കോഴിക്കോടു നിന്ന് നമുക്ക് തുടങ്ങാം. നഗരത്തിൽ നിന്നു എരഞ്ഞിപ്പാലം വഴി വയനാട്ടിലേക്കുള്ള റോഡ് മനോഹരമാണ്. പ്രത്യേകിച്ചും പ്രഭാതത്തിൽ ഡ്രൈവ് ചെയ്യാൻ നല്ല സുഖമാണ്. ചെറിയൊരു തണുപ്പുണ്ടാവും. വീതിയേറിയ റോഡിൽ വളവു തിരിവുകൾ ആസ്വദിച്ചങ്ങിനെ വണ്ടിയോടിക്കാം. വെള്ളിമാടുകുന്ന്, കുന്നമംഗലം, താമരശ്ശേരി കഴിഞ്ഞ് അടിവാരത്തെത്തുമ്പോൾ ഒരു ചായ കുടിക്കാം. ഇനി ചുരമാണ്, കുതിരവട്ടം പപ്പു പറയുന്ന വയനാട് ചൊരം... ഒമ്പതു ഹെയർപിൻ വളവുകൾക്കിടയിലെ വ്യൂ പോയിന്റുകളിലെല്ലാം വണ്ടി നിർത്താൻ മറക്കണ്ട. ഫോട്ടോയെടുക്കാനും. കാഴ്ചക്കാരായി കുരങ്ങൻമാരുണ്ടാവും. വൈത്തിരിയെത്തുമ്പോൾ ചുരം തീരും. പ്രശസ്തമായ പൂക്കോട് തടാകം അവിടെയാണ്. കാണണമെങ്കിൽ നിർത്താം. പക്ഷെ നമ്മുടെ ലക്ഷ്യം അതല്ല, അങ്ങ് മേലെ മാനം മുട്ടി നിൽക്കുന്ന ചെമ്പ്രമലയാണ്.
കൽപ്പറ്റയിൽ നഗരപരിധിയാവുന്നിടത്ത് ഊട്ടി റോഡ്. വലത്തോട്ട് തിരിഞ്ഞ് ആ റോഡിലൂടെ പോകാം. അകലെ കോടത്തൊപ്പിയണിഞ്ഞ ചെമ്പ്ര കൊടുമുടി ആകാശത്തേക്കുയർന്നു നിൽക്കുന്നത് കാണാം. കൊടുമുടിയേറിയാൽ ഒരത്ഭുതകാഴ്ചയുമുണ്ട്.
അടുത്ത സ്ഥലം മേപ്പാടിയാണ്. വനസംരക്ഷണസമിതി ഓഫീസിൽ നിന്ന് പാസു വാങ്ങുക. ഒരു വഴികാട്ടി കൂടെ വരും. ചെമ്പ്ര എസ്റ്റേറ്റിലേക്കുള്ള സ്വകാര്യ റോഡ് തുടങ്ങുന്നിടത്ത് ഗേറ്റിൽ പേരും വിലാസവും എഴുതി കൊടുക്കണം. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ ക്ലൌഡ്സ് എൻഡ് എന്നൊരു ബംഗ്ലാവ് കണ്ടതോർമ്മയില്ലേ. അതിവിടെയാണ്. അവിടെ വരെയേ വണ്ടി വിടൂ.
ഇനി ട്രെക്കിങ്ങ് തുടങ്ങാം. വാച്ച് ടവറു വരെ സാധാരണ വഴിയാണ്. അവിടുന്നങ്ങോട്ട് ഓരോ ചുവടും കരുതലോടെ വേണം. കയറ്റമാണ്. ഒരു ചവിട്ടടിപാത മാത്രം. ചുറ്റും പുൽപരപ്പും കുറ്റിച്ചെടികളും. നടന്ന് തളരുമ്പോൾ ഒന്നു നിൽക്കാം. അൽപം വിശ്രമിക്കാം. കയ്യിൽ കരുതിയ വെള്ളം കുടിക്കാം. ബിസ്‌ക്കറ്റോ കപ്പലണ്ടി മിഠായിയോ പോലുള്ള ലഘു ഭക്ഷണം കഴിക്കാം.
ഒരു ശരാശരി വേഗതയിൽ കയറിയാൽ ഒന്നര മണിക്കൂറു കൊണ്ട് ഇടത്താവളത്തിലെത്താം. അവിടെയാണ് ഹൃദയതടാകം നിങ്ങളെ കാത്തിരിക്കുന്നത്. കടൽ നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ മലമുകളിലൊരു കുഞ്ഞുതടാകം. ഹൃദയാകൃതിയിലുള്ള തടാകത്തിൽ ഏതു വേനലിലും വെള്ളമുണ്ടാവും. മത്സ്യക്കുഞ്ഞുങ്ങളേയും ആമയേയും കാണാം. പൂക്കോട് തടാകത്തിൽ നിന്ന് കൊണ്ടുവന്നിട്ടതാണവയെ. സമുദ്രനിരപ്പിൽ നിന്ന് ഇത്ര ഉയരത്തിലുളള സാഹചര്യത്തിൽ അവ വളരുമോ എന്നു നോക്കാനുള്ള പരീക്ഷണം. തടാകക്കരയിൽ ഓടിന്റെ അവശിഷ്ടങ്ങൾ കാണാം. ബ്രിട്ടീഷ് കാലത്ത് ഇവിടെ ഒരു ക്യാംപ് ഓഫീസ് ഉണ്ടായിരുന്നു. മൃഗയാ വിനോദങ്ങൾക്കും മദ്യപാനരാത്രികൾക്കുമായി അവർ ഇവിടെ വന്നു തമ്പടിക്കാറുണ്ടായിരുന്നത്രെ.
യാത്ര ഇവിടെ തീരുന്നില്ല. ഹൃദയതടാകക്കരയിൽ നിന്ന് മേലോട്ട് നോക്കുമ്പോൾ ചെമ്പ്രമലപ്പൊക്കം തലയെടുപ്പോടെ. ആരുണ്ടെടാ എന്നെ കീഴടക്കാനെന്ന മട്ടിൽ... നമ്മൾ വിടാൻ പാടില്ല. സഖാക്കളെ മുന്നോട്ട്. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുക. തടാകം ചെറുതായി വരുന്നത് കാണാം. കയറ്റം കഠിനമാവുന്നുണ്ടാവും. ആഞ്ഞ് വീശുന്ന കാറ്റിൽ നമ്മൾ പാറിപ്പോകുമോ എന്നു തോന്നിപ്പോവും. ചുറ്റുവട്ടങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാവണം യാത്ര. അപൂർവ്വയിനം ഓർക്കിഡുകളും ശലഭങ്ങളും ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളും നിങ്ങളുടെ കൺമുന്നിൽ വന്നെന്നിരിക്കും. അതുകൊണ്ട് തന്നെ ക്യാമറക്കണ്ണുകളും സ്വന്തം കണ്ണുകളും തുറന്നു പിടിച്ചുകൊണ്ടാവണം ഈ യാത്ര.
ഹാവൂ, അങ്ങനെ നമ്മൾ മലപ്പൊക്കത്തെ കാൽക്കീഴിലാക്കി. മൂന്നര മണിക്കൂറു നടന്നാലും ഒരു മലയുടെ അഹങ്കാരത്തെ നാം തോൽപിച്ചില്ലേ. ഉയരങ്ങൾ കീഴടക്കുന്നതിന്റെ സന്തോഷം! അവിടെ നിന്നും വൈത്തിരി, കൽപ്പറ്റ, കാരാപ്പുഴ ഡാം. ബാണാസുരസാഗർ എല്ലാത്തിന്റെയും ദൂരകാഴ്ച.
അതിനേക്കാളെല്ലാം മനോഹരമാണ് മലയിൽ നിന്നുള്ള ഹൃദയതടാക കാഴ്ച. സസ്യശാസ്ത്ര വിദ്യാർഥികൾക്ക് ചെമ്പ്ര ചിലപ്പോൾ വിലപ്പെട്ട കാഴ്ചകൾ സമ്മാനിക്കും. അപൂർവ്വയിനം ഓർക്കിഡോ ചെടികളോ വിരിഞ്ഞു നിൽപ്പുണ്ടാവും.
ഇനി താഴോട്ടിറങ്ങാം. മുകളിലോട്ട് കയറുമ്പോഴുള്ള കാഴ്ചയുടെ മാനമായിരിക്കില്ല താഴോട്ടിറങ്ങുമ്പോൾ. അതിന് മറ്റൊരു ചന്തം. താഴെയെത്തിയാൽ വണ്ടി എടുക്കും മുമ്പ് എസ്റ്റേറ്റ് ബംഗ്ലാവിനടുത്തെ കൊച്ചു വെള്ളച്ചാട്ടത്തിൽ ഒരു കുളി പാസാക്കാം. ക്ഷീണം ചെമ്പ്ര കടന്നിരിക്കും.