Skip to main content

മണ്‍സൂണല്ലേ വരാൻ പോകുന്നത്. എന്നാല്‍ പിന്നെ തെന്നിന്ത്യയിലെ മഴയുടെ സ്വന്തം നാട്ടിലേക്കൊരു സർക്കീട്ട് പോയാലോ? ഒപ്പം ആർ.കെ നാരായണന്റെ തൂലികയിലൂടെ ജീവൻ വെച്ച മാൽഗുഡി എന്ന സങ്കൽപ്പ ഗ്രാമത്തിന്റെ കാഴ്ചകളായി മിനിസ്‌ക്രീനിലെത്തിയ ആ നാടൊന്നു കാണാം. മഴ കാണാനാണ് പോകുന്നത്, കുട എടുക്കാൻ മറക്കണ്ട. ഇനി സ്വന്തം വണ്ടിയിലാണെങ്കിൽ വൈപ്പർ വർക്കിങ് കണ്ടീഷനലില്ലേ എന്നുറപ്പു വരുത്തുന്നത് നന്നായിരിക്കും. 

ഇനി പുറപ്പെടാം. ട്രെയിനിലാണെങ്കിൽ നേരെ ഉഡുപ്പിക്കു വിടുക. അവിടെ നിന്നും ഒരു ടാക്സി പിടിച്ച് അഗുംബെയിലെത്തിക്കാൻ പറഞ്ഞാൽ മതി. ഉഡുപ്പിയിൽ നിന്ന്‍ അഗുംബെയ്ക്ക് ബസും കിട്ടും. 54 കിലോമീറ്ററേ ദൂരമുള്ളു. മംഗലാപുരത്തു നിന്ന് പോവുകയാണെങ്കിൽ 100 കിലോമീറ്റർ കാണും.

സോമേശ്വര വനത്തിലൂടെയുള്ള യാത്ര തന്നെ നല്ല ഹരമാണ്. കാടവസാനിക്കുന്നിടത്തു കയറ്റം തുടങ്ങും. അതാണ് അഗുംബെ ചുരം. ഹെയർപിൻ വളവിലൊരിടത്ത് വ്യൂപോയന്റ് ഉണ്ട്. തെളിഞ്ഞ നേരമാണെങ്കിൽ പടിഞ്ഞാറ് അറബിക്കടലിൽ സൂര്യൻ മുങ്ങുന്നതു കാണാം. മണ്സൂ്ണ്‍ മഴയിൽ നിറഞ്ഞൊഴുകുന്ന സീതാനദി കാണാം.

ചുരം കഴിഞ്ഞാൽ മുളങ്കാടുകളാണ്. അവിടെ രാജവെമ്പാലകളുടെ വിഹാരകേന്ദ്രമാണ്. അതുകൊണ്ട തന്നെ അഗുംബെയിലാണ് രാജവെമ്പാലകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രഞ്ജൻമാർ ധാരാളമായെത്തുന്നത്. അഗുംബെയിലെ ഫോറസ്റ്റ് റിസർച്ച് സ്‌റ്റേഷൻ  അത്തരം പഠനത്തിന്റെ കേന്ദ്രമാണ്. പാമ്പുകൾക്കുമേൽ ചിപ്പുകൾ ഘടിപ്പിച്ചു വിട്ടിട്ടുണ്ടത്രെ. അവയുടെ സഞ്ചാരം, സ്വഭാവസവിശേഷതകൾ എന്നിവയെല്ലാം ഇങ്ങിനെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമാണിത്. 

ഒരു കരിങ്കൽ കമാനം കാണുന്നില്ലേ, അഗസ്ത്യമുനിയുടെ ശിൽപ്പവും. അഗുംബെ ഔഷധ സസ്യ സംരക്ഷണകേന്ദ്രമാണത്. വംശനാശഭീഷണി നേരിടുന്ന 182 തരം ഔഷധസസ്യങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
 
ഇതാ അഗുംബെ അങ്ങാടിയായി. ആർ. കെ. നാരായണന്റെ മാൽഗുഡിയെന്ന സാങ്കൽപ്പികഭൂമിയുടെ ലൊക്കേഷനായി മാൽഗുഡിക്ക് ജീവൻ നൽകിയ ഇടം. ഇവിടുത്തെ പ്രദേശ വാസികളും വീടുകളുമെല്ലാമാണ് നാം ദൂരദർശനിലൂടെ മാൽഗുഡിയായി കണ്ടത്. ഇവിടെ മഴയും ആസ്വദിച്ചൊരു മണ്സൂളണ്‍ അവധിക്കാലം ആഘോഷിക്കാം.

നരസിംഹപർവതത്തിലേക്ക് ഒരു ട്രക്കിങ്ങ് ആവാം. ഇത് 30 കിലോമീറ്റർ ഉണ്ട്.

ബർക്കാന അഗുംബെയിൽ നിന്ന്‍ ഏഴ് കിലോമീറ്റർ വി ആകൃതിയിലുള്ള താഴ്വരയുടെ കാഴ്ച ചേതോഹരമാണ്. സീതാനദിയിലെ ഒരു വെള്ളച്ചാട്ടവും കാണാം. പോകുന്ന വഴിയിലാണ് ജോഗിഗുണ്ടി എന്ന തടാകം.

ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരമാണ്- 102 കി.മി. ട്രെക്കിങ്ങ് അനുമതിക്കായി 08182 261400, റെയിൻ ഫോറസ്റ്റ് റിസർച്ച് സ്‌റ്റേഷനുമായി ബന്ധപ്പെടാൻ 223081 നമ്പരുകൾ ഉപയോഗിക്കാം. താമസത്തിന് മല്യ ഹോംസ്‌റ്റേ (Ph. 09448759363, 233042 ) കസ്തൂരി അക്ക ഹോംസ്‌റ്റേ (Ph. 233075) എന്നിവയെ ആശ്രയിക്കാം.