രാജാജി - ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം

എൻ.പി. സോമൻ
Tue, 10-12-2013 12:30:00 PM ;

rajaji idol

 

ബാംഗ്ലൂർ നഗരത്തിൽ നിന്നും ഏകദേശം നാല്പത് കിലോമീറ്ററോളം അകലെയായി സ്ഥിതിചെയ്യുന്ന 'ഹൊസൂർ' എന്ന വ്യവസായിക പട്ടണം. ഹൊസൂർ തമിഴ്‌ നാട്ടിലാണെങ്കിലും തെലുങ്ക്, കന്നഡ  ഭാഷകൾ സംസാരിക്കുന്നവരും കുറവല്ല.

 

സ്വതന്ത്രഭാരതത്തിന്റെ ഗവർണർ ജനറലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന, രാജാജി എന്നറിയപ്പെട്ട, സി. രാജഗോപാലാചാരിയുടെ ജന്മഗൃഹം തേടിയായിരുന്നു എന്റെ യാത്ര. ബെംഗലൂരുവിലെ കൈലാസി പാളയത്തില്‍ നിന്നും ഹൊസൂരിലെക്ക് കര്‍ണ്ണാടകം, തമിഴ്‌നാട്‌ സര്‍ക്കാറുകളുടെ ഒട്ടനവധി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ നമുക്ക് ഹൊസൂര്‍ ബസ് സ്റ്റേഷനിലെത്താം. ഇവിടെ നിന്നും പത്ത് കിലോമീറ്റര്‍ മാത്രമേ രാജാജിയുടെ വീട് സ്ഥിതിചെയ്യുന്ന തൊറപ്പള്ളിയിലേക്ക് ദൂരമുള്ളൂ. എങ്കിലും ഓരോ മണിക്കൂര്‍ ഇടവിട്ട് മാത്രമേ സര്‍വീസ് ബസ്സുകളുള്ളൂ.  ബസ് സ്റ്റേഷനില്‍ നിന്ന് 13-ാം നമ്പര്‍ ബസ്സില്‍ കയറിയാല്‍ തൊറപ്പള്ളിയിലുള്ള രാജാജിയുടെ ഭവനത്തിന്റെ പ്രധാന കവാടത്തില്‍ ഇറങ്ങാം.

 

അജ്ഞാത പ്രതിഭ

 

ഇടയ്ക്കിടെ പെയ്ത ചാറ്റൽമഴ ശക്തിപ്രാപിച്ചപ്പോൾ മഴയിൽ നിന്നും രക്ഷനേടാനായി ടൗണിൽ അടച്ചിട്ടിരുന്ന ഒരു കടയുടെ വരാന്തയിലേക്ക് ഞാനും ഓടിക്കയറി. കൃത്യമായി വഴി നിശ്ചയമില്ലാതിരുന്നതിനാൽ അതേ കടയിൽ തന്നെ മഴയുടെ ശമനത്തിനായി കാത്തുനിന്ന കൌമാരക്കാരനോട് രാജാജിയുടെ വീട് സ്ഥിതിചെയ്യുന്ന തൊറപ്പിള്ളി എന്ന ഗ്രാമത്തെപ്പറ്റി അന്വേഷിച്ചു. സ്വാതന്ത്ര്യസമരകാലത്തെ പല നിർണായക സമരങ്ങൾക്കും ചുക്കാൻ പിടിച്ച ഈ അതികായനെപ്പറ്റി വ്യക്തമായ ഒരു ധാരണയും കിരണ്‍ എന്ന ആ പ്ലസ്ടു വിദ്യാർഥിക്കുണ്ടായിരുന്നില്ല. ഹൊസൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർഥിനിയായ പ്രിയങ്കക്ക് രാജാജിയെപ്പറ്റിയുള്ള അറിവ് മുമ്പെന്നോ താൻ പഠിച്ച ചരിത്രപുസ്തകത്തിലെ ചില ഏടുകളിൽ നിന്നു മാത്രമാണ്. എൻജിനീയറിങ് ബിരുദധാരിയും ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ സുരേഷിനും രാജാജിയെപ്പറ്റിയുള്ള അറിവുകൾ വളരെ വിരളമായിരുന്നു.

 

ഇൻറർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും മാസ്മരിക ലോകത്തിൽ ചുറ്റിത്തിരിയുന്ന നമ്മുടെ യുവമനസ്സുകൾക്ക് ഭാരതരത്നത്താല്‍ ബഹുമാനിക്കപ്പെട്ട രാജാജിയെ പറ്റിയോ മറ്റു സ്വാതന്ത്രസമരപോരാളികളെപ്പറ്റിയോ അറിയുവാൻ കഴിയാതെ പോയതിൽ ആശ്ചര്യപ്പെടേണ്ടതില്ല.

 

അയ്യങ്കാര്‍ വീട്ടില്‍

 

കേരളത്തിലെ നാലുകെട്ടിനെ അനുസ്മരിക്കും വിധം പണിതിട്ടുള്ള ഈ അഗ്രഹാരത്തിന് 200 വര്‍ഷത്തോളം പഴക്കമുണ്ടത്രേ. തീര്‍ത്തും പരമ്പരാഗത ശൈലിയില്‍ പണിത യാഥാസ്ഥിതിക അയ്യങ്കാര്‍ ഇല്ലം. വെള്ള പൂശിയ മണ്‍ചുവരുകളും ചാണകം മെഴുകിയ തറയും മുളയും ഓടും കൊണ്ടുതീര്‍ത്ത മേല്‍ക്കൂരയും ഉള്ള പുരാതനമായ ഈ ഇല്ലം കാലപ്പഴക്കത്തിന്റെ പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി ഒട്ടും തന്നെ തനിമ നഷ്ടപ്പെടാതെ ഇന്നും സൂക്ഷിച്ചിരിക്കുന്നു.

 

മുന്‍ഭാഗത്തെ വരാന്തയോട് ചേര്‍ന്നുള്ള ചെറിയ, സ്വീകരണ മുറി പോലെ തോന്നിപ്പിക്കുന്ന ഒരു കൊച്ചുവരാന്തയില്‍ ഓരത്തായി മണ്ണില്‍ തന്നെ രൂപപ്പെടുത്തിയ കട്ടിലിന്റെ മാതൃകയിലുള്ള ഇരിപ്പിടം. അവിടെ നിന്നുമാണ് അകത്തളത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്. അകത്തളത്തിന്റെ മധ്യഭാഗത്തായി വെങ്കലത്തില്‍ തീര്‍ത്ത രാജാജിയുടെ അര്‍ദ്ധകായ ശില്‍പ്പം. ചുവരില്‍, മഹാത്മാ ഗാന്ധി, നെഹ്രു, അംബേദ്‌കര്‍, രാജേന്ദ്രപ്രസാദ്, ഡോ. എസ് രാധാകൃഷ്ണന്‍, മുഹമ്മദാലി ജിന്ന തുടങ്ങി ഒട്ടേറെ മഹാരഥന്‍മാര്‍ക്കൊപ്പമുള്ള രാജാജിയുടെ ചിത്രങ്ങള്‍.

 

സമരമുഖത്തേക്ക്

 

സേലത്ത് പ്രമുഖ അഭിഭാഷകനായിരുന്ന ചക്രവര്‍ത്തി രാജഗോപാലാചാരി ബാലഗംഗാധര തിലകന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിൽ രംഗപ്രവേശം ചെയ്തതോടെ അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയി മാറിയ അദ്ദേഹം തന്റെ അഭിഭാഷക വൃത്തി നിർത്തലാക്കി സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി. റൗളത് ആക്ടിനെതിരായ സമരത്തില്‍ ശക്തമായ നേതൃത്വം കൊടുത്ത അദ്ദേഹം ബ്രിട്ടിഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിലും നേതൃത്വപരമായ പങ്ക് വഹിച്ചു. 1921-ൽ കോണ്‍ഗ്രസ് പാർട്ടിയുടെ വർക്കിങ് കമ്മിറ്റിയിലേക്കും തുടർന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും രാജാജി തിരഞ്ഞെടുക്കപ്പെട്ടു. 1922-ൽ ഗയയിൽ നടന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് സമ്മേളനത്തിൽ ബ്രിട്ടിഷുകാരോട് ചേർന്നുള്ള ദ്വിഭരണ വ്യവസ്ഥയ്‌ക്കെതിരെ രാജാജി ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

 

അകത്തളത്തെ മറ്റൊരു ചുവരില്‍ അധികാര പദവികള്‍ അലങ്കരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. മഹാത്മാ ഗാന്ധിക്കായി അദ്ദേഹമയച്ച കത്ത്, യു.എസ് പ്രസിഡന്റുമാരായ ജോണ്‍ കെന്നഡിയ്ക്കും നിക്സണുമൊത്തുള്ള ചിത്രങ്ങള്‍ അങ്ങനെ വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കിക്കൊണ്ട് രാജാജിയുടെ ഭവനം ഒരു ചരിത്ര സ്മാരകമായി മാറുന്നു.

 

അധികാര ശ്രേണികള്‍

 

1937-ൽ മദ്രാസ് പ്രസിഡൻസിയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയായി. 1924-25 കാലഘട്ടത്തിൽ നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുള്ള രാജാജി മുഖ്യമന്ത്രിയായിരിക്കെ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കുന്ന നിയമം പാസാക്കി. ഈ നിയമത്തിന്റെ പിന്തുണയോടെ 1939-ൽ മധുരമീനാക്ഷി ക്ഷേത്രം പിന്നോക്ക സമുദായക്കാർക്കായി തുറന്നുകൊടുത്ത് രാജാജി സമഭാവനയ്ക്ക് ഉത്തമമാതൃക കാട്ടി. ബ്രിട്ടിഷുകാർ നടപ്പാക്കിയ ഉപ്പുനിയമത്തിനെതിരെ മഹാത്മാഗാന്ധി നടത്തിയ ദണ്ഡി മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് നാഗപട്ടണത്തിനടുത്തുള്ള വേദാരണ്യത്തിൽ രാജാജിയുടെ നേതൃത്വത്തില്‍ നിയമം ലംഘിച്ചതിനെ തുടർന്ന് ജയിൽവാസവും അനുഭവിച്ചു. ഇന്തോ-പാക് വിഭജനം സംബന്ധിച്ച് മഹാത്മാഗാന്ധിയും മുഹമ്മദാലി ജിന്നയും തമ്മിൽ നടന്ന ചർച്ചയിലും ഈ രാജ്യതന്ത്രജ്ഞന്റെ പങ്ക് നിർണാകമായിരുന്നു.

 

സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് ഇടക്കാല നെഹ്‌റു മന്ത്രിസഭയിലെ വ്യവസായ മന്ത്രി, വിഭജന കാലത്ത് ബംഗാളില്‍ ഗവർണർ എന്നിങ്ങനെ നിര്‍ണ്ണായക പദവികള്‍ വഹിച്ച രാജാജി മൌണ്ട്ബാറ്റന്‍ പ്രഭുവിന് ശേഷം രാഷ്ട്രം റിപ്പബ്ലിക്ക് ആകുന്നത് വരെ ഇന്ത്യയുടെ ഗവർണർ ജനറൽ പദവി അലങ്കരിച്ച് ചരിത്രത്തിന്റെ ഭാഗമായി. സർദാർ പട്ടേലിന്റെ മരണാനന്തരം ആഭ്യന്തരമന്ത്രിയായ രാജാജി നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസത്തിൽ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുകയായിരുന്നു. 1952-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മദ്രാസ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി നിയമിതനായ അദ്ദേഹം രണ്ട് വര്‍ഷം മാത്രമേ പദവിയില്‍ തുടര്‍ന്നുള്ളൂ.1957-ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം പിന്നീട് സ്വതന്ത്ര പാര്‍ട്ടി സ്ഥാപിച്ചു.

 

സാഹിത്യ ശോഭ

 

വടക്കു പടിഞ്ഞാറ് ഭാഗത്തായി കാണുന്ന ചെറിയ മുറിയിലാണ് രാജാജി പിറന്നുവീണത്. അകത്തളത്തോട് ചേര്‍ന്നുതന്നെ അടുക്കളയും ഊണുമുറിയും. ഊണുമുറിയുടെ ഒരു വശം ചേര്‍ന്ന് ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന അലമാരയില്‍ അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളും അഭിഭാഷകവൃത്തിയുടെ കാലത്തുപയോഗിച്ചിരുന്ന കറുത്ത ഗൌണും നിയമപുസ്തകങ്ങളും.

 

1878 ഡിസംബർ മാസം 10-ാം തീയതി ചക്രവര്‍ത്തി വെങ്കിടരാമ അയ്യങ്കാറിന്റെയും ശിങ്കാരമ്മയുടെയും പുത്രനായാണ് രാജാജിയുടെ ജനനം. ഹൊസൂരിലെ ആർ.വി. ഗവണ്മെന്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജാജി ബാംഗ്ലൂരിലെ സെൻട്രൽ കോളേജിൽ നിന്ന് ബിരുദവും ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. തുടർന്ന്‍ അലമേലു മങ്കമ്മയെ ജീവിതസഖിയായി സ്വീകരിക്കുകയും മൂന്ന്‍ പുത്രന്മാർക്കും രണ്ട് പുത്രിമാർക്കും ജന്മം നൽകുകയും ചെയ്തു. രാജാജിയുടെ പുത്രി ലക്ഷ്മി മഹാത്മാഗാന്ധിയുടെ പുത്രനായ ദേവദാസ് ഗാന്ധിയെയാണ് വിവാഹം കഴിച്ചത്. ഇദ്ദേഹത്തിന്റെ പുത്രൻ സി.ആർ നരസിംഹൻ 1952 മുതൽ 62 വരെ കൃഷ്ണഗിരി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായിട്ടുണ്ട്.

 

അവസാന കാലത്ത് രാജാജി രാഷ്ട്രീയ പ്രവര്‍ത്തനം പരിമിതമാക്കിയത് സാഹിത്യമണ്ഡലത്തിന് ഗുണപ്രദമായി. 1951-ൽ മഹാഭാരതം ഇംഗ്ലീഷിലേക്ക്  വിവർത്തനം ചെയ്ത അദ്ദേഹം ഭഗവത്ഗീത, തിരുക്കുറൽ എന്നിവയും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1958-ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച രാജാജി ഭാരതീയ വിദ്യാഭവന്റെ സ്ഥാപകരിൽ ഒരാളാണ്. വിഷ്ണുഭക്തനായ ഇദ്ദേഹം ചിട്ടപ്പെടുത്തിയ 'കൂറെയ് ഒറും ഇല്ലൈ മറൈ മൂർത്തി കണ്ണാ' എന്ന വെങ്കിടേശ്വര സ്തുതി എം.എസ് സുബ്ബലക്ഷ്മി 1967-ൽ യു.എൻ. അസംബ്ലിയിൽ പാടി.

 

വീടിന്റെ പിറകില്‍ വിസ്താരം കുറഞ്ഞതെങ്കിലും ആഴമേറിയ കിണര്‍. വീടിനോടോട്ടി നിരനിരയായി കിടക്കുന്ന സമീപ വീടുകള്‍. ഈ മുറ്റത്താണ് രാജാജി പിച്ചവെച്ചു നടന്നത്. ഈ അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. ഇവിടെ നിന്നുമാണ് രാജ്യത്തിന്റെ ഉന്നത് അധികാര ശ്രേണികളിലേക്ക് എത്തിയ ജീവിതയാത്ര തുടങ്ങിയത്. 

 

1972 ഡിസംബർ മാസം 25-ാം തീയതി തന്റെ 94-ാം വയസ്സിൽ നിര്യാതനായ ഇദ്ദേഹത്തിന്റെ വിയോഗം തമിഴ്‌നാടിന് മാത്രമല്ല, സ്വാതന്ത്രഭാരതത്തിനും അനിവാര്യമെങ്കിലും വിലപ്പെട്ടതായ ഒരു നഷ്ടമാണ്. സ്വാതന്ത്ര ഇന്ത്യയുടെ ആഭ്യന്തരമന്ത്രി, ബ്രിട്ടിഷ് ഇന്ത്യയില്‍ മദ്രാസ് പ്രസിഡൻസിയുടേയും പിന്നീട്  സ്വതന്ത്ര ഇന്ത്യയില്‍ മദ്രാസ് സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രി, വിഭജന കാലത്ത് പശ്ചിമ ബംഗാൾ ഗവർണർ, അഭിഭാഷകൻ, സാഹിത്യകാരൻ എന്നീ നിലകളിൽ ബഹുമുഖപ്രതിഭയായിരുന്ന രാജാജിയുടെ സംഭാവനകൾ നിരവധിയായിരുന്നുവെങ്കിലും സ്വന്തം ജന്മനാട്ടിൽ പോലും അദ്ദേഹത്തിന്റെ മഹത്വത്തെപ്പറ്റി പലരും അറിയാതെ പോകുന്നത്ത് തികച്ചും വേദനാജനകവും ദൗർഭാഗ്യവുമാണ്. ദ്രവീഡിയൻ പാർട്ടികളുടെ തേരോട്ടത്തിൽ മണ്‍മറഞ്ഞുപോകുന്ന രാജാജിയുടെ പ്രഭാവം സംരക്ഷിക്കുന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനും ചരിത്രത്തിനും മുതൽക്കൂട്ടാകുകയേ ഉള്ളൂ.

Tags: