മധുര മീനാക്ഷിയെ തൊഴാന്‍ പോകാം

കുങ്കര്‍
Sun, 27-10-2013 03:15:00 PM ;

madurai meenakshi temple

 

കൊല്ലത്തു നിന്നും നമുക്ക് മധുര വരെ ഒന്നു പോകാം. കൊല്ലം മധുരൈ പാസഞ്ചറുണ്ട്. വൈകീട്ട് ആറുമണിക്കാണത്. തിരുവനന്തപുരവും നാഗര്‍കോവിലുമെല്ലാം ചുറ്റി പണ്ട് നമ്മള്‍ പറയാറില്ലേ പട്ടരു മൂക്കു പിടിക്കും പോലെ എന്ന്, അതുപോലൊരു യാത്രയാണ്.  എന്നാലും ബസ്സിലോ കാറിലോ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതാണ് നല്ലത്. സ്ലീപ്പര്‍ ടിക്കറ്റ് എടുത്താല്‍ കിടന്നുറങ്ങാം. രാവിലെ അഞ്ചരയാവുമ്പോഴേക്കും അതവിടെയെത്തും. ബസിനോ കാറിനോ ആണെങ്കില്‍ കൊട്ടാരക്കര, പുനലൂര്‍, തെന്‍മല ആര്യങ്കാവ് ചുരം താണ്ടി  ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശ്രീവില്ലിപൂത്തൂര്‍ വഴി ആറുമണിക്കൂര്‍ കൊണ്ടങ്ങ് ചെല്ലാം.

 

മധുരയില്‍ ചെന്നാല്‍ ആദ്യം കാണേണ്ടത് മധുര മീനാക്ഷി കോവില്‍ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വൈഗയുടെ തീരത്ത് ലോകപൈതൃകപട്ടികയില്‍ തന്നെ ഇടം പിടിക്കാനുള്ള ഗാംഭീര്യത്തികവോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആ ഗോപുരങ്ങള്‍ തന്നെ നമ്മെ ആഹ്ലാദിപ്പിക്കും. തമിഴ് സംസ്‌കാരത്തിന്റെ ഈറ്റില്ലം കൂടിയാണീ നഗരം. പാര്‍വ്വതി പാണ്ഡ്യരാജകുമാരിയായി അവതരിച്ചുവെന്നും ഭക്തജനങ്ങള്‍ക്കു വേണ്ടി അറുപത്തിനാലു അത്ഭുതപ്രവൃത്തികള്‍ ചെയ്ത പരമശിവനെ വിവാഹം ചെയ്തുവെന്നും ഐതിഹ്യപ്പെരുമയും.

 

ഹോട്ടലില്‍ മുറിയെടുത്ത് കുളിയും പ്രാഥമിക കൃത്യങ്ങളും കഴിഞ്ഞ് നേരെ ക്ഷേത്രത്തിലേക്കു പോവാം. അവിടെ സെക്യൂരിറ്റിയൊക്കെ അല്‍പം കര്‍ക്കശമാണ്. ചെക്കിങ്ങ് കഴിഞ്ഞേ അകത്തേക്ക് വിടൂ. കിഴക്കുവശത്തെ അഷ്ടശക്തി മണ്ഡപത്തിലൂടെ അകത്തു കയറി ആദ്യം ദേവിയേയും പിന്നീട് സുന്ദരേശ്വര സ്വാമിയേയും തൊഴണമെന്നാണ് വിശ്വാസം. തൊഴുതു കഴിഞ്ഞാല്‍ തീരുന്നില്ല മധുരമീനാക്ഷിയുടെ മുന്നിലെ ഭക്തി. അത് കാഴ്ചകളുടെ കൂടി ദേവാലയമാണ്. വര്‍ഷങ്ങളോളം ഇത്തരമൊരു ബൃഹദ് കലാസൃഷ്ടിക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ഉള്ള അര്‍പ്പണം കൂടിയാവണം നമ്മുടെ യാത്ര.

 

Thirumala nayak palace

 

അഷ്ടശക്തി മണ്ഡപത്തില്‍ എട്ടു തൂണുകളിലായി ശക്തിയുടെ എട്ടുരൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ചുമരുകളില്‍ തിരവിളയാടല്‍ പുരാണത്തിലെ രംഗങ്ങളും. അതു കഴിഞ്ഞാല്‍ മീനാക്ഷിനായ്ക്കന്‍ മണ്ഡപം കാണണം. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ആയിരത്തെട്ടു ദീപനാളങ്ങളുള്ള ദീപസ്തംഭം കാണണം. മുതലിപിള്ളൈ മണ്ഡപം എന്ന മനോഹരമായ ചിത്രഗോപുരം, പൊല്‍ത്താമരക്കുളം, ഊഞ്ഞാല്‍ മണ്ഡപം, കിളിക്കൂട്ടു മണ്ഡപം, മീനാക്ഷിക്ഷേത്രം.  എല്ലാം കഴിഞ്ഞാല്‍ ആയിരം കാല്‍മണ്ഡപത്തിലെ ക്ഷേത്ര മ്യൂസിയം മറക്കാതെ കാണണം. അവിടെ ക്ഷേത്രത്തിന്റെ പൂര്‍ണരൂപം നമുക്ക് കാണാം. അത്ഭുതവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരോടുള്ള ആദരവും നമ്മുടെ മനസില്‍ അറിയാതെ വിടരും. പഴയ നാണയങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിങ്ങനെ അമൂല്യമായ കാഴ്ചകളുടെ മ്യൂസിയമാണത്.

 

അനുഗ്രഹിക്കാനായി തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരാനയേയും ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ കാണാം. പണം കൊടുത്താല്‍ തുമ്പികൈ തലയില്‍ വെച്ചനുഗ്രഹിക്കും. അതിന്റെ ഫോട്ടോയും പിടിക്കാം. ക്ഷേത്രത്തിനു പുറത്തിറങ്ങിയാല്‍ നിറയെ കടകളാണ്. എല്ലാതരം സാധനങ്ങളും കിട്ടും. വിലപേശി വാങ്ങാന്‍ മറക്കരുതെന്നു മാത്രം.

 

ക്ഷേത്രത്തിനു പുറത്തിറങ്ങിയാല്‍ കാണാന്‍ തിരുമലനായ്ക്കരുടെ കൊട്ടാരമാണുള്ളത്. അതും മറക്കാതെ കാണണം. ദ്രാവിഡ-ഇസ്ലാമിക് വാസ്തുശില്‍പ സമന്വയമാണീ കൊട്ടാരം. ചരിത്ര-സാസ്‌കാരിക കഥകളും കൊട്ടാരത്തിന് പങ്കുവെക്കാനുണ്ട്.

 

kollam madurai passengerപഴമുതിര്‍ചോലൈ, തിരുപ്രകുണ്ഡ്രം ക്ഷേത്രങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാം. തിരുപ്രകുണ്ഡ്രം ദേവയാനിയെ അറുമുഖന്‍ വിവാഹം ചെയ്ത ഇടമാണ്. പഴമുതിര്‍ചോലൈ അവ്വയാറിന് ബോധോദയം കിട്ടിയയിടവും. മുരുകന്റെ ആറുപടൈ വീടുകളില്‍ രണ്ട് ക്ഷേത്രങ്ങളാണിത്. തിരുപ്രകുണ്ഡ്രത്തിലേക്ക് അരമണിക്കൂര്‍ യാത്രമതി. പഴമുതിര്‍ചോലൈയിലേക്ക് കാല്‍മണിക്കൂറും. ഓട്ടോയും ബസും കിട്ടും. തിരിച്ചുവരാനും മധുരൈ കൊല്ലം പാസഞ്ചറുണ്ട് രാത്രി 11.15 ന് പുറപ്പെടും. മധുരൈ ഗുരുവായൂര്‍ എക്‌സ്പ്രസാണ് മറ്റൊരു വണ്ടി. നേരെ ഗുരുവായരില്‍ വന്ന് ഗുരുവായൂരപ്പനെ കൂടെ തൊഴാന്‍ ഈ വണ്ടി പിടിക്കാം.

Tags: