യാംബൽ, പ്രതിരോധത്തിൽ ഡയസ്, ക്യാപ്ടൻ ബ്രയാൻ റൂയിസ്  എന്നിവരാണ് കോസ്റ്ററിക്കൻ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത്. പ്രീക്വാർട്ടറിൽ ഗ്രീസാണ്  അട്ടിമറിരാജാക്കൻമാരുടെ എതിരാളികൾ.

   

 

ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ബ്രസീലും അർജന്റീനയും ജർമ്മനിയും ഹോളണ്ടും അവസാന പതിനാറിൽ ഇടം പിടിച്ചു. ഗ്രൂപ്പ് എയിൽ മാഴ്സലോയുടെ സെൽഫ് ഗോളിൽ സ്വന്തം വല കുലുങ്ങുന്നത് കണ്ടാണ് മഞ്ഞക്കിളികൾ ജൈത്രയാത്ര ആരംഭിച്ചത്. പിന്നീട് ഗോൾ വർഷം തന്നെയായിരുന്നു. ക്രേയേഷ്യയെ 3-1നും കാമറൂണിനെ 4-0ത്തിനും തരിപ്പണമാക്കിയ നെയ്മറെയും കൂട്ടരെയും ഗില്ലെർമോ ഒച്ചാവോയെന്ന മെക്സിക്കൻ ഗോളി ഒറ്റയ്ക്ക് പിടിച്ച് കെട്ടിയത് ബ്രസീല്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടിലെ അത്ഭുത കാഴ്ചയായിരുന്നു. ഗോളെന്നുറച്ച ആറിലധികം ഷോട്ടുകളാണ്  ഒച്ചാവോ തട്ടിത്തെറിപ്പിച്ചത്. മത്സരം സമനിലയിൽ പിരിഞ്ഞു. എങ്കിലും മികച്ച ആത്മവിശ്വാസവുമായാണ് ആതിഥേയർ  പ്രീക്വാർട്ടറിൽ ഇറങ്ങുന്നത്. എന്നാൽ അവിടെ കാര്യങ്ങൾ അത്ര പന്തിയല്ല  ബി ഗ്രൂപ്പിൽ നിന്ന് സ്പെയിനിനെ തുരത്തിയ ആസ്ത്രേലിയയെ നാടുകടത്തിയ ചിലിയാണ് എതിരാളികൾ. ബാഴ്സലോണയുടെ  സ്ട്രൈക്കർ അലക്സിസ് സാഞ്ചസിന്റെ ഗോൾ ദാഹവും ക്യാപ്റ്റന്‍ ക്ലോഡിയോ ബ്രാവേയുടെ ചോരാത്ത കൈകളും ബ്രസീലിന് അദ്ധ്വാനം കൂട്ടും. ബ്രസീലിലെ കാലാവസ്ഥയോട് യോജിച്ച് പോകാൻ ചിലിക്ക് സാധിക്കുമെന്ന് കൂടിയോർക്കുമ്പോൾ മഞ്ഞക്കിളികളുടെ ചങ്കിടിപ്പ് കൂടും.

 

ഫുട്ബോൾ ലോകം വാഴ്തിയ  മിശിഹാ മെസി അർജന്റീന ജേഴ്സിയിൽ ഗർജിക്കുന്ന കാഴ്ചയായിരുന്നു ആദ്യ റൗണ്ടിൽ ഏവരെയും ആകർഷിച്ചത്. ബോസ്നിയക്കെതിരെ തട്ടിയും മുട്ടിയും ജയിച്ചു. എന്നാൽ മെസി വല കുലുക്കി. അക്ഷരാർത്ഥത്തിൽ ഇറാൻ ഈ ലോകകപ്പ് ഒരിക്കലും മറക്കാൻ ഇടയില്ല. മെസിയും എയ്ഞ്ചൽ ഡി മരിയയും ഹിഗ്വേനും ലാവോസിയുമൊക്കെ അണി നിരന്ന ലാറ്റിനമേരിക്കൻ വമ്പന്മാരെ 90 മിനിട്ട്  തളയ്ക്കുകയെന്നത് അസാദ്ധ്യമായ കാര്യമാണ്. ഇറാന് അത് സാധിച്ചു. എന്നാൽ ഇഞ്ച്വറി ടൈമിൽ വീണ്ടും മെസി അവതരിച്ചു. 25 വാര അകലെ നിന്നുള്ള ഇടം കാലൻ ഷോട്ട് ഗോളിയെ നിഷ്പ്രഭമാക്കി വലയിൽ തുളച്ച് കയറി. നൈജീരിയയെ മെസിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന് അർജന്റീന ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ കടന്നു.

