Skip to main content

 

തിരക്കിട്ട ജീവിതം. അതിനിടയില്‍ നമുക്ക് സമാധാനമായി ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല. അതിന്റെ സമ്മാനമായി ദഹനക്കേട് മിക്കവാറും പേര്‍ക്ക് സന്തത സഹചാരിയാണ്. ശ്രദ്ധിക്കാതിരുന്നാലോ അത് പല അസുഖങ്ങള്‍ക്കും വഴിതെളിക്കുകയും ചെയ്യും. നമ്മുടെ ഭക്ഷണ രീതിയില്‍ അല്‍പ്പസ്വല്‍പ്പം മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തിയാല്‍ കഴിക്കുന്ന ഭക്ഷണം ‘കാരണവന്‍മാര്‍ പറയുന്ന പോലെ’ നമ്മുടെ ദേഹത്ത് പിടിക്കും. അതിന് ചില പൊടിക്കൈകള്‍ ഇതാ:

 

> പപ്പായ നമ്മുടെ ആഹാരത്തിന്റെ ഒരു ഭാഗമാക്കിയാല്‍ ദഹനം നന്നായി നടക്കും.

> ഒരളവ് ചുക്കുപൊടി, രണ്ടളവ് ശര്‍ക്കരയും ചേര്‍ത്ത് ആഹാരത്തിന് തൊട്ടു മുമ്പ് കഴിച്ചാല്‍ ഒരുവിധം കട്ടിയുള്ള ആഹാരവും നന്നായി ദഹിക്കും.

> ഭക്ഷണശേഷം അല്പം പെരുംജീരകം വായിലിട്ടു ചവക്കുക. ദഹനത്തിന് ഉത്തമം.

> ചെറുനാരങ്ങാനീരും ഇഞ്ചിനീരും ഏലക്കാ പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് നല്ല ദഹനം കിട്ടും.

> ദഹനശേഷി വര്‍ധിപ്പിക്കാന്‍ ഏലക്ക പൊടിച്ചിട്ട വെള്ളം കുടിക്കുക, തുളസിയില അല്പം ഉപ്പിട്ട് തിരുമ്മി നീരെടുത്ത് കഴിക്കുക തുടങ്ങി നമ്മുടെ സൗകര്യാര്‍ത്ഥം  ചെയ്യാം.

 

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഒരു പ്രസംഗത്തില്‍ പറഞ്ഞത് ‘മൂത്രമൊഴിച്ചുണ്ണണം, മോരൊഴിക്കാതുണ്ണരുത്’ എന്നാണ്. ഊണിന് മുന്‍പ്‌ മൂത്രമൊഴിക്കണം, മോരൊഴിച്ച് അതായത് മോരില്ലാതെ ഉണ്ണരുത് എന്നാണ് വ്യംഗ്യം.

 

അജീര്‍ണം പോലുള്ള കടുത്ത ദഹനക്കേടെങ്ങാനും പിടി കൂടിയാലും പണ്ടുള്ളവര്‍ക്ക് ചില നാടന്‍ പ്രയോഗങ്ങളുണ്ട്.

 

> ഇഞ്ചിനീരില്‍ പഞ്ചസാരയും തേനും ചേര്‍ത്തു കഴിക്കുക.

> കറിവേപ്പില, കടുക്ക, ചുക്ക് എന്നിവ യഥാക്രമം 3: 2: 1 എന്ന അനുപാതത്തില്‍ കഷായം വച്ച് കഴിച്ചാല്‍ അജീര്‍ണം ഇല്ലാതാകും.

> ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.

> നെല്ലിക്കാ പൊടി മോരില്‍ ചേര്‍ത്ത് കഴിക്കുക, കറിവേപ്പില, ചുക്ക്, ഇന്തുപ്പ് തുടങ്ങിയവ സമം പൊടിച്ച്‌ ചൂടുവെള്ളത്തില്‍ കലക്കി പലതവണ കുടിക്കുക, മുരിങ്ങയുടെ തൊലിനീരെടുത്ത് ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുക.

> ഒരു ചെറിയ ഉള്ളി, നാല് ഗ്രാമ്പൂ ഇവ ചതച്ചു ഒരുഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് വറ്റിച്ച് അര ഗ്ലാസ്സാക്കി ഒന്നോ രണ്ടോ തവണ കുടിച്ചാല്‍ ദഹനക്കേട്, പുളിച്ചു തികട്ടല്‍ എന്നിവയ്ക്ക് ആശ്വാസമാകും.

> കശുമാങ്ങ സുലഭമായി കിട്ടുന്ന സമയത്ത് അതിന്റെ അരിഷ്ടം ഉണ്ടാക്കിവച്ചാല്‍ ദഹനക്കേടിനും അതുമൂലമുണ്ടാകുന്ന ഛര്‍ദ്ദിക്കും ഉത്തമമാണ്.

 അരിഷ്ടം ഉണ്ടാക്കാന്‍: കശുമാങ്ങയുടെ നീര് കട്ട് കളഞ്ഞ്‌ (പിഴിഞ്ഞെടുത്ത നീരില്‍ കുറച്ച്‌ നല്ല കഞ്ഞിവെള്ളം ചേര്‍ത്ത് ഇളക്കി കുറച്ചു സമയം വച്ചിരുന്നാല്‍ കട്ട് അടിയും) ഒരു ലിറ്ററിന് കാല്‍ കിലോ ശര്‍ക്കര ചേര്‍ത്ത് തിളപ്പിച് ആറിയശേഷം ഒരു ഭരണിക്കകത്താക്കി ഭദ്രമായി അടച്ചു കെട്ടി വച്ച് 21 ദിവസം വച്ചിരുന്ന് അരിച്ചെടുക്കുക.

> വായക്ക് ഉണ്ടാകുന്ന അരുചി മാറാന്‍ കറിവേപ്പില ഇട്ട് വെന്ത വെള്ളം കുടിച്ചാല്‍ നല്ലതാണ്.

> ചുക്ക്, തിപ്പലി, അയമോദകം, കറിവേപ്പില ഇവ സമമെടുത്ത് അല്‍പ്പം പെരുംകായവും ചേര്‍ത്ത് ഉണക്കി പൊടിച്ച്‌ സൂക്ഷിക്കുക. ദഹനക്കേട് വരുമ്പോള്‍ ഇത് പല തവണ സേവിക്കുക.

> അമിത ഭക്ഷണം കൊണ്ടുള്ള അജീര്‍ണത്തിന് ജീരകപ്പൊടിയും കുരുമുളകുപൊടിയും അല്പം ഇഞ്ചിനീരില്‍ ചാലിച്ച് കഴിക്കുക.

 

ചിലപ്പോള്‍ ദഹനക്കേട് കൊണ്ട് അതിസാരം പിടിപെട്ടാല്‍ മുന്‍പ് പറഞ്ഞ ഗ്രാമ്പൂ- ഉള്ളി കഷായം കഴിച്ചാല്‍ മാറും. കുറച്ച്‌ പഴകിക്കഴിഞ്ഞാല്‍ കീഴാര്‍നെല്ലി വേരോടുകൂടി അരച്ചെടുത്ത് മോരില്‍ (വെണ്ണ മാറ്റിയിട്ടു) കലക്കി കഴിക്കണം.

 

കൂവളത്തിന്റെ പച്ചക്കായ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ കഴിച്ചാല്‍ വയറുകടി ശമിക്കും. കൂവളക്കായുടെ മാംസളഭാഗം ഉപയോഗിച്ചുണ്ടാക്കുന്ന സര്‍വത്ത് അമീബിക് ഡിസെന്ട്രിക്ക് (വയറുകടി) വരെ അത്യുത്തമം. മാതളപ്പഴത്തിന്‍റെ തൊലി (ഇപ്പോള്‍ നല്ലതുപോലെ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തിലിട്ടുവെച്ചു കഴുകിയെടുക്കണം) ഉണക്കിപ്പൊടിച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാലും അമീബിക് ഡിസെന്ട്രിക്ക് ഒരു പരിഹാരമാകും.