കലശലായ പനിക്ക് കിരിയാത്ത് കഷായം

Glint Desk
Sat, 12-10-2019 06:00:45 PM ;

 kiriyath

കടുത്ത പനിയും ദേഹം വേദനയും വന്നാല്‍ ഇംഗ്ലീഷ് മരുന്ന് കഴിക്കാന്‍ വരട്ടെ. അതിനു മുന്‍പ് ഈ കിരിയത്ത് കഷായം ഒന്നു പരീക്ഷിച്ചു നോക്കൂ. എത്ര കലശലായ പനിയാണെങ്കിലും രാത്രിയില്‍ ഈ കഷായം കുടിച്ചു കിടന്നാല്‍ മിക്കവാറും രാവിലെ അസുഖം ഭേദമായി എഴുന്നേല്‍ക്കാന്‍ കഴിയും. രണ്ടു നേരം കൂടി ഈ കഷായം കുടിച്ചാല്‍ പനി ഏകദേശം നിശ്ശേഷം മാറനാണിട. അതു കൊണ്ടും മാറിയില്ലെങ്കില്‍ അലോപ്പതി ഡോക്ടറെ സമീപിക്കാം.

              
കിരിയാത്ത് കഷായം ഉണ്ടാക്കുന്ന വിധം നോക്കാം. ഏറ്റവും പ്രധാനം പച്ചക്കിരിയത്ത് സംഘടിപ്പിക്കുക എന്നതാണ്. മുന്‍പ് നമ്മുടെ പരിസരങ്ങളില്‍ ധാരാളമായി കണ്ടിരുന്നതാണ്. എന്നാല്‍ ഇന്ന് അവ വിരളമായേ കാണപ്പെടാറുള്ളു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കു പോലും ഈ പച്ചക്കിരിയാത്ത് ലഭ്യമാക്കാം. ഒരു കൊച്ചു ചെടിച്ചട്ടിയില്‍ ഒരു തൈ സംഘടിപ്പിച്ച് നടുകയേ വേണ്ടൂ. തെല്ലും പരിചരണമില്ലാതെ അധികം താമസിയാതെ തഴച്ച് വളര്‍ന്ന് ചട്ടി നിറഞ്ഞുകൊള്ളും. അതിന്റെ അരി എവിടെയെങ്കിലും തെറിച്ചു വീണാല്‍ അല്‍പ്പം ഈര്‍പ്പവും മണ്ണും ഉണ്ടെങ്കില്‍  അവിടെ കിടന്നും വളരുന്ന പ്രകൃതമാണ് മഹാ ഔഷധ ഗുണമുള്ള പച്ചക്കിരിയാത്തിന്. 

ആവശ്യമുള്ള സാധനങ്ങള്‍ -

1 ) പച്ചക്കിരിയാത്ത് (ഒരു പിടി ) പച്ചമരുന്നുകടയില്‍ നിന്നു വാങ്ങുന്ന ഉണക്കക്കിരിയാത്തായാലും മതി. അതാണെങ്കില്‍ പതിനഞ്ചു ഗ്രാം .
2)  ചുക്ക് - പതിനഞ്ച് ഗ്രാം
3)  മല്ലി- പതിനഞ്ച് ഗ്രാം
4 )  ദേവതാരം - പതിനഞ്ച് ഗ്രാം

കഷായം വയ്ക്കുന്ന വിധം ഇങ്ങനെ - 

ഇവയെല്ലാം കഴുകി വുത്തിയാക്കി ചതച്ച് എട്ടു ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് ഒന്നര ഗ്ലാസ്സാക്കുക.ഇതില്‍ മൂന്നിലൊന്നു ഭാഗത്തില്‍ ഒരു വെട്ടിമാറം ഗുളിക അരച്ചു ചേര്‍ത്തു കഴിക്കുക. നല്ല കയ്പുണ്ടാകും. അതിനാല്‍ കഴിച്ചതിന് ശേഷം ഇത്തിരി പഞ്ചസാരയോ കല്‍ക്കണ്ടമോ കഴിക്കാം.

Tags: