വിട്ടുമാറാത്ത ചുമയും കഫവും ഇപ്പോൾ ആന്റിബയോട്ടിക്‌സ് കഴിച്ചാൽ പോലും പോകാൻ പ്രയാസം. കാരണം മിക്ക വൈറസുകളും ആന്റിബയോട്ടിക്‌സ് റസിസ്റ്റന്റായിക്കഴിഞ്ഞിരിക്കുന്നു. അതിനനുസരിച്ച് വീര്യം കൂടിയത് കഴിക്കേണ്ടിയും വരുന്നു. എത്ര വമ്പൻ ചുമയാണെങ്കിലും മാറാൻ ഒരു നാടൻ പ്രയോഗമുണ്ട്. അത് ആയുർവേദ ചികിത്സകൻ കൂടിയായ സ്വാമി നിർമലാനന്ദഗിരി വമ്പൻ ചുമക്കാർക്ക് കുറിച്ചുകൊടുക്കാറുണ്ട്. മൂന്ന് നേരം കഴിക്കുന്നതോടെ ചുമയും കഫവും പെരിയാറും പമ്പയുമൊക്കെ കടക്കും.
സംഗതി ഇങ്ങനെ. വാടിവീണ ഓലമടൽ. ആ മടലിന്റെ മാംസളഭാഗം വെട്ടിയെടുത്ത് ഒന്നൊന്നര ഇഞ്ച് കനമുള്ള ചെറിയ ചീളുകളാക്കുക. അത് വാഴയിലയിൽ പൊതിയുക. ഒരഞ്ചുപാളിയാകുന്നത് നല്ലത്. അങ്ങിനെ വാഴയിലയിൽ പൊതിഞ്ഞ വാട്ടമടൽ കനലിന്റെ പുറത്ത് വയ്ക്കുക. ചിരട്ട കത്തിച്ചതു മതി. അതാവുമ്പോൾ മടൽ സംഘടിച്ചാൽ ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കുപോലും ചെയ്യാവുന്നതേയുള്ളു. വാഴയിലയുടെ രണ്ടുമൂന്നു പാളി കരിയുമ്പോഴേക്കും മടൽ ഏകദേശം വാടിയിരിക്കും. വാടിയ വാട്ടമടൽ പിഴിയാൻ പാകത്തിൽ ചതയ്ക്കുക. അതിനു ശേഷം പിഴിഞ്ഞ് അതിന്റെ നീരെടുക്കുക. ഒരു ടീസ്പൂൺ ആ ചാറിൽ അൽപ്പം ജീരകം വറുത്തുപൊടിച്ചതും പനങ്കൽക്കണ്ടവും ചേർത്ത് മൂന്നു നേരം കഴിക്കുക. ചുമയും കഫവും പോയിരിക്കും. അനുഭവസ്ഥർ ധാരാളം.