പാര്‍ട്ടിയുടെ സംബന്ധം

Glint Staff
Mon, 07-05-2018 05:45:15 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കന്‍ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ്  ആയിരുന്നെങ്കില്‍  സരസം പുരോഗമിക്കുക. 

ഇ എം എസ്സ്: നമസ്‌കാരം പണിക്കാ. എന്തുണ്ട് വിശേഷങ്ങള്‍?

കുഞ്ഞുപണിക്കന്‍: അത്ര നല്ല വിശേഷമല്ല.

ഇ എം: ഹായ്, അതെന്തു പറ്റി പണിക്കാ?

കു: ആകെ ആശയക്കുഴപ്പം. ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇ എം: ആശയക്കുഴപ്പമാണെങ്കില്‍ അതു രോഗമാകാന്‍ സാധ്യതയുണ്ട്.

കു: അല്ല, സംശയമല്ലേ രോഗമായി വളരാന്‍ സാധ്യതയുളളൂ.

ഇ എം: സംശയം ദാമ്പത്യത്തില്‍ മാത്രമേ രോഗമായി മാറാന്‍ സാധ്യതയുള്ളൂ. ദാമ്പത്യം തന്നെ രോഗമാണെന്നല്ലേ ഇപ്പോള്‍ അവിടെയുള്ള പുരമോഗമനചിന്താഗതിക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

കു: കമ്മ്യൂണിസം വിജയിക്കുന്നതിന്റെ ലക്ഷണമായി മനസ്സിലാക്കുന്നു. സ്‌റ്റേറ്റ് ഇല്ലാതാകുന്നതു പോലെ കുടുംബം എന്ന സ്ഥാപനവും ഇല്ലാതാകുന്ന ആ നല്ല ലക്ഷണം.

EMS

 

ഇ എം: ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോകരുത്. പണിക്കന്റെ ആശയക്കുഴപ്പമാണ് ഇവിടെ ചര്‍ച്ചാവിഷയം. അതില്‍ നിന്നും തെന്നിമാറിപ്പോകാന്‍ പാടില്ല.

കു: നമ്മുടെ ഇരുപത്തിരണ്ടാം പാര്‍ട്ടികോണ്‍ഗ്രസ്സ് ഇപ്പോള്‍ കഴിഞ്ഞുവല്ലോ. അങ്ങയുടെ ശിഷ്യന്മാര്‍ തമ്മിലുള്ള ബലപരീക്ഷണമായിരുന്നു. സീതാരാമന്‍ തന്നെ ജയിച്ചു. അതൊക്കെ ശരി. പക്ഷേ ആശയക്കുഴപ്പം പാര്‍ട്ടികോണ്‍ഗ്രസ്സ് തീരുമാനം സംബന്ധിച്ചാണ്.

ഇ എം: അങ്ങനെ വരാന്‍ വഴിയില്ലല്ലോ പണിക്കാ. എല്ലാ ആശയക്കുഴപ്പങ്ങള്‍ക്കും വ്യക്തത വരുത്താന്‍ വേണ്ടിയല്ലേ പാര്‍ട്ടികോണ്‍ഗ്രസ്സ് തന്നെ. പാര്‍ട്ടികോണ്‍ഗ്രസ്സ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നു പറയുമ്പോള്‍ പാര്‍ട്ടിക്ക് രോഗം പിടിപെട്ടുവെന്നാണോ സമര്‍ത്ഥിക്കുന്നത്?

കു: മാപ്പാക്കണം. അങ്ങനെ അടിയന്‍ ഉദ്ദേശിച്ചിട്ടില്ല. കോണ്‍ഗ്രസ്സുമായി ധാരണയാകാം, സഖ്യം പാടില്ല എന്ന തീരുമാനമാണ് ആശയക്കുഴപ്പത്തിനു കാരണം.

ഇ എം: ചരിത്രം അതേ പടി ആവര്‍ത്തിക്കും. പണിക്കന്റെ ചരിത്രബോധമൊക്കെ നശിച്ചോ?

കു: ഇപ്പോള്‍ ചരിത്രവായന കമ്മിയാണ്. എങ്കിലും മനസ്സിലാകുന്നു, പൈങ്കിളിക്കു പകരം വയല്‍ക്കിളികള്‍ പോലെ ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ ഉണ്ടായിരുന്ന സംശയം ഇപ്പോള്‍ മാറി.

ഇ എം: ഇപ്പോ മനസ്സിലായില്ലേ, സംശയം മാറ്റാവുന്നതാണ്. അത് ദാമ്പത്യത്തിലല്ലാതെ മറ്റൊന്നിലും രോഗമാവില്ലെന്ന്.

കു: അപ്പോള്‍ ധാരണയെയും സഖ്യത്തേയും പഴയ കാല സംബന്ധം, കല്യാണം എന്നിവ പോലെ മനസ്സിലാക്കാന്‍ പറ്റുമോ?

ഇ എം: തെറ്റില്ല. ധാരണ സംബന്ധം തന്നെ. കാരണം അവിടെ ബന്ധപ്പെടുന്നു. എന്നാല്‍ കെട്ടുപാടുകളില്ല. സ്വാതന്ത്ര്യമുണ്ട്. അതേ സമയം പ്രായോഗികതയുടെ എല്ലാ സാധ്യതകളുമുണ്ട്.  ഉത്തരവാദിത്വമില്ല. എന്നാല്‍ സഖ്യം അതല്ല. അത് കരാറാണ്. ആ കരാറില്‍ ഉത്തരവാദിത്വമുണ്ട്. അതൊരു ബാധ്യതയാണ്. ഇപ്പോ ആശയക്കുഴപ്പം മാറിയോ. ഇപ്പോ മനസ്സിലായില്ലേ പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ പ്രാധാന്യം?

കു: വ്വ്, ആശയക്കുഴപ്പം മാറി. എല്ലാം മനസ്സിലായി. ചരിത്രം അതേ പടി ആവര്‍ത്തിക്കുന്നു എന്നുള്ള പ്രയോഗത്തിന്റെ പ്രായോഗികതയും പിടികിട്ടി. സമാധാനമായി രോഗാവസ്ഥയില്‍ നിന്ന് രക്ഷിച്ചതിന് അടിയന്‍ കടപ്പെട്ടവനായിരിക്കും.

 

Tags: