കേക്ക് സർപ്രൈസ്സിൽ നിന്നൊരു ചെറിയ മാറ്റം

Glint Guru
Tue, 07-10-2014 02:00:00 PM ;

 

പന്ത്രണ്ടാംക്ലാസ്സുകാരൻ രാവിലെ തന്റെ അച്ഛനോട് ഇരുന്നൂറ് രൂപ ആവശ്യപ്പെടുന്നു. സുഹൃത്തിന്റെ പിറന്നാളാണ്. അതിനാൽ വളരെ അടുത്ത സുഹൃത്തുക്കൾ ചേർന്ന് പ്രിയസുഹൃത്തിന് അവരുടെ ഭാഷയിൽ ഒരു സർപ്രൈസ് കൊടുക്കാൻ. അച്ഛൻ സന്തോഷത്തോടെ രൂപ കൊടുത്തു.

 

അച്ഛൻ- എങ്ങിനെയാണ് നിങ്ങൾ സർപ്രൈസ് ഒരുക്കാൻ പോകുന്നത്?

മകൻ- ഞങ്ങൾ ഒരു വലിയ ബ്രാൻഡഡ് കേക്ക് വാങ്ങി അവനറിയാതെ ആഘോഷം സംഘടിപ്പിക്കും.

അ- നിങ്ങൾ എത്രപേർ ചേർന്നാണ് ഈ പരിപാടി?

മ- അവന്റെ ക്ലോസ് ഫ്രണ്ട്‌സായ ഞങ്ങൾ നാലഞ്ചുപേർ ചേർന്ന്.

അ- എന്താണ് ബജറ്റ്?

മ- ആയിരം ആയിരത്തിയിരുന്നൂറ് രൂപ. ആയിരം രൂപയുടെ കേക്ക് വാങ്ങാനാ ഉദ്ദേശ്യം.

അ-നിങ്ങൾ നവയൗവ്വനമാണ്. അതിന്റെ പടിവാതിൽക്കൽ ഇങ്ങനെ നിൽക്കുകയയല്ലേ.

മ- മനസ്സിലായില്ല.

അ- നിങ്ങൾ ലോകമുണ്ടായി ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും പുതിയ ചെറുപ്പക്കാരാൻ പോകുന്നവരാണ്. അതിനാൽ അങ്ങേയറ്റം പുതുതായി കാര്യങ്ങൾ ചിന്തിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.

മ- അച്ഛൻ പറയുന്നത് മനസ്സിലാകുന്നില്ല.

അ- ആലോചിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളു. അതായത് ഒരു പിറന്നാൾ ആഘോഷത്തിന്റെ കാര്യത്തിലെങ്കിലും അൽപ്പം വിപ്ലവാത്മകമായി ചിന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ...

മ- എന്നുവെച്ചാൽ

 

അ- നിങ്ങൾ കേക്ക് വാങ്ങി വളരെ സർപ്രൈസ്സായി കൂട്ടുകാരന് പിറന്നാൾ ആഘോഷമൊരുക്കുന്നു. കുറച്ചുനേരം രസം. പിന്നെ ആലോചിക്കുമ്പോഴും കൊള്ളാമെന്നു തോന്നും. എന്നാൽ യഥാർഥത്തിൽ രസിക്കുന്നത് കേക്ക് നിർമ്മാതാക്കളല്ലേ. കമ്പോളം ഡിസൈൻ ചെയ്യുന്നതിനനുസരിച്ച് താളം തുള്ളുന്നവർ. ഇത്തരത്തിലുള്ള ആഘോഷം അവരുടെ ലാഭത്തിനല്ലേ ഉതകുന്നത്. അതും എന്തെല്ലാം രാസപദാർഥങ്ങൾ അടങ്ങിയതാവും ഈ കേക്ക്. ഓരോ യൗവനത്തിനും ഏറ്റെടുക്കാൻ ഓരോ വിഷയം ഉണ്ടാകും. നിങ്ങളുടെ മുന്നിലുള്ള വെല്ലുവിളി വിഷമയമായ വിളകളും ഭക്ഷണവുമല്ലേ. വായു മുതൽ ഭക്ഷണം വരെ വിഷമയമായ യാഥാർഥ്യത്തിൽ നിങ്ങൾ ജീവിക്കുമ്പോൾ അത്തരം ഭക്ഷണങ്ങളിലേക്ക് വായിലെ രസനാമുകുളങ്ങളെ പരുവപ്പെടുത്തുന്ന ഭക്ഷണങ്ങൾ അതിന്റെ നിർമ്മാതാക്കൾ ആഗ്രഹിക്കുന്ന വിധം വാങ്ങി ആഘോഷിക്കുന്നത് ആ അവസ്ഥയുടെ സങ്കീർണതയേയും ഭീകരതയേയും വർധിപ്പിക്കുകയല്ലേ ചെയ്യുക. നിങ്ങൾ ആയിരത്തിനു പകരം വേണമെങ്കിൽ പതിനായിരത്തിന്റെ ബജറ്റോ, അല്ലെങ്കിൽ നൂറ് രൂപയുടെ ബജറ്റോ ഇട്ട് ഇത്തരം യാഥാർഥ്യത്തെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ ബോധ്യമുണ്ടാകുന്ന വിധത്തിലുളള ഏതെങ്കിലും പിറന്നാൾ ആഘോഷപരിപാടി സംഘടിപ്പിക്കുന്നതല്ലേ നിങ്ങളുടെ പ്രായത്തിനു ചേർന്നതും ഓർക്കാൻ കൂടുതൽ സുഖം നൽകുന്നതും. അതുവേണമെങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാൽ അത് പുത്തൻ ചിന്തകൾക്ക് വഴിവയ്ക്കില്ലേ. ഇത്തരം വിഷഭക്ഷണങ്ങൾ രുചികരമായി കഴിക്കാൻ ആളുള്ളതുകൊണ്ടല്ലേ അവയ്ക്ക് മാർക്കറ്റും നിലനിൽക്കുന്നത്. ഈ വിഷഭക്ഷണം കൊണ്ടുണ്ടാവുന്ന ക്യാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ വർധിച്ചുവരുന്നത് നിങ്ങളുടെ മുന്നിലല്ലേ.

 

മ-ഞങ്ങൾ അത്രയ്ക്ക് ആലോചിച്ചില്ല. അതു ശരിയാണ്. പക്ഷേ അതിനിനി സമയമില്ലല്ലോ.

അ- ഇന്നത്തെ ആഘോഷം നിങ്ങൾ പ്ലാൻ ചെയ്തപോലെ പോകട്ടെ. ഇനിയുള്ളത് വരുമ്പോൾ നിങ്ങൾക്ക് ഇത് മനസ്സിൽ വച്ച് പദ്ധതികൾ തയ്യാറാക്കാമല്ലോ.

 

നവയുവാവ് കുറേ നേരം മൂകനായി. എന്നിട്ട് സ്കൂളിലേക്ക് പോയി. വൈകീട്ട് വന്നപ്പോൾ മുഖത്ത് അൽപ്പം ആവേശം.

 

അ-എങ്ങിനെയുണ്ടായിരുന്നു ആഘോഷം?

മ- ഗംഭീരമായിരുന്നു. ഞങ്ങൾ അവന് നല്ലൊരു ക്രിക്കറ്റ് ബാറ്റ് വാങ്ങിക്കൊടുത്തു. അവൻ നല്ല ക്രിക്കറ്റ് കളിക്കാരനാണ്. പിന്നെ ഞങ്ങളെല്ലാം ഒന്നിച്ചിരുന്നു കുറച്ച് സ്നാക്‌സും കാപ്പിയും കുടിച്ചു പിരിഞ്ഞു.

അ- ഉഗ്രൻ. നോക്കൂ, ചെറിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഒന്നാലോചിച്ചപ്പോൾ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിഞ്ഞു.

മ- എല്ലാവർക്കും പറഞ്ഞപ്പോഴാ ഇക്കാര്യം ഓർമ്മ വന്നത്. ഈ ബാറ്റ് വാങ്ങലിലും ഒരു പരിധിവരെ ഞങ്ങൾ ഫൂളാക്കപ്പെടുന്നുണ്ടെങ്കിലും അവന് വലിയ ഉപകാരമായി.

അ- മാത്രമല്ല, അവൻ അതുകൊണ്ടുകളിക്കുമ്പോൾ അവന്റെയുള്ളിൽ മധുരം നിറയും. അതു വലിയ കാര്യമാണ്. മതി. ഇത്രയുമെങ്കിലും വിപ്ലവകരമായി ചിന്തിക്കാൻ നിങ്ങൾക്കു കഴിഞ്ഞല്ലോ.

മ- എല്ലാവരും സമ്മതിച്ചു. കേക്ക് വാങ്ങിയിരുന്നെങ്കിൽ ഞങ്ങൾ ഫൂളായിപ്പോകുമായിരുന്നുവെന്ന്. ഇതു പറഞ്ഞപ്പോൾ പലർക്കും പല ഐഡിയകളും വന്നു.

അ- ചുമ്മാതാണോ മൊബൈൽഫോൺ പരസ്യക്കാര് ആൻ ഐഡിയാ ക്യാൻ ചെയ്ഞ്ച് യുവർ ലൈഫെന്നു പറയുന്നത്.

മ- താങ്ക്‌സ് ഫോർ ദി കോൺട്രിബ്യൂഷൻ അൻഡ് ദ ഐഡിയാ അച്ഛാ

അ- പുതിയ ചിന്തകളുമായി വന്നാൽ സംഭാവന ഒരു തടസ്സമേ അല്ല.