  

 

സ്വിറ്റ്സർലണ്ടാണ് അർജന്റീനയുടെ പ്രീക്വാർട്ടർ എതിരാളി. ഫ്രാൻസിനോട്  തകർന്നടിഞ്ഞ്, ഇക്വഡോറിനെ ഇഞ്ച്വറി ടൈമില്‍ മറികടന്ന്, അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്ക് താരം ഷെർദാൻ ഷാക്കീരിയുടെ ഹാട്രിക്ക് മികവിൽ ഹോണ്ടുറാസിനെ മറികടന്നാണ് സ്വിസ് ടീമിന്റെ വരവ്. അതുകൊണ്ട് തന്നെ സ്വിസ് പടയെ ചെറുതായി കാണാൻ അലക്സാഡ്രോ സബെല്ലയും സംഘവും ആഗ്രഹിക്കുന്നില്ല.  ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടത് അർജന്റീനയുടെ നിഴൽ മാത്രമാണെന്നും പ്രീക്വാർട്ടറിലാണ്  യഥാർത്ഥ മുഖം കാണാൻ പോകുന്നതെന്നും ആരാധകർ കരുതുന്നു.

 

കാലപ്പഴക്കം ചെന്ന ടിക്കി-ടാക്കയെന്ന ഗെയിം പ്ലാനും പ്രായാധിക്യം ബാധിച്ച ഒരു പറ്റം കളിക്കാരുമായി വിൻസെന്റ് ഡെൽബോസ്ക്ക് സ്പെയിനിൽ നിന്ന് വണ്ടി കയറുമ്പോൾ തന്നെ ടീമിന്റെ ഭാവി പ്രവചിക്കപ്പെട്ടു. ശക്തരായ ഹോളണ്ടും ലാറ്റിനമേരിക്കാൻ അട്ടിമറി വീരൻമാരയ ചിലിയും പിന്നെ ഓസ്ട്രേലിയയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് പുറത്ത്  കടക്കണമെങ്കിൽ  മരണകളി കളിക്കണമായിരുന്നു.  റോബിൻ വാൻ പേഴ്സി, നമിച്ചു നിന്നെ. ആദ്യ മത്സരത്തിൽ സ്പെയിനിനെതിരെ വായുവിൽ പറന്ന് ഹെഡ്ഡ് ചെയ്ത വല കുലുക്കിയ നിമിഷം ഫുട്ബോൾ ലോകം തരിച്ച് നിന്നു. അത്രയ്ക്ക് അസാധാരണമായിരുന്നു ആ ഗോൾ. പിന്നീട് ആര്യൻ റോബനും വാൻ പേഴ്സിയും ചേർന്ന് കാസിയസിനെയും  കൂട്ടരെയും പിച്ചി ചീന്തി. സ്കോർ 5-1. ചിലി കൂടി കാളക്കൂട്ടത്തെ തുരത്തിയതോടെ രണ്ട് കളികളും തോറ്റ് ചരിത്രത്തിൽ ആദ്യമായി നിലവിലെ ചാമ്പ്യന്മാർ നാണം കെട്ട് പടിയിറങ്ങി. ഹോളണ്ടിന് മെക്സിക്കോയാണ് പ്രീക്വാർട്ടറിലെ എതിരാളികള്‍. ഗോൾ ദാഹം തീരാത്ത വാൻ പേഴ്സിയും റോബനും കൂടി ഇതേ ഫോമിൽ കളിച്ചാൽ മെക്സിക്കൻ തിരമാലകൾ ഓറഞ്ച് മലയിൽ തട്ടി തകരും. സെമിവരെ മുന്നേറാൻ സാദ്ധ്യതയുള്ള ടീമാണ് വാൻഗലിന്റെ ഡച്ച് പട.

  

 

ആരും സാദ്ധ്യത കൽപ്പിക്കാതിരുന്ന ഫ്രാൻസ് അത്ഭുത പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് കളികളിൽ നിന്ന് മൂന്ന് ഗോളുകളുമായി കരീം ബെൻസമേയുടെ തീ തുപ്പുന്ന ബൂട്ട് മറ്റുള്ള ടീമുകൾക്ക് പേടിസ്വപ്നമായി കഴിഞ്ഞു. ആഫ്രിക്കൻ കഴുകൻമാരായ നൈജീരിയയാണ് ഫ്രഞ്ച് പടയുടെ പ്രീക്വാർട്ടർ എതിരാളി. ഗ്രൂപ്പ് ജിയിലെ മരണക്കയത്തിൽ നിന്ന് ഒന്നാമതായി പ്രീക്വാർട്ടർ ഉറപ്പിച്ച ജർമ്മനി മറ്റുള്ള ടീമുകൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ക്രിസ്റ്റ്യാനോ റേണോൾഡോയുടെ പോർച്ചുഗലിനെ നാല് ഗോളുകൾക്ക് നിലം പരിശാക്കിയും മുൻ ജർമ്മൻ കോച്ച് ക്ലിൻസ്മാൻ പരിശീലിപ്പിച്ച യു.എസിനെ ഒരു ഗോളിന് മറികടന്നുമാണ് ജോക്കിം ലേ പരിശീലിപ്പിക്കുന്ന ജർമ്മനി പ്രീക്വാർട്ടർ അങ്കത്തിന് ഇറങ്ങുന്നത്. ഈ ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടതാണ് ഘാന-ജർമ്മനി പോരാട്ടം. അടിയ്ക്ക് തിരിച്ചടി നൽകി മുന്നേറിയ കളിൽ ആഫ്രിക്കൻ വമ്പന്മാരെ തളയ്ക്കാൻ അവർക്ക് പഴയ പടക്കുതിരയെ തന്നെ ഇറക്കേണ്ടി വന്നു, മിറോസ്ലാവ് ക്ലോസയെ. ഇറങ്ങി നിമിഷങ്ങൾക്കകം ഗോളടിച്ച് ജർമ്മനിയെ കാത്തു. ഒപ്പം ലോകകപ്പ് ചരിത്രത്തിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ 15 ഗോളുമായി ബ്രസീലിന്റെ റേണോൾക്കൊപ്പമെത്തി മറ്റൊരു റെക്കാഡും ക്ലോസെ എഴുതിച്ചേർത്തു.   

 

ആഫ്രിക്കയിൽ നിന്ന് അള്‍ജീരിയ, കറുത്തകുതിരകളെന്ന് വാഴ്ത്തപ്പെട്ട ബെൽജിയം, സൂപ്പർ താരം ഫാൽക്കാവോയുടെ അഭാവത്തിൽ ജെയിംസ് റോഡ്രിഗസ് തോളിലേറ്റിയ  കൊളംബിയ, ക്ലിൻസ്മാന്റെ യു.എസ് എന്നിവയാണ് പ്രീക്വാർട്ടർ കളത്തിലിറങ്ങുന്ന മറ്റ് ടീമുകൾ.   

Tags: