ലോകകപ്പ് ക്രിക്കറ്റ്: സെമി ഫൈനല്‍ നിരയായി

Sat, 21-03-2015 04:19:00 PM ;

 

2015 ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ നിര പൂര്‍ത്തിയായി. ആതിഥേയരായ ആസ്ത്രേലിയയേയും ന്യൂസിലാന്‍ഡിനേയും യഥാക്രമം ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരിടും.

 

ശനിയാഴ്ച നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 143 റണ്‍സിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ്‌ ആണ് അവസാന സെമി ഫൈനല്‍ ബെര്‍ത്ത്‌ ഉറപ്പിച്ചത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ പുറത്താകാതെ 237 റണ്‍സ് കുറിച്ച ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ന്യൂസിലാന്‍ഡ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയെ സെമിയില്‍ ന്യൂസിലാന്‍ഡ് നേരിടും. മാര്‍ച്ച് 24 ചൊവ്വാഴ്ച ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡിലാണ് ഈ മത്സരം.

 

മാര്‍ച്ച് 26 വ്യാഴാഴ്ച സിഡ്നിയിലാണ് ഇന്ത്യ രണ്ടാം സെമിയില്‍ ആസ്ത്രേലിയയെ നേരിടുന്നത്. ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ത്യ ബംഗ്ലാദേശിനെ 109 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ ആസ്ത്രേലിയ പാകിസ്ഥാനെ ആറു വിക്കറ്റിന് മറികടന്നു.

 

കളിച്ച ഏഴു മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയില്‍ കടന്നിരിക്കുന്നത്. ബംഗ്ലാദേശിനെ തോല്‍പ്പിച്ച മത്സരം എം.എസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ജയിക്കുന്ന നൂറാമത് മത്സരമായിരുന്നു. ഏറ്റവുമധികം മത്സരം ജയിച്ച ക്യാപ്റ്റന്‍മാരില്‍ ആസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനും അലന്‍ ബോര്‍ഡര്‍ക്കും പിന്നില്‍ മൂന്നാമതാണ് ഇപ്പോള്‍ ധോണി.   

Tags: