അഭയാർഥികൾ പണിത സുവർണക്ഷേത്രത്തിലേക്ക്...

കുങ്കര്‍
Sat, 30-11-2013 04:00:00 PM ;

coorg tibetan temple

 

ഈ സുവർണ ക്ഷേത്രത്തിലെത്തുമ്പോൾ നിങ്ങൾ ഒരു നിമിഷം ശങ്കിച്ചുപോകും. നമ്മളിപ്പോൾ മറ്റേതോ ലോകത്താണോ എന്ന്. തിബത്തിലോ ചൈനയിലോ എത്തിയോ എന്ന്. എന്നാലിത് കർണാടകയിലെ കൂർഗാണ്. കുടക് എന്നും പറയാം. കുടകിലെ തിബത്തൻ ലോകമായ ബൈലക്കുപ്പ കാണാനാണ് നിങ്ങളെ ക്ഷണിക്കുന്നത്. നമുക്ക് യാത്ര കോഴിക്കോട്ടു നിന്നു തുടങ്ങാം.

 

നേരെ കൊയിലാണ്ടി വടകര വഴി കുഞ്ഞിപ്പള്ളിയിലെത്തുക. വലത്തോട്ട് തിരിഞ്ഞ് കൂത്തുപറമ്പിലേക്കുള്ള വഴി ചോദിച്ച് മുന്നോട്ടു പോകുക. പിന്നെ ഇരിട്ടി മാക്കൂട്ട ചുരം വഴി നേരെ മടിക്കേരിയിലെത്തുക. അവിടെ നിന്നും സുണ്ടിക്കുപ്പ വഴി മൈസൂർ റോഡിലേക്കു തിരിയുക. കുശാൽ നഗറിലെത്തുമ്പോൾ ചെറുതായി വലത്തോട്ട് തിരിയുന്ന മൈസൂർ റോഡിലൂടെ തന്നെ ഒരു രണ്ടു കിലോമീറ്റർ പോവുക. അവിടെ നിന്നും വലത്തോട്ടു തിരിഞ്ഞ് ഒന്നര കിലോമീറ്റർ പോയാൽ സുവർണക്ഷേത്രമായി.

 

ഇവിടെ ചുറ്റിക്കറങ്ങുന്നതിനു മുമ്പ് അൽപം ചരിത്രം കൂടി അറിഞ്ഞിരിക്കുന്നതു നല്ലതാണ്. തിബത്തിലെ ശാന്തരും സമാധാനപ്രിയരുമായ ബുദ്ധമതാനുയായികളാണ് സുവർണക്ഷേത്രത്തിലെ അന്തേവാസികൾ. ഇവരിവിടെയെത്തിയതെങ്ങിനെ എന്നറിഞ്ഞാവട്ടെ ക്ഷേത്രം ചുറ്റിക്കാണലൊക്കെ.

 

1949-ൽ തിബത്തിലെ ബുദ്ധമതാനുയായികളെ ചൈനീസ് പട്ടാളം ആക്രമിച്ചു. ബുദ്ധമതാനുയായികളെ ചിന്നഭിന്നമാക്കാനുള്ള ശ്രമത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു. യുവാവും ബുദ്ധമതാനുയായിയുമായ പെനോർ റിംപോച്ചെ തന്റെ അനുയായികളേയും കൂട്ടി പലായനം ചെയ്തു. ആദ്യം അരുണാചൽ പ്രദേശിലെത്തിയ അവർക്കു പിന്നാലെ വേറെയും അഭയാർഥികൾ എത്തി തുടങ്ങി. 1960 ആയപ്പോഴേക്കും അഭയാർഥികളുടെ ഒഴുക്ക് കൂടി. അടുത്ത വര്‍ഷം പെനോർ റിംപോച്ചയും സംഘവും ദക്ഷിണേന്ത്യയിലേക്ക് നീങ്ങി. അവിടെ കർണാടക സർക്കാർ അഭയാർഥികൾക്കായി നൽകിയ 3000 ഏക്കറിൽ ഒട്ടേറെ അഭയാർഥികൾ എത്തി ജീവിതം കെട്ടിപ്പടുത്തു. പെനോർ റിംപോച്ച ഇവിടെയൊരു ബുദ്ധവിഹാരവും പണിതു. മുളയും ഓലയും കൊണ്ട് പണിത ആ വിഹാരത്തിന്റെ സ്ഥാനത്താണ് ഇന്നു നാം കാണുന്ന സുവർണക്ഷേത്രം. ഇന്നിത് ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു ബുദ്ധമത പഠനകേന്ദ്രവും കൂടിയാണ്.

 

 

കൃഷിയും കരകൗശല വസ്തുക്കളുടെ നിർമ്മാണവുമെല്ലാമായി ജീവിതം കെട്ടിപ്പടുത്ത ഇവർ ഇവിടെ മറ്റൊരു തിബത്തു തന്നെയാണ് പണിതത്. നാനാത്വത്തിലെ ഏകത്വം എന്ന മഹത്തായ ആശയം മുറുകെ പിടിക്കുന്ന നമുക്കത് സ്വീകാര്യവുമായി. അതുകൊണ്ടാണല്ലോ ഇപ്പോൾ നാമിവിടെ നിൽക്കുന്നത്. അവരുടെ പ്രാർഥനകളിൽ പങ്കുചേരുന്നത്. അവരുടെ കരകൗശല വസ്തുക്കള്‍ വിലകൊടുത്തു വാങ്ങുന്നത്.

 

അവരുടെ സംസ്‌കാരവും ജീവിതവുമെല്ലാം കണ്ടറിഞ്ഞ് നമുക്ക് കുടകിലെ മറ്റ് കാഴ്ചകളിലേക്കും തിരിയാം. നിസർഗദാമ, അബി വെള്ളച്ചാട്ടം, ദുബാരെ, രാജാസീറ്റ്, മടിക്കേരി -  അങ്ങനെ കറങ്ങാൻ ഒത്തിരിയിടങ്ങൾ ഇവിടെയുണ്ട്. മടക്കയാത്ര വയനാട് വഴിയാക്കിയാൽ ഇരുപ്പ് വെള്ളച്ചാട്ടം, തോൽപ്പെട്ടി വന്യജീവി സങ്കേതം, തിരുനെല്ലി ക്ഷേത്രം, മാനന്തവാടി, വയനാടൻ ചുരം എന്നിവയും ഈ യാത്രയിൽ ഉൾപ്പെടുത്താം. വയനാടൻ ചുരം ഇറങ്ങിയാൽ പിന്നെ കോഴിക്കോടുമായി. ഒരു വിനോദസഞ്ചാര ചക്രം.....

Tags: